പഠാന്‍ പോയിന്‍റ് (കഥ-സുരേഷ് പേരിശ്ശേരി)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 February 2022

പഠാന്‍ പോയിന്‍റ് (കഥ-സുരേഷ് പേരിശ്ശേരി)


ദൂരെ നിന്ന് നോക്കുമ്പോള്‍ വലിയ മേഘങ്ങള്‍ പോലെ മാനം മുട്ടി നില്‍ക്കുന്ന നരച്ച മലകള്‍. അടുത്തേക്ക് വരുമ്പോള്‍ കറുത്തിരുണ്ട് ഭീമാകാരനായ മല. കൂര്‍ത്ത കല്ലുകളും വലിയ പാറകളും. ഇടയിലൊക്കെ മുള്‍ച്ചെടികളും. ഇതെങ്ങനെ നടന്നു കയറും? കയറാതിരുന്നാല്‍ പറ്റില്ലല്ലോ. രാജേഷ് പഠാന്‍ കാലുകള്‍ നീട്ടി വച്ച് വളരെ വേഗത്തില്‍ കയറി. സത്യത്തില്‍ ഓടി കയറുകയായിരുന്നു. കൂട്ടുകാരൊത്തു ഒരിക്കല്‍ ഈ മല കയറിയിട്ടുണ്ട്. അന്നേ ഭൗമിക്ക് പറഞ്ഞതാണ്.
‘എടാ ഈ മലക്ക് ഒരു കുറവേയുള്ളു. ഇത്ര ഉയരത്തിലാണെങ്കിലും അറിയപ്പെടുന്ന ഒരു സൂയിസൈഡല്‍ പോയിന്‍റ് ഈ മലക്കില്ല. എന്ത് കഷ്ടമാണ്? നോക്ക് എത്ര വന്യമായ സൗന്ദര്യമാണ് ഈ പീക്കിന്. എന്നെങ്കിലും ചാടി ചാകണമെങ്കില്‍ അന്ന് ഈ പീക്കില്‍ വന്ന് മേഘങ്ങള്‍ക്ക് മുകളിലേക്ക് ഞാന്‍ ചാടും. ഒഴുകി, ഒഴുകി മേഘപാളികളില്‍ തട്ടി, തട്ടി താഴേക്ക്. ഹായ് എന്ത് രസമായിരിക്കും. പിന്നെ നീയൊക്കെ ഇതിനെ “ഭൗമിക്ക് പോയിന്‍റ്” എന്ന് വിളിക്കും.’
അന്നെല്ലാവരും കളിയാക്കി ചിരിച്ചെങ്കിലും ഇത്ര വേഗം ഈ ഭാഗ്യം തന്നെ തേടിയെത്തും എന്ന് കരുതിയില്ല. പഠാന്‍ ഊറി ചിരിച്ചു. ആരോട് നന്ദി ചൊല്ലേണ്ടു ഞാന്‍? തന്‍റെ മൂന്ന് കുട്ടികളുടെ അമ്മയായ സുഭഗ ഗാംഗുലിയോടോ, അതോ അടുത്ത സ്നേഹിതന്‍ ബസുദേബ് ഘോഷിനോടോ?
കുട്ടിക്കാലം മുതലേ കോഴിയെ പോലും കൊല്ലാനുള്ള ധൈര്യമില്ലായിരുന്നു. പിന്നെ, പിന്നെ ബ്രോയിലര്‍ ചിക്കന്‍ കടകളൊക്കെ വന്നപ്പോള്‍, വാങ്ങാന്‍ പോകുമ്പോള്‍ പോലും അവയെ കൊല്ലുന്നതിന്‍റെ നേരെ നോക്കാറില്ലായിരുന്നു. കാണാന്‍ തന്നെ പേടിയായിരുന്നു. എന്നിട്ടിപ്പോള്‍ കോഴിയെ കൊല്ലാനുള്ള സമയം പോലും എടുത്തില്ല. ജ്യൂസില്‍ മയക്കുമരുന്ന് കലക്കി കൊടുത്തിട്ട്, ബോധം കെട്ടപ്പോള്‍ കൈകാലുകള്‍ കെട്ടിയിട്ട്……
സൂയിസൈഡ് പോയിന്‍റ് ദൂരെ പൊട്ടുപോലെ കാണാം. കാലുകള്‍ക്ക് ആവേശമായി. കയറ്റത്തിലെ ബുദ്ധിമുട്ടും, കൂര്‍ത്ത കല്ലുകളും, പാറകളും ഒന്നും ഒരു തടസ്സമായില്ല. അവക്കിടയിലുള്ള മുള്‍ച്ചെടികള്‍ കാലുകളില്‍ പോറല്‍ വരുത്തിയതും, ചോര വന്നതും അറിഞ്ഞില്ല. ചരിഞ്ഞ പാറയില്‍ ചാടി കയറുമ്പോള്‍ തെന്നി വീണു കാലുപൊട്ടി ചോര ചീറ്റിയതും അറിഞ്ഞില്ല. മുറിവുകളും, വേദനകളും അയാള്‍ക്ക് ഹരം പകര്‍ന്നു. ദാഹം അറിഞ്ഞില്ല. ക്ഷീണം അറിഞ്ഞില്ല. വേഗം പീക്കിലെത്തണം. ആ ഒരു ഓര്‍മ്മ മാത്രം. ആ ഒരു ലക്ഷ്യം മാത്രം.
