തലേദിവസം അത്താഴ സമയത്തു് വീട്ടിൽ യജമാനൻ യജമാനത്തിയോട് പറയുന്നത് ഊണുമേശക്കു താഴെ ഇരുന്നുകൊണ്ട് മണ്ടൻ പൂച്ച ശ്രദ്ധിച്ചു . നമ്മുടെ നെൽപ്പാടം മുഴുവൻ എലികളാണ് . കതിര് പാകുന്നകാലത്ത് എലിശല്യമുണ്ടായാൽ നെല്ലിന് കുഴപ്പമാണ്. അടുത്തുള്ളവർക്കൊക്കെ കോഴികൾ ഉള്ളതിനാൽ വിഷംവയ്ക്കാനും വയ്യ. എന്തേലും അടിയന്തരമായി ചെയ്തേപറ്റൂ. "നമ്മുടെ മണ്ടനെ അങ്ങോട്ട് കൊണ്ടുപോയാലോ" അമ്മച്ചിയുടെ അഭിപ്രായം കേട്ടപ്പോൾ പൂച്ചക്ക് അഭിമാനംതോന്നി. പക്ഷെ യജമാനന്റെ കമെന്റ് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല " അവൻ എലികളെപിടിക്കുന്നതിനു പകരം എലികൾ അവനെ പിടിച്ചു ശാപ്പിടും അത്രയ്ക്ക് മണ്ടനാ... .
എല്ലാവരും അത്താഴം കഴിഞ്ഞുപിരിഞ്ഞുപോയി . നടത്തിണ്ണയിൽ കുത്തിയിരുന്ന് അവൻചിന്തിച്ചു, താൻ എന്തേലും അടിയന്തരമായി ചെയ്തെ പറ്റൂ അല്ലെങ്കിൽപിന്നെ പൂച്ചയാണെന്നുപറഞ്ഞു നടന്നിട്ടു കാര്ര്യമില്ല .
മണ്ടൻ എന്ന് യജമാനത്തി അമ്മച്ചി വിളിക്കുന്നതാണ്. ചെറുപ്പത്തിൽ താൻ ഏതോ വലിയ മണ്ടത്തരംകാണിച്ചു അന്നുമുതൽ എല്ലാവരും അവനെ മണ്ടൻപൂച്ച എന്നാണ് വിളിക്കുന്നത്. ഇപ്പൊ മണ്ടത്തരമൊന്നും കാട്ടാറില്ല എങ്കിലും പേര് വീണത് വീണതാ. താൻ ഒരു മണ്ടനാണെന്ന ആ വിചാരം ഒന്ന് മാറ്റാനുള്ള അവസ്സരംകൂടിയാണിത് അവനോർത്തു . നാളെയാകട്ടെ കാണിച്ചുകൊടുക്കാം ആഎലികളെ. അവൻ കച്ചിപ്പെരയിൽ പോയികിടന്നുറങ്ങി.
പിറ്റേന്ന് വീട്ടിലെ അമ്മച്ചി പൊട്ടചട്ടിയിൽ വച്ചുകൊടുത്ത ചോറും മീനിന്റെ അവശിഷ്ടങ്ങളും വയറുനിറച്ചുകഴിച്ച് എംപോക്കാവുംവിട്ട് മണ്ടൻ പൂച്ച മെല്ലെ വേലിക്കിടയിലൂടെ, തന്റെ വാലുടക്കാതെനൊത്തുകടന്ന് കണ്ടത്തിന്റെ ചിറയിലേക്കിറങ്ങി . സാധാരണ അവിടുത്തെ തെങ്ങിൻചുവട്ടിലെ തണലിൽ അൽപനേരം കിടന്നുറങ്ങുകയാണ്പതിവ്. അതിന്റെ തയ്യറെടുപ്പായി പച്ചവിരിച്ച നെല്പാടത്തിലേക്കു കണ്ണുംനട്ട് കുറച്ചുനേരം അവനിരുന്നു.
