മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വന്ന മോഹൻലാൽ നായകനായത് പോലെ കേരളത്തിൽ ബിജെപിയും ഉയരുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിൽ മോഹൻലാൽ വില്ലനായിട്ടാണ് വന്നത്. ഇത്രയും ഉയരത്തിൽ എത്തിയത് അതിന് ശേഷമമാണ്. നെഗറ്റീവിൽ നിന്ന് തുടങ്ങിയെങ്കിലെ ഉയരങ്ങളിലേക്ക് എത്താൻ കഴിയൂ. അതിനുവേണ്ടിയുള്ള തുടക്കമാണിത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഉയരങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള തുടക്കം. എല്ലാ വീടുകളിലും ബിജെപിയെപറ്റി ചർച്ച ചെയ്യണം. എമ്പൂരാൻ കാണുന്നവരെല്ലാം ബിജെപിയെപ്പറ്റി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെപ്പറ്റി രണ്ടായിരത്തിന്‍റെ തുടക്കത്തിൽ എന്തായിരുന്നു പറഞ്ഞതെന്നും അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഉയരത്തിൽ അദ്ദേഹം എത്തുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു. ബിജെപി നേതാക്കൾ എമ്പുരാൻ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ എമ്പുരാൻ സിനിമ താൻ കാണുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. എല്ലാവരും സിനിമ കാണെണമെന്നും എം.ടി രമേശ് പറഞ്ഞതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ സിനിമയായി കാണണമെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നുമായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം. ഇതേ നിലപാടാണിപ്പോൾ ജോർജ് കുര്യനും സ്വീകരിച്ചിരിക്കുന്നത്.