പത്ത് പതിനഞ്ച് വർഷം മുൻപത്തെ കാര്യമാണ് പറയാൻ പോകുന്നത്..കല്യാണ ദിവസം പെൺകുട്ടി ചെറുക്കന്റെ വീട്ടിൽ പോകാൻ നേരം എല്ലാവരേയും കെട്ടിപിടിച്ചു കരയുക എന്ന ഒരു ചടങ്ങ് ഇപ്പോൾ ഉണ്ടല്ലോ! യുട്യൂബിലും ഇൻസ്റ്റയിലും ഒക്കെ അങ്ങനെ കുറേ വീഡിയോസ് സെന്റി മ്യൂസിക്ക് ഒക്കെ ഇട്ടു കാണിക്കുമ്പോൾ ഞാൻ ഒന്നൂടെ കെട്ടിയാലോ എന്നിട്ട് മാക്സിമം വലിയവായിൽ കരയുന്ന ഒരു വീഡിയോ കൂടെ എടുത്താലോയെന്നാലോചിക്കാറുണ്ട്.
തൃശ്ശൂർ ഭാഗത്ത് ഹിന്ദു വധൂവരന്മാർ കല്യാണദിവസം വധുവിന്റെ വീട്ടിൽ ആയിരിക്കും ആദ്യ ദിവസം താമസിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാ കെട്ടു കഴിഞ്ഞു ഇറങ്ങുമ്പോൾ എല്ലാവരും കരയുന്നത് എന്നു എനിക്കു അന്നൊന്നും മനസ്സിലായിരുന്നില്ല, ഇങ്ങോട്ടു തന്നെയല്ലേ അന്നേദിവസം തിരിച്ചു വരാൻ പോകുന്നത്.
എന്റെ കാര്യം പറയാം, കെട്ടു കഴിഞ്ഞ് കാറിൽകയറാൻ നേരം ഞാനൊഴിച്ച് അവിടെ കൂടി നിന്നവരെല്ലാം കരച്ചിലോട് കരച്ചിൽ,ഞാൻ നോക്കുമ്പോൾ ക്യാമറാമാൻ ചേട്ടൻ കണ്ണു തുടക്കുന്നു, എപ്പോഴും അടി ഉണ്ടാക്കിയിരുന്ന അനിയൻ കരയാൻ മുട്ടി നിൽക്കുന്നു.അയൽവക്കത്തെ ചേച്ചി കരയുന്നു, ഇതു കണ്ട് പേരറിയാത്ത നാട്ടുകാരൻ ചേട്ടൻ കരയുന്നു,അങ്ങനെ എല്ലാവരും കരച്ചിലോട് കരച്ചിൽ.
അപ്പോഴാണ് എന്റെ വലതു വശത്തു നിക്കുന്ന ആൾ കണ്ണീർ തുടക്കുന്നു.. ങ്ങേ!!!ഇവിടെ ഞാനല്ലേ കരയേണ്ടത്, ഇങ്ങേരിതെന്തിനാണാവോ കരയുന്നേ എന്നു ആശ്ചര്യപ്പെട്ടെങ്കിലും എനിക്കു മാത്രം എന്താ ഒരിറ്റു കണ്ണീർ വരാത്തേയാവോ, നാളെ അല്ലേ ഒറിജിനൽ യാത്രയയപ്പ് അപ്പോ കരച്ചിൽ വരുമായിരിക്കും എന്നും വിചാരിച്ച് കാറിൽ കയറി എല്ലാവരേയും നോക്കി ചിരിച്ച്കൈവീശി,
‘അവൾക്കു വല്ല വിഷമവും ഉണ്ടോന്നു നോക്ക് ഭയങ്കരി തന്നെ’ എന്നു പിന്നാമ്പുറ അടക്കിപറച്ചിലുകൾ കേട്ടപോലേ തോന്നിയിരുന്നു.. ഓ അതൊക്കെ പറയട്ടേന്നേ ! ആര് മൈൻഡ് ചെയ്യുന്നു.