വീട് വിട്ട് ഇറങ്ങി വരുമ്പോള്‍ വീട്ടുകാര്‍ കാണും ദൂരത്തു തന്നെ, തന്നോടൊപ്പം താമസിക്കണം എന്നത് സുഭഗയുടെ വാശിയായിരുന്നു. അത് വേണ്ട, എന്തിനവരെ പ്രകോപിപ്പിക്കണം എന്ന് താന്‍ ചോദിക്കുമ്പോള്‍ അവള്‍ പറഞ്ഞതോര്‍മ്മയുണ്ട്. “നീ ഹീന ജാതിയാണ്, അധഃകൃതനാണ് എന്നാണവരുടെ പരാതി. എന്താ ഹീന ജാതിയുടെ കൂടെ പൊറുത്താല്‍? കുട്ടികളുണ്ടാവില്ലേ? എനിക്കത് ഈ ജാതിക്കോമരങ്ങളെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കണം.” എന്നിട്ടതേ അവളിപ്പോള്‍!
കൈത്തണ്ടയിലേക്ക് എന്തോ വീണു നനവറിഞ്ഞു. ചോര. ആരുടെതാണ്? കൈവീശി നടന്നപ്പോള്‍ തോളത്തു കിടന്ന തുണി സഞ്ചി ആടിയപ്പോള്‍ പറ്റിയ അബദ്ധമാണ്. പേപ്പറില്‍ നന്നായി പൊതിഞ്ഞു വച്ചതാണല്ലോ? സഞ്ചി തുറന്ന് കയ്യിട്ട് തപ്പി നോക്കി. ചോരയില്‍ കുതിര്‍ന്ന പഴന്തുണികള്‍ക്കിടയില്‍ കത്തിയുടെ മുന കയ്യില്‍ കൊണ്ടു. പേപ്പര്‍ ചോരയില്‍ കുതിര്‍ന്നു കീറി പോയിരിക്കുന്നു. അത്രയ്ക്ക് ചോര ഉണ്ടായിരുന്നോ? ബാഗില്‍ കിടന്ന ആധാര്‍ കാര്‍ഡിലും ചോര പുരണ്ടിരിക്കുന്നു. വേഗം അതെടുത്തു തുടച്ചു വച്ചു. ഒരു പൗരന്‍റെ അസ്തിത്വമാണ് ആധാര്‍ കാര്‍ഡ്. ജീവനില്ലെങ്കിലും ശരീരം തകര്‍ന്നു തെറിച്ചാലും ആധാര്‍ കാര്‍ഡ് വേണം. എത്രപേര്‍ക്ക് അനുശോചിക്കാനുള്ളതാണ്. കണ്ണീരൊഴുക്കേണ്ടതാണ്. ഐ ഐ ടി യിലെ വലിയ ശാസ്ത്രജ്ഞനാണ്, അസ്ട്രോ ഫിസികിസിന്‍റെ അവസാന വാക്കാണ് എന്നൊക്കെ പറയണമെങ്കില്‍ അവര്‍ക്ക് തെളിവ് വേണ്ടേ? ചാനലുകള്‍ക്ക് സെന്‍സേഷന്‍ മതിയല്ലോ. സത്യമറിയണ്ടല്ലോ. തന്‍റെ മനസ്സറിയണ്ടല്ലോ. താന്‍ സഹിക്കുന്ന അപമാനങ്ങളും, അവഗണനകളും ആര്‍ക്കും അറിയേണ്ടല്ലോ.
