പത്രോസിന്റെ സിംഹാസനത്തിന്റെ പിന്തുടർച്ചക്കാരനായി 266 മത് മാർപാപ്പയായി സ്ഥാനാരോഹണം ചെയ്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. 2013 ൽ ബെനഡിക് പതിനാറാമൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞതിനാൽ ആണ് Jorge Mario Bergoglio എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പയായി സ്ഥാനം ഏറ്റെടുത്തത്. ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കാൻ കാരണം എല്ലാ ആഡംബരങ്ങളും എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് സാധാരണക്കാരോടൊപ്പം ദാരിദ്ര്യം തിരഞ്ഞെടുത്തു ജീവിച്ച അസീസിയിലെ സെൻറ് ഫ്രാൻസിസിൻ്റെ ജീവിതം മാതൃകയാക്കി ജീവിച്ചതിനാൽ ആണ്. ലളിത ജീവിതം ആഗ്രഹിക്കുകയും അത് പ്രാവർത്തികം ആക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. തന്റെ വൈദിക ജീവിതം ആരംഭിച്ചപ്പോൾ മുതൽ ഇത് തുടർന്നു പോരുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ആർച്ച് ബിഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ആർച്ച് ബിഷപ്പ് പാലസ് ഉപേക്ഷിച്ച് ഒരു ചെറിയ അപ്പാർട്ട്മെന്റിൽ കുറച്ചു പുസ്തകങ്ങളുമായി അദ്ദേഹം ജീവിച്ചു. ആ കാലയളവുകളിൽ യാത്ര ചെയ്യാൻ പൊതുഗതാഗത സംവിധാനമാണ് അദ്ദേഹം ഉപയോഗിച്ചത്.
ഇറ്റലിയിൽ നിന്ന് അർജൻറീനയിലേക്ക് കുടിയേറി വന്ന കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് മാർപാപ്പ 1936 ൽ ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. പിതാവ് ഒരു റെയിൽവേ ജീവനക്കാരൻ ആയിരുന്നു. രസതന്ത്രത്തിൽ ബിരുദാനന്ദര ബിരുദം നേടിയ ശേഷം അധ്യാപകൻ ആവുകയും തുടർന്ന് വൈദിക വൃത്തിയിലേക്കു പ്രവേശിക്കുകയും ചെയ്തു. ആ സമയങ്ങളിൽ തന്നെ സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. അത് അദ്ദേഹത്തെ സ്വാധീനിച്ചതിന്റെ ഫലമായാണ് യുദ്ധങ്ങൾക്കെതിരെ അദ്ദേഹത്തെ സംസാരിക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതാം. ഈസ്റ്റർ ദിനത്തിൽ തന്റെ അവസാനത്തെ സന്ദേശത്തിലും അദ്ദേഹം അത് വ്യക്തമാക്കി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം യുദ്ധങ്ങൾക്കെതിരായിരുന്നു.
കുടിയേറ്റക്കാർക്ക് അനുകൂല സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ട്രംപ് അധികാരത്തിൽ വന്നപ്പോൾ മെക്സിക്കൻ അതിർത്തിയിൽ അഭയാർത്ഥികൾ അമേരിക്കയിലേക്ക് വരാതിരിക്കാൻ വലിയ മതിൽ പണിയുമെന്ന് പറഞ്ഞതിനോട് ഫ്രാൻസിസ് മാർപാപ്പ എതിരായിരുന്നു. മാർപാപ്പയായി സ്ഥാനാരോഹണം ചെയ്തതിനുശേഷം അദ്ദേഹം ആദ്യ സന്ദർശനം നടത്തിയത് ലാംപെഡൂസ എന്ന ഒരു ചെറിയ ദ്വീപിലേക്ക് ആണ്. അവിടെ പോകാൻ കാരണം അവിടെ ഒരു വലിയ കുടിയേറ്റ സമൂഹം ഉണ്ടായിരുന്നു അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആണ് അദ്ദേഹം അവിടെ സന്ദർശിച്ചത്. ക്രിസ്തു പഠിപ്പിച്ചത് 'തിരസ്കരിക്കാൻ അല്ല സ്വീകരിക്കാനാണെന്ന്' അദ്ദേഹം പറഞ്ഞു.
കൊടും കുറ്റവാളികൾ ആയ ജയിൽ പുള്ളികളുടെ അടുത്ത് പോയി അവരുടെ കാലുകൾ കഴുകി യേശുക്രിസ്തു കാണിച്ച മാതൃക അദ്ദേഹം പിന്തുടർന്നു.
സഭയിൽ പല വിപ്ലവകരമായ തീരുമാനങ്ങൾക്കും തുടക്കം കുറിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വവർഗ അനുരാഗികൾ അവരും ദൈവത്തിൻറെ മക്കൾ ആണ് അവരെ മാറ്റി നിർത്തരുത് എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സമത്വത്തിനുവേണ്ടി അദ്ദേഹം വാദിച്ചു, അവർ പൗരോഹിത്യത്തിലേക്ക് കടന്നു വരണം എന്ന് ആഗ്രഹിച്ചു.
ലോകത്തിൽ ആദ്യമായി ആത്മകഥ എഴുതിയ മാർപാപ്പയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ പുഞ്ചിരി ഏറെ ആകർഷണീയമായിരുന്നു. ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
2013ൽ അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള കർദിനാൾ കൗൺസിലിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ പ്രസക്തമായ ഒരു ഭാഗമുണ്ട്. യേശു വാതിൽക്കൽ നിന്ന് മുട്ടി വിളിക്കുന്ന വെളിപ്പാട് പുസ്തകത്തിലെ ഭാഗം ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു 'എനിക്ക് തോന്നുന്നത് തന്നെ തുറന്നു വിടാനായി യേശു നമ്മുടെ ഹൃദയത്തിൽ നിന്ന് മുട്ടുന്നത് എന്നാണ്. ആത്മപ്രശംസയിൽ മുഴുകിയ സഭ യേശുവിനെ അകത്തിട്ട് പൂട്ടി സൂക്ഷിക്കുകയും പുറത്തേക്ക് വിടാതെ ഇരിക്കുകയും ചെയ്യുന്നു' എത്ര ചിന്താത്മകമായ വാക്കുകളാണ് ഇത്.
ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശങ്ങളിലൂടെയും പ്രവർത്തികളുടെയും ലോകശ്രദ്ധ നേടിയെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം കത്തോലിക്കാ സഭയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും ആണ്.
ബെൻസൺ തെങ്ങുംപള്ളിൽ