കേരളത്തില്‍ കൊലപാതക പരമ്പരയ്ക്ക് ശമനമില്ല. ഭാര്യയേയും സുഹൃത്തിനേയുമാണ് ഭര്‍ത്താവ് വെട്ടിക്കൊന്നിരിക്കുന്നത്. പത്തനംതിട്ട കലഞ്ഞൂര്‍ പാടത്ത് ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കൊലപാതക പരമ്പര. വൈഷ്ണവി, വിഷ്ണു എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവാണ് കൊലപാതകങ്ങള്‍ നടത്തിയത്.
അയല്‍വാസിയായ വിഷ്ണുവിന്റെ വാടകവീട്ടില്‍ വച്ചായിരുന്നു രണ്ടു കൊലപാതകങ്ങളും. വൈഷ്ണവിയും വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു ബൈജുവിനു സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഭര്‍ത്താവ് അറിയാതെ വൈഷ്ണവി കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത് വിഷ്ണുവിന് പണം നല്‍കിയത് അറിഞ്ഞതോടെയാണ് വലിയ വഴക്ക് നടന്നത്.
കൊടുവാളുമായി ആക്രമിക്കാന്‍ തുനിഞ്ഞതോടെ വൈഷ്ണവി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. വിഷ്ണുവിന്റെ വീട്ടിലേക്കാണ് വൈഷ്ണവി പോയത്. ഇതറിഞ്ഞ് പിന്നാലെ എത്തിയ ബൈജു വിഷ്ണുവിന്റെ വാടക വീടിന്റെ വരാന്തയിലിട്ട് വൈഷ്ണവിയെ വെട്ടി. നിരവധി വെട്ടേറ്റ വൈഷ്ണവി അവിടെ വച്ച് തന്നെ മരിച്ചു. തൊട്ടുപിന്നാലെ വിഷ്ണുവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടി.
ആക്രമണ ശേഷം ബൈജു തന്നെയാണ് മറ്റ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. ഇവരെത്തി വിഷ്ണുവിനേയും വൈഷ്ണവിയേയും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുളള യാത്രയിലാണ് വിഷ്ണു മരിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.