“പഠാന്‍ ഇത് നിന്‍റെ വെറും സംശയമാണ്. നിന്‍റെ അപകര്‍ഷതാ ബോധം. എന്നും നിന്‍റെ പ്രശ്നം ഇതായിരുന്നു. ദയവു ചെയ്ത് നീ നേരെ ചിന്തിക്ക്. അല്ലെങ്കില്‍ നിന്‍റെ കുടുംബം തകരും.” ദേബേന്‍ഡര്‍ ഭട്ടാചാര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവനെ വിശ്വാസമാണ്. പക്ഷെ ഒന്നുണ്ട് അവനും ബ്രാഹ്മണനാണ്. സുഭഗയും, ഘോഷും എല്ലാം ബ്രാഹ്മണരാണ്. താന്‍ വെറും ഹീന ജാതി. അധഃകൃതന്‍. സംവരണം കൊണ്ടു മാത്രം ഉയര്‍ന്നു വന്നവനാണ് എന്നാണ് ഇവരുടെയൊക്കെ ധാരണ. കുലമഹിമയും, സംസ്കാരവും ഇല്ലാത്ത വര്‍ഗ്ഗം എന്ന് തീര്‍ച്ചയായും രഹസ്യമായി പറയുന്നുണ്ടാകും. തനിക്കറിയുമല്ലോ ഇവരുടെയൊക്കെ മനസ്സിലിരുപ്പ്. എന്നാലും സുഭഗയും?
എപ്പോഴും വൃത്തിയും, വീറും ഇല്ലാത്തവന്‍ എന്ന കുറ്റമാണ്. കുളിച്ചിട്ടു വന്നാലും അയ്യേ വിയര്‍പ്പു നാറുന്നല്ലോ, നല്ലവണ്ണം സോപ്പ് തേച്ചില്ലേ? കക്ഷമൊക്കെ ഉരച്ചു കഴുകണം. അയ്യേ, പല്ലു തേക്കാതെയാണോ രാത്രി കിടക്കുന്നത്? ഊണ് കഴിക്കുമ്പോള്‍ അല്പം കൂടി പതുക്കെ കഴിച്ചാട്ടെ. പത്തുനാള്‍ പട്ടിണി കിടന്നവന്‍ ആക്രാന്തത്തോടെ വാരി വലിച്ചു തിന്നും പോലെ കഴിക്കാതെ. ആരും എടുത്തോണ്ട് പോകില്ല. അങ്ങനെ നിസ്സാര കാര്യങ്ങളില്‍ പോലും കുറ്റമാണ്. ഇതൊക്കെ എങ്ങനെ തമാശയാകും? അതിന്‍റെയൊക്കെ വ്യംഗ്യം ഇതൊക്കെ നിന്‍റെ ജാതിയുടെ സംസ്കാരമാണ്. രക്തത്തില്‍ ഉള്ളതാണ് എന്നാണ്.
