സ്നാനം ( കവിത -സുഭാഷ് പോണോളി )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 February 2022

സ്നാനം ( കവിത -സുഭാഷ് പോണോളി )

നിന്റെ വിഷാദങ്ങളുടെ ഉടഞ്ഞ സ്ഫടിക ജാലകങ്ങളിൽ ഉരുകിത്തീരുന്ന സൂര്യനാണു ഞാൻ.

വ്യാകുലതയുടെ വലിയ
ചന്ദ്രക്കലകൊണ്ട്
പൊള്ളി കറുത്ത പോയ സൂര്യൻ.

നീ എനിക്കൊരു മൃതിഘടികാരത്തിന്റെ സൂചി തരൂ,

പാപങ്ങളുടെ
ജലയാഴങ്ങളിൽ
നിർവികാരങ്ങളുടെ
നീർക്കുമിളകളായി
പൊട്ടിച്ചിതറട്ടെ ഞാൻ.

കടൽ കുടിച്ചു വറ്റിച്ച ഭൂമിയെപ്പോലെ നീ യെന്റെ കവിത കുടിച്ചു വറ്റിക്കുക.
എന്നെ നീ മരുഭൂമിയാക്കുക.

താപ പെരുക്കങ്ങളുടെ അവസാന കണികയിൽ
വെള്ളിടി
വെട്ടിയുണരുന്ന നിന്നിലെ
യിരമ്പലുകൾ.

നിന്റെ സമുദ്രയാഴങ്ങളിലെ കറുത്ത സ്രാവുകൾ
കരയടിഞ്ഞവന്റെ
കുടൽമാല ഭക്ഷിക്കട്ടെ.

നിന്റെ മോക്ഷ കുതിരകൾ തേരോടിച്ച എന്റെ ജൈവതടങ്ങളിൽ ശകുനം പിഴച്ച പ്രേതാത്മാക്കൾ
വരി നിന്നുപെരുകുന്നു.

വിളറിപ്പിളർന്ന സ്വപ്നാടന സന്ധ്യയിൽ ഇടിമിന്നലിനൊപ്പമെന്റെ ജഡം കടലിലെ റിയുക,

പുതിയ ലോകത്തിന്റെ വാഴ്ത്തലുകളിൽ നിന്നും നീ പുതിയ സിംഹാസനങ്ങളിൽ ഉപവിഷ്ടയാവുക.

പ്രണയത്തിന്റെ ചുട്ടുപഴുത്ത
വെയിൽ മേടുകളിൽ
ചുടു നെടുവീർപ്പിന്റെ
നിശ്വാസങ്ങൾ
ആവിയായി ആകാശങ്ങളിൽ കാത്തുനിൽക്കുന്നു,

പെരുമഴക്കാലങ്ങൾക്കായി,

നമ്മളിൽ മനോഹര തീരങ്ങളില്ലാതെ ഞാൻ മരണത്തിന് സ്നാനപ്പെടുന്നു.

നീകുരിശു
വരച്ചേയ്ക്കുക.