അച്ഛാച്ചന്റെ വിഷു കൈനീട്ടവും അച്ഛമ്മയുടെ മാമ്പഴപുളിശ്ശേരിയും
കണിയൊരുക്കുന്നതിന് ഓടിനടക്കുന്ന അമ്മയും , കണിപ്പൂവും കണിവെള്ളരിയും സദ്യവട്ടങ്ങളും അന്വേഷിച്ചു പോയ അച്ഛനും
പടക്കം വാങ്ങിയിട്ടും വാങ്ങിയിട്ടും മതിയാകാത്ത അനിയനും,അമ്പലത്തിൽ പോകുമ്പോഴും അമ്മ വീട്ടിൽ പോകുമ്പോഴും ഏതു ഉടുപ്പ് ഇടണം എന്ന് തീരുമാനമാകാതെ ഇരിക്കുന്ന ഞാനും,
ഇതെല്ലാം ആയിരുന്നു ഇരുപത്തഞ്ച് വയസ്സുവരെയുള്ള എന്റെ വിഷുക്കാലം.
ഓടക്കുഴലൂതി പുഞ്ചിരിതൂകി നിൽക്കുന്ന കൃഷ്ണ വിഗ്രഹത്തോടൊപ്പം തൊടിയിലെ മാമ്പഴവും ചക്കയും കൊന്നപ്പൂവും വെള്ളരിയും സമൃദ്ധമാക്കിയ ആ ഓട്ടുരുളിയുടെ ഓർമയിൽ വീണ്ടും ഒരു വിഷു.
വിഷുവിനെകുറിച്ച് ആലോചിക്കുമ്പോൾ തന്നെ അച്ഛമ്മയുടെ മാമ്പഴ പുളിശേരിയുടെ ഗന്ധം മനസ്സിൽ വന്ന് നിറയും. വിഷു വരുന്നത് മാമ്പഴക്കാലത്ത് ആയതുകൊണ്ട് സദ്യയിൽ പ്രധാന വിഭവം ഇവൻ ആണ്.
വിഷു തലേന്ന് രാത്രി അമ്മയും അച്ഛമ്മയും അച്ചാച്ചനും കൂടെയാണ് കണിയൊരുക്കങ്ങൾ നടത്തുന്നത്. അന്ന് ആ ഭാഗത്തേക്ക് പോലും എത്തിനോക്കാതെ മടിപിടിച്ചു നടന്ന ഒരു കൗമാരക്കാരി, പിന്നീട് വിദേശത്ത് പോയി കൃഷ്‌ണനും ഓട്ടുരുളിയും ഉണക്കലരിയും കയ്യിൽ എടുത്ത് കണി എങ്ങനെ ഒരുക്കും എന്നറിയാതെ പകച്ചിരുന്നതും ഓർമ്മകൾക്ക് വേദനയുളവാക്കുന്നു.
രാവിലെ നാലുമണിക്ക് എഴുന്നേറ്റ് വിളക്ക് കൊളുത്തി എല്ലാവരെയും കണ്ണുപൊത്തി കൊണ്ടുവന്ന് വിഷുക്കണി കാണിക്കുന്നത് അച്ഛമ്മയാണ്. അത് കഴിഞ്ഞാൽ അച്ചാച്ചന്റെ വക ആദ്യ കൈനീട്ടം പിന്നീട് അച്ഛമ്മയുടെ വക,അച്ഛന്റെ വക,അങ്ങനെ ആണ് പതിവ്. ഇത് കഴിഞ്ഞാൽ അനിയന്റെ പടക്കം പൊട്ടിക്കൽ ഒരു മണിക്കൂർ നീണ്ടുനിൽക്കും.
ഈ സമയത്ത് അമ്മ കണിവെച്ച ചക്ക രണ്ടായി വെട്ടി മുറിച്ചു ചക്ക എരിശ്ശേരി യുടെ പണികൾ തുടങ്ങിയിട്ടുണ്ടാകും. അച്ഛമ്മ സദ്യവട്ടങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ടാകും ,അച്ഛൻ അമ്പലത്തിൽ പോയിട്ടുണ്ടാകും അച്ചാച്ചൻ ഇതിനെല്ലാം മേൽനോട്ടമായി നടക്കുന്നുണ്ടാകും. എന്നാൽ ഇതിലൊന്നും പെടാതെ ഞാൻ മാത്രം വീണ്ടും ഒന്ന് ഉറങ്ങാം എന്ന ചിന്തയിൽ കിടക്കുന്നുണ്ടാകും. വിഷുകൈനീട്ടം കിട്ടുന്ന പൈസ കൊണ്ട് എന്ത് വാങ്ങണം എന്ന ചിന്തയായിരിക്കും അപ്പോൾ മനസ്സ് നിറയെ.
എത്ര കാലം കഴിഞ്ഞാലും ,എത്ര അകലെയായാലും കുട്ടിക്കാല ഓർമ്മകളിൽ നീറി, അന്നത്തെ കൗമാരക്കാരിയായി വീണ്ടും മാറിയെങ്കിൽ എന്നാലോചിക്കാതെ ഒരു വിശേഷദിവസങ്ങളും കടന്നുപോകാറില്ല .
ഇപ്പോൾ ഇവിടെയിരുന്ന് ഒന്ന് കണ്ണടച്ചാൽ പൊഴിഞ്ഞു വീഴുന്ന കണിക്കൊന്നപ്പൂക്കള്‍ എനിക്ക് കാണാനാവുന്നുണ്ട്. കണി കണ്ടാൽ വീണ്ടും ഉറങ്ങാൻ പാടില്ല ,എണീറ്റ് കുളിച്ചു അമ്പലത്തിൽ പോകൂ എന്ന് ശാസിക്കുന്ന ശബ്ദങ്ങൾ കേൾക്കാനാകുന്നുണ്ട്. ഓര്‍മ്മകള്‍ക്ക് അതു മതി. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മനോഹരമായ കാലത്തിൽ തങ്ങി നിൽക്കട്ടെ മനസ്സ്.
എല്ലാവര്‍ക്കും എന്റെ ഐശ്വര്യപൂര്‍ണ്ണമായ വിഷു ദിനാശംസകള്‍ നേരുന്നു.
രമ്യ മനോജ്,കാനഡ