പിന്നെന്തിനാണ് അവള്‍ തന്നെ സ്നേഹിച്ചത്? കൂടെ ഇറങ്ങി വന്നത്? കുട്ടികള്‍ മൂന്നായില്ലേ? അല്ല, ആദ്യത്തേത് ഘോഷിനെ പോലെയല്ലേ? ഒരു പക്ഷെ അന്നേ കൊച്ചു വയറ്റില്‍ ഉണ്ടായിരുന്നിരിക്കണം. ആര്‍ക്കറിയാം? അതായിരിക്കാം ഉടനെ കല്യാണം വേണമെന്നവള്‍ നിര്‍ബന്ധം പിടിച്ചത്. ബാക്കി കൂട്ടുകാരൊക്കെ “ഇപ്പോഴോ” എന്ന് സംശയിച്ചപ്പോള്‍ പോലും അവളോടൊപ്പം നിന്ന് “ഓരോന്നിനും ഓരോ സമയമുണ്ട്, സുഭഗക്കു ഇപ്പോള്‍ വേണം എന്ന് തോന്നിയാല്‍ ഇതാണ് സമയം. അല്ലേല്‍ ചിലപ്പോള്‍ നടക്കാതെ പോകാം.” എന്നൊക്കെ പറഞ്ഞത് അവന്‍ മാത്രം. അന്ന് ശരിക്കും ജോലിയില്‍ പോലും കയറിയിരുന്നില്ല. പോസ്റ്റിങ്ങ് ഓര്‍ഡര്‍ കയ്യില്‍ കിട്ടിയതേ ഉണ്ടായിരുന്നുള്ളു. രജിസ്റ്റര്‍ ഓഫീസില്‍ ഒരു സാക്ഷി അവനും, കൊള്ളാം, നാടകം. ഇതുവരെ എത്ര സമര്‍ത്ഥമായി ആണവര്‍ തന്നെ കബളിപ്പിച്ചത്? തീര്‍ച്ചയായും അവനെ തല വെട്ടി കൊല്ലേണ്ടതായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ടപ്പോള്‍ ആദ്യമേ അങ്ങനെ ചെയ്യേണ്ടതായിരുന്നു. അപ്പോഴും അവന്‍റെ ധൈര്യം കണ്ടില്ലേ? “പഠാന്‍ നിനക്ക് സംശയരോഗമാണ്. സുഭഗയെനിക്ക് പെങ്ങളെ പോലെയാണ്. അവള്‍ പാവം. നിനക്ക് ഭ്രാന്താണ്. നീ എന്നെ കൊന്നോളൂ. എന്നാല്‍ നീ സങ്കടപ്പെടും. കണ്ടോളു.”
സഞ്ചിയുടെ താഴ്വശമൊക്കെ ചോരപുരണ്ട് നനഞ്ഞിരിക്കുന്നു. അതില്‍ നിന്നിത്ര ചോരയോ? ഒറ്റ വീശായിരുന്നു. രണ്ട് തുണ്ട്. ചോര പുരണ്ട തുണികളെല്ലാം കൂടി സഞ്ചിയില്‍ ഇടണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ ചോര പുറത്തേക്കു ഒഴുകുന്നില്ല. ഉള്ളത് കട്ടിയായിക്കാണും. മുകളിലേക്ക്, വീണ്ടും മുകളിലേക്ക്. മൊട്ട മല. ഒരു മരം പോലും ഇല്ല. ചൂട് കാറ്റ്. അതിപ്പോള്‍ ഡ്രമ്മടിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ ചൂളമടിച്ചു, ഹുങ്കാരങ്ങളിട്ടു, താളം കൊഴുപ്പിച്ചു. തന്നെ കൂടി കറക്കിയടിച്ചിടുന്ന ചുഴലികള്‍. ഭയപ്പെടുത്തുന്ന ഏകാന്തത, വിജനത. ഈ വഴിയേ അധികം ആരും വരാറില്ല. എല്ലാവരും അപ്പുറത്തുള്ള നടപ്പാതയില്‍ കൂടിയാണ് പോകുക. അവിടെ ഇത്ര കൂര്‍ത്ത പാറകളില്ല. ഇത് കുറച്ചു എളുപ്പവഴിയാണ്. എന്നാല്‍ മുഴുവന്‍ ചെങ്കുത്തായ പാറകളാണ്. അതിനാല്‍ അപകടകരമായ വഴിയാണ്. തനിക്കിനി എന്തപകടം വരാനാണ്. പഠാന് ഒരു ഹാസ്യ ചിരി വന്നു. കുറച്ചു കടന്നലുകള്‍ പറക്കുന്നുണ്ടായിരുന്നു. അവ നേരെ വന്നപ്പോള്‍ അവന്‍ കൈ വീശി ഓടിച്ചു. വീണ്ടും അവ നേരെ ആര്‍ത്തു വന്നപ്പോള്‍ സഞ്ചി വീശി ഓടിച്ചു. സഞ്ചിപ്പുറത്തു ഒട്ടിയിരുന്ന കട്ടിയായ ചോരത്തുള്ളികള്‍ നാലുപാടും ചിതറി തെറിച്ചു. ആരാന്‍റെ ചോര. വേഗം പാറകള്‍ ചാടിക്കയറി അവിടെ നിന്ന് ഓടിയകന്നു.