അങ്ങേത്തലക്കൽ തെങ്ങുംതോപ്പുവരെ നീണ്ടു നിവർന്നു കിടക്കുന്നത് തന്റെ യജമാനന്റെവക നെൽപാടമാണ്. അതിനകത്തെല്ലാം എലികൾ അതിക്രമിച്ചു കയറിയിരിക്കുന്നു അതോർത്തപ്പോൾ അവനു ദേഷ്യംവന്നു . ഈയുള്ളവനിവിടെ ഒരു കണ്ടൻപൂച്ചയായിട്ടുള്ളപ്പോൾ അതനുവദിച്ചുകൂടാ.
അങ്ങനെയിരിക്കുമ്പോൾ അതാ അങ്ങ് ദൂരെ അവനു കാണാം നടുവരമ്പിലൂടെ എന്തോ ഒരു ജീവി നടന്നുനീങ്ങുന്നു, എന്തുജീവിയാണതെന്നുവ്യക്തമല്ല. വല്ല എലിയോമറ്റോ ആണോ അവൻ ഒന്നുകൂടെ സൂക്ഷിച്ചുനോക്കി. ഏതായാലും എലിയല്ല മറ്റേതോ വൃത്തികെട്ട ജീവിയാണ് അതിനെ താൻ ഇതിനു മുൻപ് കണ്ടിട്ടില്ല.
ഉറക്കം തത്കാലത്തേക്ക് ഒന്ന് മാറ്റിവയ്ക്കാം, യജമാനന്റെ നെല്ലിന്റെ സുരക്ഷയല്ലേ പ്രധാനം അവന്റെ ഉത്തരവാതിത്വബോധം ഉണർന്നു . അവൻ വെള്ളമൊഴുകുന്ന ചാല് ഒറ്റച്ചാട്ടത്തിന് അക്കരെകടന്നു. പമ്മിപ്പമ്മി ആ ജീവിയുടെ അടുത്തെത്തി, മുകളിലൂടെ ചാടി അതിന്റെ മുന്നിലെത്തി തടഞ്ഞുനിർത്തി. നില്ലെടാഅവിടെ നീ ആരാണ്. ഒന്നും മിണ്ടാതെനിന്ന ആ ജീവിയെനോക്കി അത്ഭുതപ്പെട്ട് അവൻ മനസ്സിൽ ചിന്തിച്ചു, ഇവനാള് കൊള്ളാമല്ലോ കുറെകാലുകൾ ഒക്കെയായിട്ട് , എനിക്കാണെങ്കിൽ നാലുകാലേയുള്ളു . ഇതിപ്പോ എട്ടോ പത്തോ കാലുകളുണ്ട്. മുൻവശത്തെ കലാണെങ്കിൽ കത്രികപോലെ മൂർച്ചയുള്ളതും.
ഞാൻ "ഞണ്ട് " ആ ജീവി സൗമ്യമായി പേരുപറഞ്ഞു. ഈ കണ്ടത്തിലെ ഒരന്തേവാസിയാണ് . ചെറിയ ചെറിയ മത്സ്യങ്ങളും പിന്നെ ഈ ചേറിനുള്ളിലെ പുഴുക്കളും കീടങ്ങളും തിന്നുജീവിക്കുന്നു. ദയവുചെയ്ത് ഉപദ്രവിക്കരുത് ഞാൻ പൊയ്ക്കൊള്ളട്ടെ.
"ഞണ്ടോ " എന്നാ പേരാടാ ഇത് , നീ എന്തിനാടാ അനുവാദമില്ലാതെ എന്റെ യജമാനന്റെ വയലിൽ കയറിയത്.
നിന്റെ യജമാനന്റെ കണ്ടമോ ഞാൻ ജനിച്ചതു തന്നെ ഇവിടെയാണ് അതിനാൽ ഇതെന്റെ തറവാടാണ്, വഴിതടയാതെ മാറിനിൽക്ക് ഞണ്ടു പറഞ്ഞു.
