മരണം വേർപെടുത്തും വരെ പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും ജീവിച്ചു കൊള്ളാം എന്ന് വാഗ്ദാനം കൊടുത്ത സ്വന്തം ജീവിത പങ്കാളിയെ ഒരിക്കൽപോലും , ഒരു ഓങ്ങിൽ പോലും ദേഹോപദ്രവം ഏല്പിക്കാത്തവർ, ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്താത്തവർ, വെല്ലുവിളിക്കാത്തവർ കല്ലെറിയട്ടെ !
സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കും എന്ന് വാക്ക് പറഞ്ഞു വിവാഹം ചെയ്‌തവളോട്, പെട്ടെന്നുള്ള ദേഷ്യത്തിൽ പോലും പോയി ചാകാൻ പറഞ്ഞിട്ടില്ലാത്തവർ കല്ലെറിയട്ടെ !
ദൈവം തരുന്ന മക്കളെ ഒരുമയോടെ രണ്ടുപേരും ചേർന്ന് ഉത്തരവാദിത്വത്തോടെ വളർത്തുമെന്ന് സത്യം ചെയ്തിട്ട് ആ ഉത്തരവാദിത്വം ഇതുവരെയും മറന്നു പോയിട്ടില്ലാത്തവർ കല്ലെറിയട്ടെ !
കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും അടിമകളെപ്പോലെ അടക്കി ഭരിക്കാത്ത അമ്മായിയപ്പന്മാർ കല്ലെറിയട്ടെ!
വാശിയുടെയും ദുരഭിമാനത്തിന്റെയും പേരിൽ മരുമക്കളെ അവരുടെ സ്വന്തം പേരക്കുട്ടികളിൽ നിന്ന് അകറ്റാത്ത , കള്ളത്തരങ്ങൾ കുഞ്ഞുമനസ്സിൽ കുത്തിനിറച്ചു വിഷം കലർത്താത്ത വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും കല്ലെറിയട്ടെ !
ഏത് പ്രായത്തിലും പഠനത്തിലെയും ജോലിയിലെയും സാമർഥ്യത്തിന്റെയും, വിജയത്തിന്റെയും നേട്ടങ്ങളുടെയും, ഉണ്ടാക്കുന്ന വരുമാനത്തിന്റെയും സമ്പത്തിന്റെയും പേരിൽ സ്വന്തം മക്കളെ മറ്റുള്ള മക്കളുമായി, മറ്റുള്ളവരുടെ മക്കളുമായി, താരതമ്യം ചെയ്യാത്ത , കുറ്റപ്പെടുത്താത്ത മാതാപിതാക്കൾ കല്ലെറിയട്ടെ !
തിരുവസ്ത്രത്തിൽ ഒളിച്ചിരുന്ന് സാത്താന്റെ വചനങ്ങൾ നടപ്പിലാക്കാത്തവർ കല്ലേറിയട്ടെ .
ജനിച്ചു വളർന്ന കുടുംബത്തിലെ മനുഷ്യരുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ചു സഭാമക്കളുടെ കണ്ണീരൊപ്പാൻ എന്ന പ്രഹസനത്തിന് പോകാത്തവർ കല്ലെറിയട്ടെ !
ഏത് സാഹചര്യത്തിലായാലും സ്വന്തം മക്കളോട് കാശിനും സ്വത്തിനും കണക്കു നിരത്താത്തവർ കല്ലെറിയട്ടെ !
നിന്നെ കെട്ടിച്ചു വിട്ടതല്ലേ എന്ന് ഒരിക്കൽ പോലും പെണ്മക്കളോട് ചോദിച്ചിട്ടില്ലാത്ത മാതാപിതാക്കളും , സഹോദരങ്ങളും കല്ലെറിയട്ടെ !
എന്തും സഹിച്ചും ക്ഷമിച്ചും കെട്ടിച്ചു വിട്ട വീട്ടിൽ പോയി ജീവിക്കണം എന്ന് ഒരിക്കൽ പോലും പെണ്മക്കളോട് പറയാത്ത മാതാപിതാക്കൾ കല്ലെറിയട്ടേ !