ചുറ്റിലും കറുത്തിരുണ്ട കരിമേഘങ്ങള്‍. ഭീമാകാരനായ കാട്ടുപോത്തും, കാണ്ടാമൃഗവും, കാട്ടാനയും പോലെ, അവ ചുറ്റിലും നിന്ന് ഭയപ്പെടുത്തുന്നു. മുന്നോട്ടെല്ലാം അറ്റങ്ങള്‍ കൂര്‍ത്ത പാറകള്‍ വാരി വിതറി മലമുകളിലെ ഭ്രാന്തന്‍ ദൈവം വെല്ലു വിളിക്കുന്നു, “ധൈര്യമുണ്ടെങ്കില്‍ കേറി വാടാ.”
വികൃതരൂപിയും, വൃത്തികെട്ടവനുമായ, മലഭീകരന്‍ പഠാനെ വെല്ലുവിളിച്ചു.”കേറി വാടാ അധഃകൃതാ.”
“പഠാന്‍ നിങ്ങളുടെ ബുദ്ധി ഷാര്‍പ്പ് ആണ്. വേലയില്‍ മിടുക്കന്‍. എന്നാല്‍ ആളുകളോട് ഇടപെടുമ്പോള്‍ അല്പം കൂടി പോളിഷ്ഡ് ആകണം. ഒരു ഐ ഐ ടി പ്രൊഫസറുടെ അന്തസ്സും, മാന്യതയും കാട്ടണം. ചിലപ്പോഴൊക്കെ നിങ്ങള്‍ ഇടപെടുന്നത് തറയായിട്ടാണ്. ഒരു തരം ചന്തപ്പിള്ളേരുടെ കൂട്ട്. അല്ല, പറഞ്ഞിട്ടുകാര്യമില്ല.” ഡീനിന്‍റെ പരസ്യ ശാസന. ഉദ്ദേശം രണ്ടാണ്. മറ്റുള്ളവരുടെ മുന്‍പില്‍ അപമാനിക്കാം. തന്‍റെ ജാതിയേയും ഒന്ന് കുത്താം. എല്ലാ അപമാനങ്ങളും ഇന്നത്തോടെ തീരട്ടെ.
കുറെ കഴുകന്മാര്‍ എന്തിനെയോ കൊത്തിപ്പറിക്കുന്നു. അഴുകിയ മാംസത്തിന്‍റെ നാറ്റം. എവിടെ നിന്നോ എടുത്തോണ്ട് വന്നതാകും. അല്ലാതെ ഈ മൊട്ട മലയില്‍ എവിടെ നിന്നും കിട്ടാനാണ്. താന്‍ കൊക്കയിലേക്ക് ചാടി ചിതറുമ്പോള്‍ ഇവ വന്നു കൊത്തിപ്പറിക്കുമോ? പെട്ടെന്ന് പഠാന്‍റെ മനസ്സിലേക്ക് മറ്റൊരു സാധ്യത വന്നു. മേഘങ്ങളിലേക്ക് ചാടുന്നതിനു പകരം ഇവയുടെ മുന്‍പില്‍ പോയി കിടന്നു കൊടുത്താലോ? നിങ്ങള്‍ കൊത്തിപ്പറിച്ചു തിന്നോളൂ. പെട്ടെന്ന് ഓര്‍മ്മ വന്നു, കഴുകനുള്ള തീറ്റ ശരിയാകില്ല. അങ്ങനെയെങ്കില്‍ മറ്റെന്തെല്ലാം വഴികളുണ്ടായിരുന്നു. എന്തിന് ഈ മല കയറി വന്നു? പണ്ടേ ഭൗമിക്ക് പറഞ്ഞ പോലെ ഒരു പേര്, “പഠാന്‍ പോയിന്‍റ്” തന്‍റെ പേരിലിരിക്കട്ടെ. അതെങ്കിലും വേണ്ടേ ഈ ലോകത്തു തന്‍റെ വക ശേഷിപ്പുകള്‍?
