ലേഡി ബേർഡ് (കവിത – റാണി സുനിൽ)

sponsored advertisements

sponsored advertisements

sponsored advertisements

5 February 2022

ലേഡി ബേർഡ് (കവിത – റാണി സുനിൽ)

രിപ്പച്ചില്ലകൾക്കിടയിലൂടെ
ഞെട്ടറ്റുവീണ
ഒരുതുള്ളി നീലാകാശം
ചില്ലുകണ്ണാടിയിൽ തൊട്ടതും
നീലയുടുത്തൊരു ഒറ്റക്കിളി
ഓളങ്ങളേയും കൊത്തി
പറന്നുപോയി.

വരക്കുപുറത്തു
നിറം പകരാൻ
അനുവാദമില്ലാത്ത പച്ചവരമ്പിനെ,
നിഴൽ തൊട്ടാശ്വസിപ്പിക്കുന്നു
എതിർവരമ്പിലെ ചില്ലകൾ.

പകലിലെക്ക് പറന്നിറങ്ങിയ
അപ്പുപ്പൻ താടിയിൽ
മുറുകിപ്പിടിച്ചൊരു മനസ്സ്
ആകാശം തൊട്ടുവന്നു.

നീരസങ്ങളെ രസങ്ങളാക്കി,
പ്രഭാതസവാരിയിൽ
മധുരക്കാഴ്ച്ചയൂട്ടുന്ന
ഈ പുലരിയെ കാണാത്ത കണ്ണുകളേ..
ഈ നഷ്ടം നീങ്ങളെങ്ങനെ നികത്തും.?!

ദിവസവും
മഞ്ഞുകണ്ണാടിയിൽ-
മുഖം മിനുക്കുന്ന
ഈ കുഞ്ഞൻ ലേഡിബേർഡിന്റെ
ചിറകിൽ
ഞാനെന്റെ കണ്ണുകളെ ഇന്ന്
ഒളിപ്പിച്ചു വെക്കും.

റാണി സുനിൽ