അനാദിയായ കാലത്തിന് ഒരു പ്രത്യേകതയുണ്ട്; അതിങ്ങനെ നിർത്താതെ ഓടിക്കൊണ്ടേയിരിക്കും... കൂടെ നമ്മളും! പക്ഷേ വിശ്രമമില്ലാത്ത ഓട്ടത്തിനിടയിൽ ഒരിറ്റു ശ്വാസമെടുക്കാൻ എപ്പോഴെങ്കിലും നമുക്കൊന്ന് നിൽക്കേണ്ടിവരും. അടുത്ത നീണ്ട ഓട്ടത്തിനുള്ള ഊർജ്ജം സംഭരിക്കുന്നത് ഇത്തരം നിമിഷങ്ങളിലാണ്. എന്റെ ഇത്തരം 'പിറ്റ് സ്റ്റോപ്പു'കളാണ് സൈക്ലിംഗും, പൂരങ്ങളുമെല്ലാം.
ജില്ലാഭരണകൂടവുമായി സഹകരിച്ച് 'സൈക്കിളേഴ്‌സ് തൃശ്ശൂരി'ന്റെ ആഭിമുഖ്യത്തിൽ, ശനിയാഴ്ച ഒരു 'പൂരവിളംബര സൈക്കിൾ റാലി' സംഘടിപ്പിക്കുന്നു എന്നുകേട്ടപ്പോൾ "പൂരമല്ലേ, നമുക്കും പോയാലോ?" എന്ന് സുമേഷ് എന്നോട് ചോദിച്ചു. മൊത്തം റൈഡ് ഏതാണ്ട് നൂറു കിലോമീറ്ററിന് മുകളിൽ ആകുമല്ലോ, പിന്നെ നല്ല വെയിലും. ബുദ്ധിമുട്ടാകുമോ?...." എന്നായി ഞാൻ. ഇതല്ല, ഇതിന്റെ അപ്പുറം ചാടിക്കടന്ന കെ. കെ. ജോസഫുമാരല്ലേ നമ്മൾ എന്ന സുമേഷിന്റെ ഒറ്റ ചോദ്യത്തിൽ ഞാൻ ഫ്ലാറ്റ്! എന്തായാലും പോകാമെന്നു തീരുമാനമായി.

വടക്കുംനാഥനെ സാക്ഷിയാക്കി, തിരുവമ്പാടിയും, പാറമേക്കാവും ചേർന്നുനടത്തുന്ന തൃശ്ശൂർപൂരത്തിൽ പങ്കെടുക്കുന്ന എട്ടു ഘടകക്ഷേത്രങ്ങളുണ്ട്. തെക്കേഗോപുരനടയിൽ നിന്ന് പുറപ്പെട്ട്, പൂരമിങ്ങെത്തിപ്പോയ് എന്ന സന്ദേശവുമായി തിരുവമ്പാടിയും, പാറമേക്കാവും, ഘടകക്ഷേത്രങ്ങളും സൈക്കിളിൽ സന്ദർശിച്ച്, തെക്കേഗോപുരനടയിൽത്തന്നെ റൈഡ് അവസാനിപ്പിക്കുക എന്നതായിരുന്നു പ്ലാൻ.
രാവിലെ അഞ്ചേകാലോടെ തൃശ്ശൂരെത്തി. പൂരവിളംബരത്തിന്റെ ചെറിയൊരു പ്ലക്കാർഡ് സൈക്കിളിൽകെട്ടി, പൂരംവൈബ് നിറഞ്ഞുനിൽക്കുന്ന കറുത്ത ജേഴ്സിയണിഞ്ഞു വടക്കുംനാഥന്റെ മുൻപിൽ എല്ലാവരും ചേർന്നുനിന്നപ്പോൾ, പൂരത്തിന് ഗജവീരന്മാർ അണിനിരന്നപോലെയാണ് തോന്നിയത്. തലയെടുപ്പോടെ തിടമ്പേറ്റാൻ തൃശ്ശൂർ ജില്ലാകളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ IAS കൂടി എത്തിയതോടെ പൂരവിളംബര റാലിക്കു തുടക്കമായി.
പൂരത്തിന് വടക്കുംനാഥൻ കണികണ്ടുണരുന്ന കണിമംഗലം ശാസ്താവും, വെയിൽമൂക്കുംമുൻപെത്തുന്ന ചെമ്പുക്കാവ് കാർത്ത്യായനിയും, പനമുക്കമ്പള്ളി ധർമ്മശാസ്താവും, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിയും, ലാലൂർ കാർത്ത്യായനിയും, ചൂരക്കോട്ടുകാവ് ഭഗവതിയും, അയ്യന്തോൾ കാർത്ത്യായനിയും, നെയ്തലക്കാവിലമ്മയും വാണരുളുന്ന; സ്വന്തം തട്ടകത്തിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലേക്ക് പൂരവുമായെത്തുന്ന; ഈ ഘടകക്ഷേത്രങ്ങളെട്ടുംതാണ്ടി തിരിച്ചു തെക്കേഗോപുരനടയിലെത്തി പൂരവിളംബരം പൂർത്തിയാക്കി. തുടക്കംമുതൽ ഒടുക്കംവരെ സൈക്കിളിൽ ഞങ്ങൾക്കൊപ്പം കളക്ടറുമുണ്ടായിരുന്നത് യാത്രയുടെ മധുരം ഇരട്ടിയാക്കി.