കരിമേഘങ്ങള്‍ ഒഴുകി വരൂമ്പോള്‍ കാഴ്ചകള്‍ മങ്ങുന്നു. വല്ലാതെ വൃത്തികെട്ട ഒരു പൊടി കാറ്റ്. കാറ്റിന്‍റെ വന്യമായ ഹുങ്കാരം. അടുത്തെങ്ങും ആരുമില്ല. അപകടമുള്ള ഈ വഴി ആരും വരാറില്ല. അല്ലെങ്കിലും ഈ നട്ടുച്ച നേരത്തു ആര് വരാനാണ്? മഞ്ഞു കാലത്തും, വസന്തത്തിലുമാണ് ഇവിടെ മല കാണാന്‍ ആളുകള്‍ വരുക. ഇപ്പോള്‍ തൊട്ടടുത്ത് പീക് കാണാം. നാളത്തെ “പഠാന്‍ പോയിന്‍റ്”. അയാള്‍ക്ക് രസം കയറി. അയാള്‍ ഉച്ചത്തില്‍ കൂകി വിളിച്ചു, “ഞാനിതാ പറന്നു വരുന്നു. പഠാന്‍ പോയിന്‍റ്, പഠാന്‍ പോയിന്‍റ്”
നല്ല പ്രാസമുണ്ട്. മലയിടുക്കുകള്‍ക്കും, മേഘപാളികള്‍ക്കും അതിഷ്ടമായി. “പഠാന്‍ പോയിന്‍റ്, പഠാന്‍ പോയിന്‍റ്” അവര്‍ താളലയങ്ങളിട്ട് ഏറ്റു വിളിച്ചു.
“വാ വന്ന് ചാടിക്കോളൂ. കൈകളിലിട്ട് തട്ടിക്കളിച്ച്, ഞങ്ങള്‍ താഴേക്കെറിയാം. തല പൊട്ടിത്തെറിച്ചു, ശരീരം ചിതറി തെറിച്ചു, നീ ആരും അല്ലാതായി പോകട്ടെ. പറ്റിയാല്‍ ഞങ്ങള്‍ നിന്നെ, തിരിച്ചറിയാനാവാത്ത പോലെ കഷണങ്ങളായി ചീന്തിയെറിയാം.” ആഹ്ലാദാരവത്തോടെ വിളിച്ചു.
പെട്ടെന്നാണ് ഒരു ദീന രോദനം അയാളുടെ കാതുകളില്‍ വീണത്. തളര്‍ന്ന കരച്ചില്‍. അയാള്‍ വേഗം അങ്ങോട്ട് ചെന്നു. ഒരു നായക്കുട്ടി. നല്ല വെളുപ്പ് നിറമുള്ള ഒരു പൊമറേനിയന്‍ നായക്കുട്ടി. തളര്‍ന്നു കിടന്നു കരയുകയാണ്. പീക്കില്‍ നിന്നും കുറെ താഴെയാണ്. ചെങ്കുത്തായ സ്ഥലം. കാഴ്ച കാണാന്‍ വന്ന ഏതോ ടൂറിസ്റ്റിന്‍റെ കയ്യില്‍ നിന്നും താഴെ വീണതാകാം. രക്ഷിക്കാന്‍ പറ്റാഞ്ഞതിനാല്‍ അവര്‍ ഉപേക്ഷിച്ചു കടന്നു പോയതാകാം. ആര്‍ക്കെങ്കിലും ഒരു ജീവനെ അങ്ങനെയങ്ങു ഉപേക്ഷിച്ചു പോകാനാകുമോ? പഠാന്‍റെ മനസ്സ് പിടച്ചു. നോക്കിനില്‍ക്കെ നായക്കുട്ടിയുടെ മുഖം ഘോഷിന്‍റെ മുഖമായി. അരക്കു കീഴെ ചോര വാര്‍ന്ന് വാര്‍ന്ന് ഘോഷ് പിടയുന്നു. ‘പഠാന്‍ ഒരുവന്‍റെ സംശയത്തിന്‍റെ ഇരയാണോ മറ്റൊരാള്‍? നിന്‍റെ പാപം ചാടി ചത്താല്‍ തീരുമോ?’
നായ കുട്ടി അവന്‍റെ ചങ്കില്‍ ഒരു മുറിവ് കോറിയിട്ടു. മുറിവില്‍ നിന്നും ചോര ചീറ്റിയപ്പോള്‍ പഠാന്‍റെ ഉള്ള് നനഞ്ഞു. ആ നനവ് ഞരമ്പുകളില്‍ കൂടി അവന്‍റെ ശരീരമാകെ പടര്‍ന്നു. അതവന്‍റെ കണ്ണുകളില്‍ കൂടി വെളിയിലേക്കു ഒഴുകിയിറങ്ങി.
