നസീർ ഹുസൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി
ഈ ഫോട്ടോകളിൽ ഉള്ള തമിഴ് നടൻ ആരാണെന്ന് ചോദിച്ചാൽ ഒരു പക്ഷെ നിങ്ങൾ കുഴങ്ങി പോകും, പലരും ആദ്യമായിട്ട് ആയിരിക്കും ഇദ്ദേഹത്തെ കാണുന്നത്.
തമിഴ് നാട്ടുകാരോടും നമ്മുടെ ആദിവാസികളോടും അത്രയ്ക്ക് മാത്രം മുഖ,ശരീര സാമ്യങ്ങൾ ഉണ്ടെങ്കിലും, ഇദ്ദേഹം ഒരു ഓസ്ട്രേലിയൻ നടനാണ്, പേര് David Gulpilil.
ഓസ്ട്രേലിയയിലെ ആദിമ നിവാസികളായ അബോർജിനിയൽ ആളുകളിൽ നിന്ന് (Aboriginal People) നിന്ന് സിനിമയിൽ എത്തിയ ഒരാളായ ഇദ്ദേഹം കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. എനിക്ക് ആ മരണ വാർത്ത വായിച്ചപ്പോൾ വലിയ കൗതുകം തോന്നി, കാരണം എങ്ങിനെയാണ് ഒരു ആദിമ ഓസ്ട്രേലിയക്കാരൻ ആദിമ ഇന്ത്യക്കാരെ പോലെ ഇരിക്കുന്നത്.
ഇതിനെകുറിച്ച് പഠനങ്ങൾ നടക്കുന്നതെയുള്ളൂ, നമുക്ക് ആകെ അറിയാവുന്ന കാര്യം, ഏതാണ്ട് തൊണ്ണൂറായിരം വർഷങ്ങൾക്ക് (90,000) ആഫ്രിക്കയിൽ നിന്നാണ് ആധുനിക മനുഷ്യ കുടിയേറ്റം ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് ആരംഭിച്ചത് എന്നാണ്. അറുപതിനായിരം വർഷങ്ങൾക്ക് മുൻപ് അവർ ഇന്ത്യയിൽ എത്തിപ്പെട്ടു. അതിൽ കുറച്ചുപേർ അവിടെനിന്ന് ഓസ്ട്രേലിയയിലേക്ക് ഏതാണ്ട് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് കുടിയേറി.
ഒരുപക്ഷെ ഇതായിരിക്കാം ഇന്ത്യയിലെ ആദിമ നിവാസികളായ ദക്ഷിണ ഇന്ത്യൻ ആദിവാസികളും ഓസ്ട്രേലിയൻ അബോർജിനിയൽ ആളുകളും തമ്മിലുള്ള രൂപ സാദൃശ്യങ്ങൾക്ക് കാരണം. പക്ഷ അമ്പതിനായിരം വർഷങ്ങൾ വളരെയധിയകം ജനിതക വ്യത്യസ്തങ്ങളും രൂപമാറ്റങ്ങളും വരാൻ വേണ്ടുന്ന കാലയളവാണ്, കൂടുതൽ പഠനങ്ങൾ വന്നാൽ മാത്രമേ ഇതിന്റെ യഥാർത്ഥ കാരണം അറിയൂ. ഏറ്റവും പുതിയ പഠനം പറയുന്നത്, ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ആദ്യം നടന്ന കുടിയേറ്റം കൂടാതെ നാലായിരം വർഷങ്ങൾക്ക് മുൻപ് മറ്റൊരു കുടിയേറ്റം കൂടി നടന്നിരിക്കാൻ സാധ്യത ഉണ്ടെന്നാണ്.
ആദ്യ കുടിയേറ്റങ്ങൾ നടക്കുന്ന സമയത്ത് ice age ആയിരുന്നത് കൊണ്ട്, ഭൂമിയിൽ ഇന്ന് സമുദ്രത്തിന്റെ രണ്ടറ്റങ്ങളിലായി കാണപ്പെടുന്ന പല രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടോ, വളരെ ചെറിയ ദൂരങ്ങളിൽ സ്ഥിതി ചെയ്യുന്നവയോ ഒക്കെയായിരുന്നു. അതുകൊണ്ടാണ് അന്ന് തന്നെ മനുഷ്യന് ഈ കുടിയേറ്റങ്ങൾ സാധ്യമായത്. ഉദാഹരണത്തിന് അമേരിക്കയിലേക്ക് സൈബീരിയ വഴി ആദിമ അമേരിക്കൻ ഗോത്രങ്ങൾ കുടിയേറിയത്, Bering Strait വഴി നടന്നു പോകാൻ സാധ്യമായിരുന്നത് കൊണ്ടാണ്, ഇപ്പോൾ അവിടെ കടലാണ്.
പറയാൻ വന്നത് വേറൊരു കാര്യമാണ്. മനുഷ്യർ എന്നും വലിയ സഞ്ചാരികളായിരുന്നു, ചിലപ്പോൾ കാലാവസ്ഥ നല്ലതായ സ്ഥലങ്ങളിലേക്ക്, ചിലപ്പോൾ അക്രമികളിൽ നിന്ന് രക്ഷപെടാൻ ഒക്കെയായി എന്നും പലയിടങ്ങളിലേക്ക് പലായനം ചെയ്യുന്ന ആളുകളാണ് നമ്മൾ. കൊച്ചിയിലെ ജൂതന്മാരും ഗുജറാത്തികളും ഒക്കെ അതിന്റെ ചില അടയാളങ്ങൾ മാത്രമാണ്. ഞാൻ അമേരിക്കയിൽ താമസിക്കുന്ന എഡിസൺ എന്ന സ്ഥലത്ത് ഞങ്ങളുടെ മേയർ തന്നെ ഒരു ഗുജറാത്തിയാണ്, അത്രമാത്രം ഗുജറാത്തികൾ ഇവിടെയുണ്ട്. കാനഡയിൽ പഞ്ചാബികളും ഇംഗ്ലണ്ടിൽ ശ്രീലങ്കൻ തമിഴന്മാരും ഒക്കെ അനേകം പേരുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി ആധുനിക വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും തേടി മലയാളികൾ വേറെ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് , ആയിരകണക്കിന് വർഷങ്ങളായി മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരങ്ങളുടെ ഒരു ചെറിയ പതിപ്പ് മാത്രമാണ്. അതിൽ വേവലാതിപ്പെടാനൊന്നുമില്ല, പ്രത്യേകിച്ച് ഒരു ദിവസം കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിപ്പെടാൻ കഴിയുന്ന ഇക്കാലത്ത്. ചെറിയ ഒരു കാലയളവ് എടുത്തു നോക്കുമ്പോൾ മാത്രമാണ് ഇതൊരു വലിയ വിഷയമായി നമുക്ക് തോന്നുന്നത്.
നാളെ അമേരിക്കയിലെയോ യൂറോപ്പിലെയോ ഒരു നടന്റെ ഫോട്ടോ എടുത്ത് നോക്കുമ്പോൾ രണ്ടായിരങ്ങളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ചരിത്രവും ജനിതകവുമെല്ലാം എഴുതാൻ ആരെങ്കിലും കാണുമായിരിക്കും. അതുകൊണ്ട് വേവലാതി വേണ്ട, നമ്മുടെ കുട്ടികൾ ചിറകു വിരിച്ചു പറക്കട്ടെ..