എന്തെല്ലാം പറഞ്ഞിട്ടും അവൻനിൽക്കാതെ മുന്നോട്ടുപോകാനാണ്ഭാവം. അങ്ങനെ വിട്ടാൽകൊള്ളാമോ മണ്ടൻ തന്റെകൈ അവന്റെനേർക്കോങ്ങി . പെട്ടന്നവൻ തന്റെ കൈകളുയർത്തി അരുത്എന്ന് പറയാനും തടയാനും നോക്കി. ആഹാ അത്രക്കായോ ഞാൻ ആരാണെന്ന് നിനക്കറിയാമോ. ഈ പാടത്തിന്റെ യജമാനന്റെ വീട്ടിലെ വളർത്തുപൂച്ചയാണ്. നീ ആരാണെങ്കിലും എനിക്കെന്നാ എന്നഭാവത്തിൽ ഞണ്ടു മുന്നോട്ടുനടക്കാൻ വീണ്ടും ഭാവിച്ചു. ഒരു വൃത്തികെട്ട പേരും രൂപവും ഇപ്പോൾ വൃത്തികെട്ട ശബ്ദവും സ്വഭാവവും പൂച്ച ഞണ്ടിനെ പ്രകോപിപ്പിച്ചു .
എനിക്ക് വൃത്തികെട്ട രൂപമാണെന്നു നിനക്കുതോന്നുണ്ടെങ്കിൽ ഈരൂപം ദൈവം എനിക്കുതന്നതാണ്. അതുകൊണ്ടെനിക്ക്ത് ഇഷ്ട്ടമാണ് അത് തന്നെയുമല്ല .ഞാൻ ഈ നെല്ചെടികൾക്ക് ഉപകാരിയുമാണ്. മണ്ടൻ ചോദിച്ചു... എന്തുപകാരം?. അതൊ ... നെൽച്ചെടികൾക്കിടയിലൂടെ എന്റെ ഇത്രയും കാലുകളുമായി നടക്കുമ്പോൾ ഇടക്കുള്ള മണ്ണിനെ ഇളക്കികൊണ്ടാണ് ഞാൻനടക്കുന്നത്. തന്നെയുമല്ല ഇടയിലുള്ള നെൽച്ചെടിക്ക് ഉപദ്രവകാരികളായ ജീവികളെയും കളകളെയും വളരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു, അതൊന്നും അറിയാഞ്ഞിട്ടാണ് നീ എന്നെ തടഞ്ഞു നിർത്തിയത്.
അധികപ്രസ്സംഗം നടത്തുന്നൊ? ദേഷ്യം മൂത്ത പൂച്ച തന്റെ ഇടതുകൈ കൊണ്ട് ഒരുതട്ടുകൊടുത്തതും ഞണ്ട് തന്റെ വലതുവശത്തെ വലിയകാലിലെ മൂർച്ചയുള്ള ഭാഗം കൊണ്ട് ഇറുക്കിയതും ഒരുമിച്ചായിരുന്നു.
മണ്ടൻപൂച്ചയുടെ നല്ലജീവൻ പോയി അവൻ ഉച്ചത്തിൽ നിലവിളിച്ചു . ഞണ്ടു പിടിമുറുക്കിക്കൊണ്ടുപറഞ്ഞു. എന്നോട് കളിക്കുന്നവരെ ഞാൻ വെറുതെ വിടില്ല. മണ്ടൻ വലിക്കുന്നതിനനുസ്സരിച്ചു വേദനയും കഴപ്പും കൂടിക്കൊണ്ടിരുന്നു. വേദനയാൽ പുളഞ്ഞ മണ്ടനും പിടിച്ചാൽപിടിവിടാത്ത ഞണ്ടും വരമ്പിൽനിന്നും നെല്ലുകൾക്കിടയിലേക്കുവീണു. തമ്മിലുള്ള മല്പിടുത്തത്തിനാൽ ആ ഭാഗത്തെ നെൽച്ചെടികൾ വളയുകയും ഒടിയുകയും ചിലതൊക്കെ ചെളിക്കടിയിലേക്കു പൂഴ്ന്നു പോകുകയും ചെയ്തു. വേദനയാൽ പുളഞ്ഞ മണ്ടന്റെ ശക്‌തമായ ഉരുളിച്ചയും കുടച്ചിലും മൂലം ഞണ്ടു പിടിവിട്ടു, അത് നെല്ചെടികൾക്കിടയിലൂടെ ഓടിമറഞ്ഞു.