മലമുകളിലെ കറുത്ത ദൈവങ്ങള്‍ അവനോട് ഗര്‍ജ്ജിച്ചു ‘ചാടടാ. ചാട്. എന്താടാ ചാടാത്തത്. തെണ്ടി.’
നെഞ്ചിന്‍റെ പടപടപ്പ്. അലിവിന്‍റെ വേദന. കരുണയുടെ നൊമ്പരം. എന്നോ കൈമോശം വന്ന വികാരങ്ങള്‍ പഠാന്‍ തിരിച്ചറിയുകയായിരുന്നു. ഒരിക്കല്‍ കൂടി നായക്കുട്ടിയുടെ കണ്ണുകളിലേക്ക് അയാള്‍ നോക്കി. അയാള്‍ക്ക് സഹിച്ചില്ല. കയ്യിലിരുന്ന സഞ്ചി വലിച്ചെറിഞ്ഞിട്ട്, വെടി കൊണ്ട പന്നിയെപ്പോലെ അയാള്‍ ആ മലമുകളില്‍ ഓടി നടന്നു.
ടൂറിസ്റ്റുകള്‍ വരുന്ന ഭാഗത്തേക്ക് ഓടി പോയി. ആളുകളേയും കൂട്ടി വടവുമായി വന്നു. വന്നവര്‍ അറച്ചു നിന്നപ്പോള്‍ പൊക്കങ്ങളുടെ പേടി മറന്ന് പഠാന്‍ കൊക്കയിലേക്ക് കയറില്‍ ഇറങ്ങി. അപകടമാണ് ഇറങ്ങരുതെന്ന് ആളുകള്‍ വിലക്കിയപ്പോള്‍ കാറ്റ് ഹൂങ്കാരമിട്ടു. “അവനെ വിട്. മേഘപാളികളില്‍ തട്ടി, തട്ടി പറന്നു പോകാന്‍ കൊതിച്ചവനല്ലേ? അവനെ ഞങ്ങള്‍ പറപ്പിക്കട്ടെ.”
മേഘങ്ങള്‍ വിളിച്ചു കൂകി “ഞങ്ങളെ വെറും കാട്ടുപോത്തും, കാണ്ടാമൃഗവും, കാട്ടാനയുമായാണവന്‍ കണ്ടത്. അപ്പോള്‍ പിന്നെ ആ സ്വഭാവം ഞങ്ങള്‍ അവന് ശരിക്കും കാട്ടി കൊടുക്കണ്ടേ? അതുകൊണ്ട് അവനെ വിട്. ഇറങ്ങി വാടാ.”
പഠാന്‍ ഒന്നും കണ്ടില്ല. കേട്ടില്ല. ദൈന്യമായ ജീവന്‍റെ കേഴുന്ന മുഖം മാത്രമേ കണ്ടുള്ളു. വാടിയ ചീര തണ്ടുപോലെ കിടന്ന ഘോഷിനെ അയാള്‍ വാരിയെടുത്തു. നെഞ്ചോട് ചേര്‍ത്തു. “എന്‍റെ പൊന്നേ.”
കൂട്ടാളികള്‍ വടം വലിക്കുമ്പോള്‍ മലമേലെ നിറച്ചാര്‍ത്തുമായി നില്‍ക്കുന്ന ആകാശത്തിന്‍റെ അടരുകള്‍ അയാള്‍ കണ്ടു. ജ്വലിക്കുന്ന സൂര്യന്‍റെ, കുന്നിന്‍ ചരുവുകളില്‍ പ്രതിഫലിക്കുന്ന പൊന്‍പ്രഭ അയാള്‍ കണ്ടു. മലഞ്ചരുവുകളിലും, മലയിടുക്കുകളിലും, മുഴുവന്‍ പൂത്തു നില്‍ക്കുന്ന പേരറിയാത്ത നൂറായിരം ചെടിക്കൂട്ടങ്ങളുടെ വര്‍ണ്ണപ്പൊലിമ കണ്ടു. താഴ്വാരങ്ങളില്‍ കണ്ണാടി പിടിക്കുന്ന നീലച്ചോലകളുടെ മനോഹാരിത കണ്ടു. മലയുടെ കൊതിപ്പിക്കുന്ന സൗന്ദര്യം കണ്ടു. ഒരു കൊച്ചു കുഞ്ഞിന്‍റെ കൗതുകത്തോടെ അയാള്‍ മലയുടെ വശ്യമായ സൗന്ദര്യം കണ്ടു. അപ്പോള്‍ മറ്റൊരു കുഞ്ഞു ഹൃദയം അയാളുടെ ഹൃദയത്തോടെ ഒട്ടിയിരുന്നു ചോദിച്ചു.
