ലഹരിയാൽ ലഹരിപിടിച്ച് ലാസ്യനുൾപ്പടെ ലക്കുംലഗാനുമില്ലാതെ ലക്ഷ്യബോധവും നഷ്ട്ടപ്പെട്ട ലമ്പടന്മാർ മര്യാദകളുടെ ലക്ഷ്മണരേഖകളും ലംഘിച്ച് ലജ്ജയില്ലാതെ ലങ്കോട്ടിയും പ്രദർശിപ്പിച്ച് ലഹളകൂട്ടുമ്പോൾ, ലിംഗഭേദമില്ലാതെ തടിച്ച്‌കൂടുന്ന ലോലിത സംഘത്തെ കാണുമ്പൊൾ ആകെപ്പാടെ ഒര് സംശയം, ഇതിൽ ആർക്കാണ് ബോധമുള്ളതു? കുട്ടികളുൾപ്പടെ എല്ലാപ്രായക്കാരും ലഹരി വസ്തുക്കൾക്ക് അടിമയായിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. അപ്പനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുന്നത് ഒര് അഭിമാനമായി കരുതുന്നവർ ഇന്നുണ്ടല്ലോ? അദ്ധ്യാപകനും വിദ്യാർത്ഥിയും ഒരുമിച്ചല്ലയോ "ചീയേർസ്" വിളിക്കുന്നത് ? മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്നുള്ള വേദവാക്യം പറയുന്ന പാതിരിയും "കുഞ്ഞാട്"കൊണ്ടുവരുന്ന കുപ്പി കണ്ടിട്ട് ഒരുമിച്ചിരുന്നു "വീശുവാൻ"കസ്സേര പിടിച്ചിടുന്നത് കാണുമ്പോൾ ബോധമുള്ള ആരെങ്കിലുമുണ്ടങ്കിൽ പറയേണ്ടേ, അരുത്, ഈ കാപട്യം അവസ്സാനിപ്പിക്കുയെന്നു!
"മദ്യപാനം ആരോഗ്യത്തിനു ഹാനികരം"എന്നറിയാവുന്ന ഗവണ്മെന്റ് ജനക്ഷേമത്തിനുവേണ്ടിയാണോ മദ്യം വിൽക്കുന്നത് ? മദ്യക്ഷാപ്പ്കൾക്ക് ലൈസ്സൻസ്സ് കൊടുക്കുന്നവർത്തന്നെ ലഹരിവിരുദ്ധ സെമിനാറുകളും സംഘടിപ്പിക്കുന്നു! ഇതിൽകൂടുതൽ എന്തുവേണം? ഏത് പേരിട്ട് വിളിച്ചാലും വിഷം വിഷംതന്നെ. ആഹാരം പാചകം ചെയ്‌യുവാൻ അറിയിത്തില്ലെങ്കിലും "വാറ്റുവാൻ" സമർത്ഥരായവർ വിരളമല്ല. പകൽ മുഴുവൻ കഠിനാദ്ധ്വാനം ചെയ്തനന്തരം കിട്ടിയതുമുഴുവൻ, വീട്ടിലുള്ള പിഞ്ച് കുഞങ്ങളെപ്പോലും മറന്ന് മദ്യം വാങ്ങുവാൻ ചെലവഴിക്കുമ്പോൾ ഓർക്കേണ്ടത്, കുടിച്ച് ആരോഗ്യത്തെ ഹനിക്കുന്ന മദ്യപാനിയേയും പട്ടിണിയാൽ ആരോഗ്യം നശിക്കുന്ന കുടുംബത്തേയുമാണ്. ലഹരി തലയ്ക്കു പിടിച്ചാൽ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടും. അങ്ങനെയൊരാൾ ക്ഷാപ്പിൽ ഇരുന്ന് വറുത്ത മീനിന്റെ ചാർ ചോദിച്ചു കിട്ടാതെ വന്നപ്പോൾ കലശൽ കൂടിയതായി കേട്ടിണ്ടു. മറ്റൊരാളാകട്ടെ കൈ കഴുകാൻ വച്ചിരിക്കുന്ന വെള്ളം നിറച്ച കുടമാണന്നു കരുതി വെളിയിലിരുന്ന നായുടെ തലയ്ക്കു പിടിച്ച് ചരിച്ചു കടിയേറ്റതിനെ കുറിച്ച് കേട്ടപ്പപ്പോൾ മനസ്സോടെയല്ലെങ്കിലും ചിരിച്ച് പോയി.
