കൊല്ലം: ഉളിയക്കോവിൽ കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 24-കാരനായ ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജുമായി പ്രണയത്തിലായിരുന്നതായാണ് സൂചന. ഈ ബന്ധത്തിൽ നിന്നും സഹോദരി പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ പകയാണ് മരണത്തിന് കാരണമെന്ന് സൂചന. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പര്‍ദ്ദ ധരിച്ചാണ് അക്രമി ഫെബിന്‍റെ വീട്ടില്‍ എത്തിയതെന്നാണ് അയൽവാസി പറയുന്നത്. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു എന്നാണ് വിവരം.എന്നാൽ, ഇരു കുടുംബങ്ങൾ തമ്മിലും പരിചയമുണ്ടായിരുന്നതായി ഫെബിന്റെ മാതാവ് പൊലീസിന് മൊഴി നൽകി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിന്റെ മാതാവിന്റെ മൊഴിയിൽ പറയുന്നു. മകൾക്കൊപ്പം തേജസ് പഠിച്ചിരുന്നെങ്കിലും വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നുവെന്നാണ് ഫെബിന്റെ അമ്മയുടെ വാക്കുകൾ. കല്യാണം കഴിക്കണമെന്നുള്ള ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തതിനെ വീട്ടുകാർ വിലക്കിയിരുന്നു. ഇതോടെ, ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഗോമസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