റോഡരികിൽനിന്ന് കൗതുകത്തോടെ നോക്കിയവർ, കാർ സ്ലോ ചെയ്തു ഗ്ലാസ് താഴ്ത്തി പ്ലക്കാർഡിൽ എഴുതിയത് വായിച്ച് തംസ്അപ്പ് തന്നു പോയവർ, ഫോട്ടോകളെടുക്കാൻ അമ്പലങ്ങളുടെ മുന്നിൽ നിർത്തിയപ്പോൾ സ്നേഹത്തോടെ റാലിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞവർ, ഇക്കൊല്ലം 'പൂരം മ്മള് പൊരിക്കും' എന്ന് ആവേശത്തോടെ പറഞ്ഞവർ, ഞങ്ങൾക്കൊപ്പം കൂടാനൊത്തില്ലെങ്കിലും, തൃശ്ശൂർവരെവന്നു ഇടയ്ക്കിടയ്ക്ക് വിശേഷങ്ങൾ വിളിച്ചന്വേഷിച്ച അജയേട്ടൻ അങ്ങനെയങ്ങനെ പൂരം എന്ന ഒറ്റനൂലിൽകെട്ടിയിട്ട വ്യത്യസ്തരായ ഒരുപാടാളുകളെക്കണ്ടു.
തിരിച്ചുപോകുംമുൻപ് ഫോട്ടോയെടുക്കാൻ പൂരപ്പറമ്പിൽ കയറിയപ്പോൾ, ഒരു ചെറുപ്പക്കാരൻ വന്നു സംസാരിച്ചു. കോട്ടയത്തുനിന്ന് പൂരം കാണാൻ നേരത്തേവന്നതാണ്, രണ്ടുദിവസമായി തേക്കിൻകാട് മൈതാനത്തിൽ അലഞ്ഞുതിരിഞ്ഞുനടന്നു പൂരാവേശത്തെ മനസ്സിൽ ആവാഹിക്കുകയാണത്രേ. പിന്നെ മാതാപിതാക്കൾക്കൊപ്പം ഒരു പെൺകുട്ടി വന്നു. "എപ്പോഴാണ് റാലി? ഞങ്ങൾക്ക് കാണാൻ പറ്റുമോ" എന്നു ചോദിച്ചു. റാലി കഴിഞ്ഞല്ലോ എന്നുപറഞ്ഞപ്പോൾ തെല്ലൊരു നിരാശയോടെ പോയി.
ഭക്ഷണത്താൽ വയറും, സന്തോഷത്താൽ മനസ്സും നിറഞ്ഞു കത്തിക്കാളുന്ന സൂര്യനെ സാക്ഷിയാക്കി വീട്ടിലേക്കുള്ള സൈക്കിൾപ്രയാണം തുടങ്ങി.
*******************************************
"എപ്പോഴെങ്കിലും ഒരു 100 km റൈഡ് അടിക്കണ്ടേ?" എന്ന് ഞങ്ങൾ ഇടക്കൊക്കെ പരസ്പരം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ "അതൊരു നാഴികക്കല്ലല്ലേ അപ്പോൾ നമുക്കൊരു സ്പെഷ്യൽ റൈഡ് തന്നെ പോകണം" എന്ന് സുമേഷ് പറയാറുണ്ട്.
ഇനി ഒരൽപ്പം അഹങ്കാരത്തോടെത്തന്നെ പറയാം.
ഏതെങ്കിലും ഒരു റൈഡിൽ നൂറു കിലോമീറ്റർ താണ്ടിയവരല്ല ഞങ്ങൾ; താണ്ടിയ നൂറു കിലോമീറ്ററും പൂരലഹരിനിറഞ്ഞ് സ്പെഷ്യലായിരുന്നുവെന്ന്..
****************************************
പലപ്പോഴും നേരിടാറുള്ള ചില ചോദ്യങ്ങളുണ്ട്.
എല്ലാ പൂരവും ഒരുപോലെയല്ലേ?
എല്ലാകൊല്ലവും കണ്ടാൽ ബോറടിക്കില്ലേ?
ശരിയാണ്; ഇടയ്ക്കിടക്ക് ലീവെടുക്കുന്നതു ബുദ്ധിമുട്ടാണ്, ഏതു പൂരത്തിനുപോയാലും എല്ലാവർഷവും ഒരേചടങ്ങുകളാണ്. ആന, മേളം, ഇതൊക്കെത്തന്നെയേ കാണാനുള്ളൂ. വിയർത്തൊലിച്ചു ഒരു പരുവമാകാറുണ്ട്. രാത്രിപൂരങ്ങൾക്കു പോകുമ്പോൾ പിറ്റേന്നുള്ള ഉറക്കം പ്രശ്നമാകാറുണ്ട്.
പക്ഷെ ഇതിനെല്ലാമപ്പുറം പൂരമൊരു വികാരമാണ്. ജാതി,മത,പ്രായ,ദേശഭേദമെന്യേ മനുഷ്യരെ ഒറ്റച്ചരടിൽ കോർത്തിടുന്ന വികാരം.
..
ഇതെഴുതുമ്പോൾ പുറത്തു നല്ല മഴപെയ്യുന്നുണ്ട്. ഒന്നോർത്താൽ തൃശ്ശൂർപൂരവും ഒരു മഴയാണ്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഒരു നീർത്തുള്ളി മാത്രമെന്നു തോന്നുകയും, ഒരുമിച്ചുപെയ്യുമ്പോൾ ഒരു പേമാരിയുമാകുന്ന സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സന്തോഷത്തിന്റെ ഒരു മഴ.
ആ മഴ നാളെ പെയ്തുതോരും. പിന്നെ അടുത്തവർഷത്തെ മഴയ്ക്കായുള്ള കാത്തിരിപ്പാണ്.
..
എല്ലാവർക്കും തൃശ്ശൂർപൂരം ആശംസകൾ

മഹേഷ് മേനോൻ

