PRAVASI

പ്രിയപ്പെട്ട മാതാവേ, "സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി".

Blog Image

ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ  കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. "ഇനി കാണാം" എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി.
രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വർണ്ണാഭമായ ഓർമ്മകൾ മനസ്സിൽ ഒരു മായിക ലോകം തീർത്തു. തിരികെ വീട്ടിലെത്തിയപ്പോൾ, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങൾ. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീൻപിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓർമ്മകളായി മനസ്സിൽ തങ്ങിനിന്നു.

ഒരു ഹ്രസ്വ സന്ദർശനത്തിനു ശേഷം നാട്ടിലെത്തിയപ്പോൾ, കൂട്ടുകാരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം കണ്ടു. ഒരു കൊച്ചു സാഹസത്തിന് കൂട്ടുകാർ രഹസ്യമായി തയ്യാറെടുക്കുകയായിരുന്നു. ആ രഹസ്യ പദ്ധതിയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനം തോന്നി . വീട്ടിൽ പറയാതെ ഒരു സിനിമ കാണാൻ പോകുക എന്നതായിരുന്നു ആ സാഹസിക യാത്രയുടെ ലക്ഷ്യം. പ്രായത്തിന്റെ അപക്വതയും, വീട്ടിൽ നിന്നുള്ള ദൂരവും, അവരുടെ ആഗ്രഹത്തിന് വലിയൊരു തടസ്സമായിരുന്നു. എന്നാൽ പട്ടണത്തിലെ പ്രശസ്തമായ സ്കൂളിൽ പഠിക്കുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ ക്രമീകരിക്കാൻ സാധിച്ചു.

അങ്ങനെ, നാളുകളായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി കൂട്ടുകാർ  സന്തോഷത്തോടെ സിനിമ കാണാൻ യാത്രയായി. ആ ദിവസത്തെ ആനന്ദം മനസ്സിന്റെ ഒരു കോണിൽ മധുരമുള്ള ഓർമ്മയായി ഇപ്പോഴും അവശേഷിക്കുന്നു.

എന്നാൽ സിനിമയുടെ മാന്ത്രികതയിൽ ലയിച്ചിരിക്കുമ്പോൾ, മഴ ഒരു വില്ലനെപ്പോലെ കടന്നുവന്നു. ആരും അതിന്റെ വരവ് അറിഞ്ഞില്ല, കണക്കുകൂട്ടലുകൾ തെറ്റി, തിരികെ വീട്ടിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി വൈകി. തിരികെ വീട്ടിലെത്തിയപ്പോൾ, ഉമ്മറത്ത് ആകാംഷയോടെ കാത്തിരിക്കുന്ന അമ്മയെയും, അമ്മയെപ്പോലെ സ്നേഹിക്കുന്ന മ്മാവിയേയും കണ്ടു. പ്രായത്തിന്റെ വിവേകമില്ലായ്മയിൽ, മണിക്കൂറുകളോളം വീടിന്റെ സുരക്ഷിതത്വം വിട്ട് അവൻ എവിടെ പോയിരുന്നു എന്ന നീരസം അവരുടെ മുഖത്ത് നിഴലിച്ചു. മ്മാവിയുടെ സ്നേഹനിർഭരമായ ഉപദേശത്തിനു ശേഷം, അമ്മയുടെ ശാസനയുടെ സ്വരം ഉയർന്നു. ബലമുള്ള ആ കരങ്ങൾ അവനെ പിടികൂടി മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. ശാസനയ്ക്ക് ശേഷം കാത്തിരുന്ന ശിക്ഷാവിധികൾ ആരംഭിച്ചു. ആത്മാഭിമാനത്തിനും ചിന്തകൾക്കും അതീതമായിരുന്നു ആ ശിക്ഷാനടപടികൾ. മണിക്കൂറുകളോളം മുറിയിൽ കണ്ണീരോടെ ഇരുന്നപ്പോൾ, തെറ്റായ ചിന്തകൾ മനസ്സിലൂടെ കടന്നുപോയി.

വേദനയോടെ ഉറങ്ങിപ്പോയ അവൻ  ഞെട്ടിയുണർന്നത് വാതിലിൽ ശക്തമായൊരു തട്ട് കേട്ടാണ്. വാതിൽ തുറന്നപ്പോൾ കണ്ടത്, ഏത് കൈകളാണോ ആത്മാഭിമാനത്തെ ചോദ്യം ചെയ്തത്, അതേ കൈകളിൽ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളുമായി നിൽക്കുന്ന അമ്മയെയാണ്. തുടർന്ന്, തോളിൽ തലോടിക്കൊണ്ട് ഇങ്ങനെ ഉപദേശിച്ചു, "കുഞ്ഞേ, ഇനി ഇത് ആവർത്തിക്കരുത്". അന്ന് ലഭിച്ച ആ വലിയ ഉപദേശം ജീവിതത്തിലെ ഗൗരവമായ പാഠമായി ഇന്നും മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്നു.

ഈ മാതൃദിനത്തിൽ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരൊറ്റ വാക്ക് മാത്രമേ പറയാൻ കഴിയൂ, പ്രിയപ്പെട്ട മാതാവേ, "സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി".

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.