കൊച്ചി: വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടച്ച സംഭവത്തിൽ പ്രതികരണവുമായി ഗായകൻ എം ജി ശ്രീകുമാർ. വലിച്ചെറിഞ്ഞത് മാലിന്യമല്ല, വീട്ടു മുറ്റത്തു നില്‍ക്കുന്ന മാവില്‍ നിന്നും അണ്ണാന്‍ ചപ്പിയ മാങ്ങയായിരുന്നു. വലിച്ചെറിഞ്ഞത്, വീട്ടിലെ ജോലിക്കാരിയാണ്. തറയില്‍ വീണ മാങ്ങ പേപ്പറില്‍ പൊതിഞ്ഞാണ് കായലിലേക്ക് എറിഞ്ഞത്. അത് വേണമെങ്കില്‍ തെളിയിക്കാം. എന്നാല്‍ ചെയ്തത് തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷെ, ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും ഇത്രയും വലിയ പിഴ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കിട്ടിയതെന്നും ശ്രീകുമാര്‍ പ്രതികരിച്ചു.
കൊച്ചിയിലെ വീട്ടില്‍ താമസിക്കാറില്ല. ഷൂട്ടിനു പോകുമ്പോഴും ഹോട്ടലിലാണ് തങ്ങാറ്. അതുകൊണ്ടു തന്നെ കൊച്ചിയിലെ വീട്ടില്‍ മാലിന്യങ്ങള്‍ ഉണ്ടാകാറില്ല. മാവില്‍ നിന്നു വീഴുന്ന മാങ്ങ, വെള്ളത്തിലും മുറ്റത്തും വീഴും. മാങ്ങയും മാങ്ങാണ്ടിയും എടുത്ത് വെള്ളത്തില്‍ ഇടാന്‍ പാടില്ലായിരുന്നു. പഞ്ചായത്ത് അതിന്റെ പേരില്‍ ഇട്ട പിഴയും അടച്ചു. മുഖ്യമന്ത്രിയുടെ മാലിന്യത്തിനെതിരായ മുദ്രാവാക്യം ഓര്‍മയുണ്ട്. മാലിന്യ വിമുക്ത കേരളം. ഞാന്‍ പല വിദേശ രാജ്യങ്ങളിലും പോകാറുണ്ട്. അവിടെയൊന്നും ഒരു പേപ്പര്‍ പോലും പുറത്തിടാറില്ല.
വീട്ടില്‍ ഹരിത കര്‍മസേന ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോൾ വലിച്ചെറിഞ്ഞെന്ന് പറയുന്നത് മാലിന്യം അല്ല, മാങ്ങയാണ്. വീഡിയോ എടുത്ത് ഇട്ടയാള്‍ക്ക് പിഴയടച്ചതില്‍ നിന്നും കുറച്ച് തുക കിട്ടുമായിരിക്കും. എങ്കിലും ചെയ്തത് തെറ്റാണ്. പക്ഷെ, ഇത് വെറുമൊരു മാങ്ങയാണെന്ന് മനസ്സിലാക്കണം. ഇതിന് 25,000 രൂപ പിഴയിടുമ്പോള്‍ സമാനരീതിയില്‍ ആശുപത്രികളിലും ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്നുമൊക്കെ ടണ്‍ കണക്കിന് മാലിന്യമാണ് കൊച്ചിയിലെ കായലിലൂടെ ഒഴുകുന്നത്. അതൊന്നും അധികൃതര്‍ കാണുന്നില്ലേ എന്നൊരു ചോദ്യമാണ് ചോദിക്കാന്‍ തോന്നുന്നത്.