കുടുംബത്തിന്റെ അഭിമാനം കളയരുത് , പെണ്ണുങ്ങൾ ആയാൽ ക്ഷമിക്കണം , നാണക്കേട് ആണ് , വളർത്തു ദോഷം ആണെന്ന് പഴി കേൾപ്പിച്ചാൽ ഞാൻ ജീവിചിരിക്കില്ല , കുടുംബത്തിനുള്ളിലെ വഴക്ക് പുറത്തു ഒരു മനുഷ്യരും അറിയരുത് , പെണ്ണുങ്ങൾ ആയാൽ അടങ്ങി ഒതുങ്ങി ജീവിക്കണം , തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല , കുടുംബത്തിൽ പിറന്ന പെണ്ണാണ് എന്ന് പറയിപ്പിക്കണം , എല്ലാം സഹിക്കുന്നവൾ ആകണം , ഇതൊന്നും, ഒന്നുപോലും വിവാഹം കഴിഞ്ഞ പെണ്മക്കളോട് ഒരിക്കൽ പോലും പറയാത്ത അമ്മമാരും അപ്പന്മാരും കല്ലെറിയട്ടെ !
അഭയം ചോദിച്ചു വരുന്ന പെൺ മക്കളെ കഴിവില്ലാത്തവരും , കാശിനു കൊള്ളാത്തവരും കുടുംബത്തിന് ഭാരം ആകാൻ മാത്രം ജനിച്ചവരെന്നും ഒരിക്കൽ പോലും കുത്തുവാക്കുകൾ പറഞ്ഞു മുറിവേൽപ്പിച്ചിട്ടില്ലാത്ത , ശാപവാക്കുകൾ കൊണ്ട് കണ്ണീര് കുടിപ്പിച്ചിട്ടില്ലാത്ത മാതാപിതാക്കൾ കല്ലെറിയട്ടെ !
ശിരോവസ്ത്രം കൊണ്ട് കപടതയുടെ മുഖം മൂടികൾ ധരിക്കാത്തവരും വെള്ളയടിച്ച കുഴിമാടങ്ങളും ആകാത്തവരും കുടുംബബന്ധങ്ങൾ, രക്തബന്ധങ്ങൾ എന്ന പ്രഹസന നാടകങ്ങൾ കൊണ്ട് കുടുംബം , വിവാഹം , മതം , ദൈവം , സഭ , മാധ്യമപ്രവർത്തനം എന്നീ കച്ചവടങ്ങളിൽ ലാഭം കൊയ്യാത്ത പച്ചയായ മനുഷ്യരും കല്ലെറിയട്ടെ !
ഈ വാർത്തയുടെ പിന്നിലുള്ള സംഭവങ്ങൾ അധികമൊന്നും അറിഞ്ഞില്ല, ഒന്നോ രണ്ടോ ഇടങ്ങളിൽ കേട്ടതും കണ്ടതും വായിച്ചതും കൊണ്ടു തന്നെ ഹൃദയം തകരുന്നു പ്രിയപ്പെട്ട ഷൈനി , അത് ഒരു സ്ത്രീയ്ക്ക് അല്ലാതെ ആർക്ക് മനസ്സിലാകും ?
നീ തോറ്റുപോയ വഴിയിൽ തോറ്റുപോയവരും ഏതോ ശക്തികളുടെ സംരക്ഷണത്തിന്റെ അദൃശ്യ കരങ്ങളാലും സന്മനസ്സുള്ള കരുണയുള്ള സഹാനുഭൂതിയുള്ള രക്തബന്ധങ്ങൾക്ക് അതീതമായ മനുഷ്യ ബന്ധങ്ങളുടെ തണലിലും എല്ലാം ഒരു തരി പ്രത്യാശ കണ്ട് ജയിച്ചു വന്നവരും ആ ഒരു ദൗർഭാഗ്യ നിമിഷത്തിലെ നീ ഞാൻ തന്നെ ആയിരുന്നല്ലോ എന്ന് ഓർത്തു ഇന്നും കരയുന്നവരും ആയ അനേകായിരം സ്ത്രീകളിൽ ഓരോരുത്തർക്കും മനസ്സിലാകും നിന്നെ , നിന്റെ തോളിൽ അവർ ഏറ്റിയ മര കുരിശിന്റെ ഭാരം , നിന്നെ അവർ ധരിപ്പിച്ച മുൾക്കിരീടത്തിന്റെ വേദന, നിന്നെ മുറിപ്പെടുത്തിയ ചാട്ടവാർ അടികൾ , പന്ത്രണ്ടാം സ്ഥലത്തും പാദങ്ങളിൽ തറച്ചു കയറിയ ഗാഗുൽത്താമലയിലെ കൂർത്ത മുള്ളുകളും കല്ലും , നീ അനുഭവിച്ച പീഢാനുഭവം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !
നിഷ ജൂഡ്,ന്യൂയോർക്ക്