“നിനക്ക് ഈ മലയുടെ സ്നേഹം കാണാനാവുന്നുണ്ടോ? കാറ്റിന്‍റെ സ്നേഹം കേള്‍ക്കാനാവുന്നുണ്ടോ? പ്രകൃതിയുടെ സ്നേഹം മണക്കാനാവുന്നുണ്ടോ?”
അയാള്‍ നായകുട്ടിക്ക് പാലും, ബിസ്ക്കറ്റും കൊടുത്തു. അതിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. മനോഹരമായ പാറകളും, ഉരുളന്‍ കല്ലുകളും. അവിടെയും, ഇവിടെയും പിങ്കും, വെള്ളയും പൂക്കളുള്ള കുറ്റി ചെടികള്‍. നോക്കെത്താ ദൂരത്തോളം ചിത്രം വരച്ചപോലെ മലനിരകള്‍. മലമടക്കുകള്‍ നിറയെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ ഇരുളും, വെളിച്ചവും വാരി വിതറി, മദാലസയായ യുവതിയെ പോലെ മലയങ്ങനെ കിടക്കുന്നു. കുന്തിരിക്ക പുകച്ചുരുളുകള്‍ പോലെ വെള്ളി മേഘങ്ങള്‍ പഠാനെ പൊതിഞ്ഞു. കണ്ണുകള്‍ പൊത്തിക്കളിച്ചു. കെട്ടിപ്പിടിച്ചു കൊണ്ട് ചുറ്റും നൃത്തമാടി. അവയെ തൊടുവാന്‍ അയാള്‍ കൈകള്‍ വീശി. അവ അവനെ കളിപ്പിക്കാന്‍ വേര്‍പിരിഞ്ഞു, കുതറി മാറി, വീണ്ടുമൊട്ടി കെട്ടിപ്പിടിച്ചു കടന്നു പോയി. ഇളം കാറ്റ് വന്ന് കാതില്‍ കവിത ചൊല്ലുന്നു.
“ഇപ്പോഴെങ്കിലും നീയൊന്ന് കണ്ണ് തുറന്നല്ലോ. കറുത്ത മലയുടെ കടുത്ത സ്നേഹം കണ്ടല്ലോ. പാറകളുടെ പാവത്തം അറിഞ്ഞല്ലോ. കാറ്റിന്‍റെ കരുണ അറിഞ്ഞല്ലോ.”
അയാളുടെ മനസ്സില്‍ പരിധിയില്ലാതെ സ്നേഹം നുരഞ്ഞു പൊങ്ങി. എല്ലാറ്റിനോടുമുള്ള സ്നേഹം. എല്ലാ മനുഷ്യരോടും, എല്ലാ ജീവജാലങ്ങളോടും, എല്ലാ വസ്തുക്കളോടും. ഹൃദയത്തില്‍ കിടന്നു തുളുമ്പിയ സ്നേഹം, കൈകളില്‍ കൂടി, കാലുകളില്‍ കൂടി, കണ്ണുകളില്‍ കൂടി, മൂക്കില്‍ കൂടി, തൊണ്ടയില്‍ കൂടി വെളിയില്‍ വന്ന് ചുറ്റിലും നിറഞ്ഞു.
“മുറിച്ചിട്ടത് അവിടെയുണ്ട്. ക്ഷമിക്കു ഘോഷ്.” അയാളുടെ പുലമ്പലുകള്‍ പറഞ്ഞു കൊടുക്കാന്‍ കാറ്റ് മുന്നേ പറന്നു പോയി. മല ഓടിയിറങ്ങുമ്പോള്‍ കാലിന് കീഴെ ആടുന്ന കല്ലുകള്‍ പറഞ്ഞു. ‘ചുമ്മാ, വെറും ചുമ്മാ. രസിപ്പിക്കാനാണ്. പേടിക്കണ്ട, ഞങ്ങള്‍ വീഴ്ത്തില്ല. ധൈര്യമായി ഇറങ്ങിക്കോളൂ.’
———————————
വര .വി പി സുനിൽ കുമാർ