(അച്ഛമ്മ, അച്ഛാച്ഛൻ, അച്ഛന്റെ മൂന്ന് സഹോദരിമാർ എല്ലാവരുടേയും പൊന്നോമനയായിട്ടാണ് ഞാൻ വളർന്നത്,
താഴത്തു വച്ചാൽ ഉറുമ്പു കടിക്കും തലയിൽ വച്ചാൽ…. .. എന്ന ചൊല്ല് കേട്ടിട്ടില്ലേ, ആ ഒരു സെറ്റപ്പിലാണ് ഞാൻ വളർന്നു വന്നത്. വീട്ടുകാരുടെ മാത്രം കണ്ണിലുണ്ണി ആയിരുന്നു, നാട്ടുകാർക്കും ബന്ധുക്കൾക്കും കണ്ണെടുത്താൽ കണ്ടു കൂടായിരുന്നു..
അതും കൂടെ ഇവിടെ പറയണമല്ലോ )
അങ്ങനെ പിറ്റേന്നു വധൂവരന്മാരെ ചെറുക്കന്റെ വീട്ടിൽ കൊണ്ടു വിടാൻ കുറേ ബന്ധുക്കൾ വന്നിരുന്നു..
അച്ഛമ്മ,അച്ഛന്റെ സഹോദരി എല്ലാം രാവിലെ മുതൽ തുടങ്ങിയ കരച്ചിലാണ്. ചെറുക്കന്റെ വീട്ടിൽ സദ്യ കഴിഞ്ഞ് എല്ലാവരും യാത്ര പറച്ചിൽ ആണ്,ഞാൻ മാത്രം കരഞ്ഞില്ല അപ്പോഴും ഞാൻ വിചാരിച്ചതു രണ്ടു ദിവസം കഴിഞ്ഞാൽ അങ്ങോട്ടു തന്നെയല്ലേ പോകുന്നത്. പിന്നെ എന്താ പ്രശ്നം.ഇവരൊക്കെ ഇങ്ങനെ സെന്റി ആയാൽ എങ്ങനെ ജീവിക്കാനാ എന്നും മനസ്സിൽ കരുതി..അന്നും ചെറുക്കൻ അവരുടെ കൂടെ കരഞ്ഞു അവരെ സമാധാനിപ്പിച്ചു ..
ആരെങ്കിലും കരയുന്നതു കണ്ടാൽ കൂടെ കരയുന്ന ലോലഹൃദയനായിരുന്നു ചെറുക്കൻ എന്ന സത്യം ഞാൻ അന്ന് തിരിച്ചറിഞ്ഞു.
രണ്ടാഴ്ച്ചക്കു ശേഷം ‘പൂനെ’ പോകണം.അവിടെ ആണ് ഇനി മുതലുള്ള ജീവിതം.അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്റെ വീട്ടിലുള്ളവരും ചെറുക്കന്റെ വീട്ടിലുള്ളവരും അയൽവക്കക്കാരും ബന്ധുക്കളും എല്ലാം കരച്ചിൽ ആയിരുന്നു..ഞാൻ മാത്രം കരയാതേ പിടിച്ചു നിന്നു.അച്ഛാച്ഛൻ,അച്ഛമ്മ അമ്മായിമാർ എല്ലാം കരച്ചിലോടു കരച്ചിൽ..
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും എന്നിട്ടും ഇവൾ കരഞ്ഞില്ലേയെന്ന്!