വേദനയിലും അതോടൊപ്പം യജമാനന്റെ നെൽച്ചെടികൾ നശിച്ചതിലുള്ള സങ്കടത്തിലും നിന്ന മണ്ടന്റെമുതുകത്ത് അവിചാരിതമായി വീണ കുറുവടികൊണ്ടുള്ള അടിയും പുറകെ വന്ന ശക്തമായ ശകാരവും കേട്ട് അവൻ ഞെട്ടിത്തരിച്ചു. അതാ തന്റെ യജമാനൻ ദേഷ്യത്താൽ വിറച്ചുകൊണ്ട് നിൽക്കുന്നു... "നെല്ലിനിടയിലാണോടാ നിന്റെ കളി അസ്സത്തുപൂച്ചേ" യജമാനൻ ഗർജിച്ചു .
അവന്റെ സർവ്വനാഡിയും തളർന്നപോലെയായി, അടുത്ത അടി മുതുകത്തുവീഴുന്നതിനുമുമ്പേ ഒരുതരത്തിൽ നെൽച്ചെടികൾക്കിടയിലൂടെ ഓടി, വെള്ളം നിറഞ്ഞചാല് വെപ്രാളത്തോടെനീന്തിക്കടന്നു. കണ്ണിൽ ഇരുട്ടായിരുന്നതിനാൽ വേലിയുടെ വിടവൊന്നും കാണാൻപറ്റിയില്ല മുട്ടിയും തട്ടിയും വീണും ഒരുവിധത്തിൽ വീട്ടിലെത്തി കച്ചിപുരക്കകത്തു കയറിഒളിച്ചു. ഞണ്ടിറുക്കിയ കൈ വേദനിച്ചിട്ടുവയ്യ അതിലുംവേദന മുതുകത്തുണ്ട്. അതിലൊക്കെ വേദന യജമാനന്റെ നെൽച്ചെടിനശിച്ചതിൽ മനസ്സിലുണ്ട് . അവൻ തേങ്ങി തേങ്ങി കരഞ്ഞു, അങ്ങനെ കിടന്നുറങ്ങിപോയി.
മണ്ടാ... മണ്ടാ... എന്നുള്ള വിളികേട്ടാണുണർന്നത്. ഈ മണ്ടൻ എവിടെപ്പോയികിടക്കുവാ. ചട്ടിയിൽ ചോറും മീൻമുള്ളുകളുംആയിട്ട് അവന്റെ യജമാനത്തിഅമ്മച്ചി വിളിച്ചപ്പോൾ . അകത്തുനിന്ന് യജമാനൻ വിളിച്ചുപറയുന്നത് അവനു കേൾക്കാം "നിന്റെ മണ്ടൻ അവൻ ഇനി ഈ വശത്തേക്ക് വന്നാൽ അവന്റെ കാല് ഞാൻ തല്ലിഓടിക്കും". ഓ.. അവനൊരു മണ്ടൻപാവംപൂച്ചയല്ലേ പോട്ടെ, യജമാനത്തി മറുപടികൊടുക്കുന്നത്കേട്ടു, അവർ വീണ്ടും മണ്ടാ.. മണ്ടാ... എന്ന് ഉറക്കെഉറക്കെ വിളിച്ചു. സ്നേഹത്തോടെയുള്ള ആ വിളിയിൽ അവനു പിടിച്ചുനിൽക്കാനായില്ല. പയ്യെപ്പയ്യെ നടന്നു യജമാനത്തിയുടെ അടുത്തെത്തി നേരെനോക്കാതെ പാത്രത്തിൽ തലയിട്ടു കഞ്ഞി കുടിക്കാൻ തുടങ്ങി. പാവം മണ്ടൻ നീ ഒരു മണ്ടനാണെന്നു ഓരോ ദിവസ്സവും തെളിയിച്ചുകൊണ്ടിരിക്കുവാ...എന്നുപറഞ്ഞോണ്ട് യജമാനത്തിയുടെ കരങ്ങൾ അവനെ തലോടി. ആ സ്നേഹത്തിന്റെ മുൻപിൽ അവൻ തന്റെ തല കുനിച്ചു. എങ്കിലും അവന്റെ ആത്മാർത്ഥതയും നടന്നസത്യവും ആരും മനസ്സിലാക്കുന്നില്ലല്ലൊ എന്നോർത്ത് അവന്റെ മനസ്സ് വിങ്ങി.
മാത്യു ചെറുശ്ശേരി