PRAVASI

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യത

Blog Image

ദില്ലി: സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി എത്താൻ സാധ്യത തെളിഞ്ഞു. പിബിയിൽ തുടരുന്ന നേതാക്കളിൽ മുതിർന്ന അംഗത്തെ പരിഗണിക്കാൻ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണിത്. പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. അശോക് ധാവ്ലെയുടെ പേര് വടക്കേ ഇന്ത്യൻ ഘടകങ്ങൾ ഉയർത്തിയെങ്കിലും കേരള നേതാക്കൾ ഇത് അംഗീകരിച്ചില്ല.സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ തുടങ്ങാനിരിക്കെ ജനറൽ സെക്രട്ടറി ആരാകും എന്നതിന് ഏതാണ്ട് ഉത്തരമാകുകയാണ്. പ്രായപരിധിയിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് തന്നെ സൂചന നല്കിയിരുന്നു. വൃന്ദ കാരാട്ടിന് ഇളവു നല്കിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമായി.എന്നാൽ പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തർക്കങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിണറായി വിജയന് മാത്രം ഇളവും നല്കിയാൽ തുടരുന്ന അംഗങ്ങളിൽ കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി എം.എ. ബേബിക്കാണ്. കേരളഘടകത്തിനും കേന്ദ്രത്തിൽ കൂടുതൽ നേതാക്കൾക്കും ബേബി സ്വീകാര്യനാണ്. ഈ സാഹചര്യത്തിലാണ് ബേബിയുടെ പേര് നിർദ്ദേശിക്കാനുള്ള ധാരണയിലേക്ക് ചർച്ചകൾ എത്തിയിരിക്കുന്നത്.

ബേബി ആയാൽ ഇഎംഎസിനു ശേഷം ആദ്യമായാകും കേരള ഘടകത്തിൽ നിന്ന് ഒരാൾ ഏറ്റവും ഉയർന്ന പദവിയിൽ എത്തുക. മുഹമ്മദ് സലീം അശോക് ധാവ്ലെ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു. സലീമിന് തല്ക്കാലം ബംഗാളിൽ നില്ക്കാനാണ് താല്പര്യം. മഹാരാഷ്ട്രയിലെ ലോംഗ് മാർച്ച് അടക്കം നയിച്ച് പാർട്ടിയിൽ സ്വീകാര്യത നേടിയ അശോക് ധാവ്ലെയോട് എന്നാൽ പാർട്ടിയിലെ പ്രബല വിഭാഗത്തിന് താല്പര്യമില്ല.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.