അമ്പലവയല്‍ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി മുഹമ്മദിന്റെ ഭാര്യയുടെ ആരോപണം

sponsored advertisements

sponsored advertisements

sponsored advertisements

29 December 2021

അമ്പലവയല്‍ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി മുഹമ്മദിന്റെ ഭാര്യയുടെ ആരോപണം

അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ഭാര്യ സക്കീനയുടെ ആരോപണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് കാലുകള്‍ ഒറ്റയ്ക്ക് മുറിച്ചു മാറ്റാന്‍ സാധിക്കില്ലെന്നും, ആസൂത്രിതമായ കൊലപാതകമാണിതെന്നും സക്കീന ആരോപിച്ചു. പെണ്‍കുട്ടികളുടെ പിതാവും മാതാവുമടക്കം ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സക്കീന പ്രതികരിച്ചു. ഇന്ന് രാവിലെയാണ് കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന രംഗത്തെത്തിയത്. സക്കീനയുടെ സഹോദരന്റെ മക്കളും ഭാര്യയുമാണ് പ്രതികള്‍. സക്കീനയുടെ സഹോദരന്‍ രണ്ടാം വിവാഹം കഴിച്ചപ്പോള്‍ മുതല്‍ മുഹമ്മദിന്റെയും, സക്കീനയുടെ കൂടെയാണ് പ്രതികള്‍ താമസിച്ചത്. പെണ്‍കുട്ടികളുടെ അമ്മയെ മുഹമ്മദ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകത്തിന് ശേഷം കാലെന്തിന് മുറിച്ചെടുത്തുവെന്നും എന്തിനാണ് ഇത് ഉപേക്ഷിച്ചതെന്നുമാണ് സംശയം.

സക്കീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദിനെ കൊല്ലാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതാവാമെന്നും പുറത്തു നിന്നുള്ള മറ്റാര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കണ്ടത്തിയതും അന്വേഷണത്തില്‍ നിര്‍ണായകമാകും. കഴിഞ്ഞ ദിവസമാണ് ആയിരംകൊല്ലിയില്‍ 68 വയസുകാരന്‍ മുഹമ്മദിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹത്തില്‍ കാലുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുറിച്ചെടുത്ത കാല്‍ അമ്പലവയലിലെ മാലിന്യപ്ലാന്റില്‍ നിന്ന് കണ്ടെത്തിയത്.

അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പൊട്ട കിണറ്റില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തില്‍ നിന്ന് മുറിച്ചെടുത്ത കാല്‍ അമ്പലവയലിലെ മാലിന്യപ്ലാന്റിലെത്തിയത് എങ്ങനെയെന്നും പരിശോധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിലവില്‍ ജുവനൈല്‍ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുല്‍ത്താന്‍ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം മൂവരെയും വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രതികളില്‍ നിന്ന് മറ്റാരെയെങ്കിലും കുറിച്ച് സൂചന ലഭിച്ചതായി പൊലീസും വെളിപ്പെടുത്തിയിട്ടില്ല.