സോളമ സൂക്തങ്ങൾ എത്ര അർത്ഥവത്താണ്! "വീഞ്ഞ്, ഒടുക്കം സർപ്പം പോലെ കടിക്കും, അണലി പോലെ കൊത്തും(സദൃ:23:32) ഒരുകാലത്ത് ഒരുകൂട്ടം "ഉപദേശിമാർ" പ്രതിഫലം നോക്കാതെ വീടുകൾ തോറും കയറി അനേകരെ ആത്മീക നിലവാരത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുമായിരുന്നു. അങ്ങനെ അനേകർ അനവധി പാപവഴികളിൽ നിന്നും വിമോചിതരായി. എന്നാൽ ഇന്ന് സുവിശേഷവേലക്കാർക്കു വീടുകളിൽ കയറുവാൻ അവകാശമില്ല. ആഭാസന്മാർക്ക് അംഗീകാരം വളരെയുണ്ടുതാനും. ആത്മഹത്യാനിരക്ക് എത്ര വർദ്ധിച്ചിരിക്കുന്നു? അവിഹിതബന്ധങ്ങൾ ആർക്കും നിയന്ത്രിക്കുവാൻ കഴിയാതെയും ആയില്ലേ ? നിയമങ്ങൾക്ക് പലരേയും പേടിപ്പിക്കുവാൻ കഴിയും. മനസ്സിന് രൂപാന്തരം വന്നാലേ പാപവഴികൾ വിട്ട് മനുഷ്യൻ മാറുകയുള്ളൂ.
മർക്കടൻ(കുരങ്ങൻ) ജന്മനാൽ തന്നെ വികൃതിയാണ്. അതിന്റെ കൂടെ കുറച്ചു മദ്യം അകത്ത് ചെന്നാൽ! ഒന്നും പറയേണ്ട. ചില മനുഷ്യരും ചാപല്ല്യം ഏറിയവരാണ്. അവരെ നിയന്ത്രിക്കുന്നത് മയക്ക് മരുന്നുകൾ കൂടിയായാൽ വാനരൻ തന്നെ ഭേദം. "ദൈവത്തിന്റെ സ്വന്തം നാട്" മദ്യാസക്തിയാലും മദനപീഡകന്മാരാലും പൊറുതിമുട്ടിയിട്ടും എന്തേ മനസ്സാന്തരമില്ലാത്തതു. നൂറ് ശതമാനം സാക്ഷരത്വം അവകാശപ്പെടുന്നവർ കേവലം മണ്ണുണ്ണിമാരായാലോ? മാന്യമായ കലകൾക്കും കലാകാരന്മാർക്കും ജനഹൃദയങ്ങളിൽ വളരെ സ്വാധീനം ഉണ്ടായിരുന്ന കാലങ്ങളുണ്ടായിരുന്നു. പുറത്തിറങ്ങിയ റിപ്പോർട്ടുകളുടെ പൂർണ്ണ രൂപം അറിഞ്ഞിരുന്നെങ്കിൽ ആരെങ്കിലും ഒരാളെ "സൂപ്പർ" എന്ന് പറയുവാൻ കഴിയുമോ? മദ്യാസക്തിയിൽ എത്തിയിരിക്കുന്ന മർക്കടന്മാർ കാട്ടിൽ മാത്രമോ നാട്ടിലും?
പാസ്റ്റർ ജോൺസൺ സഖറിയ