കാറിൽ കയറി കഴിഞ്ഞപ്പോഴാണ് ഞാൻ കരഞ്ഞത്..രാത്രി ആയ കാരണം ആരും കാണാതേ കരഞ്ഞു ..അന്ന് യാത്രയാക്കാൻ വന്ന എല്ലാവരും കരുതിയിട്ടുണ്ടാകും ഇവളെന്താ ഇങ്ങനെയെന്ന്..അന്ന് ഞാനും അവരുടെ കൂടെ കരഞ്ഞിരുന്നെങ്കിൽ അതു ഒരു കൂട്ടക്കരച്ചിൽ ആയി മാറിയേനേയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അച്ചാച്ഛന്റെ കരച്ചിൽ മാത്രം കണ്ണിൽ നിന്ന് പോകാതേ അങ്ങനെ ഇപ്പോഴുമുണ്ട്..
അതു ഒരു വല്ലാത്ത അനുഭവം തന്നെയാണ്.25 കൊല്ലം ജീവിച്ച വീടും നാടും വിട്ട് പുതിയൊരു ആളുടെ കൂടെ പുതിയൊരു സ്ഥലത്തേക്ക്, പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചു പോകുന്നു. അന്ന് ആൻഡ്രോയ്ഡ് ഫോണൊന്നും ഇറങ്ങിയിട്ടില്ല, ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലായാലും എപ്പോൾ വേണമെങ്കിലും നാട്ടിലുള്ളവരെ കാണാൻ സാധിക്കുമല്ലോ,
മൂന്നാഴ്ച്ച കഴിഞ്ഞായിരുന്നു അടുത്ത കരച്ചിൽ, അച്ഛനും അമ്മയും ഞങ്ങളെ പൂനെയിൽ കൊണ്ടു വിടാൻ വന്നിരുന്നു.. മൂന്ന് ആഴ്ച്ച കഴിഞ്ഞ് അവർക്കു പോകാൻ നേരമായി. അപ്പോഴാണ് അമ്മയുടെ കരച്ചിൽ തുടങ്ങുന്നത്.. ട്രൈയിനിൽ കയറിയിരുന്നു അമ്മ കരച്ചിൽ തുടങ്ങി, അച്ഛൻ കരച്ചിലിന്റെ വക്കിൽ നിൽക്കുന്നു… ട്രൈയിൻ കണ്ണിൽ നിന്നു മാഞ്ഞുതുടങ്ങിയപ്പോൾ അടുത്തു നിൽക്കുന്ന ആൾ കണ്ണു തുടക്കുന്നു. ആകെ മൊത്തം എത്ര കരച്ചിലായി ഇപ്പോൾ ഈ മനുഷ്യൻ എന്നും ഞാൻ കരുതിയിരുന്നു.
അന്ന് വീട്ടിലെ അച്ചടക്കത്തിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും പുറത്തു കടക്കാൻ പറ്റിയതിന്റെ ആകാംക്ഷയായിരുന്നു കൂടുതൽ എന്നു തോന്നുന്നു.അതുകൊണ്ടാണ് ഈ പറിച്ചുനടൽ അത്ര സീരിയസ്സായി ഞാൻ ഉൾകൊള്ളാഞ്ഞതെന്നാണ് എന്റെ ഒരു നിഗമനം.
പക്ഷേ പിന്നീട് പലപ്പോഴും നാട്ടിൽ നിന്നും വീട്ടിൽ നിന്നും അകലെയായതിന്റെ വിഷമം തോന്നിയിട്ടുണ്ട്.. ആവശ്യ സമയങ്ങളിൽ അമ്മായിമാരുടേയും അച്ഛനമ്മമാരുടെ അടുത്തും ഇല്ലാതായല്ലോ എന്നു വിഷമിച്ചിട്ടുണ്ട്.
ഇവിടെ അമേരിക്കയിൽ വന്നതിൽ പിന്നെ വളരെ വളരെ അകലെയാണെന്ന തോന്നൽ കൊണ്ടാണോ എന്നറിയില്ല ഓണം,വിഷു, പിറന്നാൾ ദിനം എല്ലാവർഷവും ചെറിയ വിഷമം തോന്നാറുമുണ്ട്, കണ്ണു നനയാറുമുണ്ട്.