ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫോറാനാദേവാലയത്തിൽ അൾത്താരശുശ്രൂഷകർ പ്രാർത്ഥനയോടെ തിരുഹൃദയത്തണലിൽ അൾത്താര ശുശ്രൂഷാ സന്നദ്ധരായി. അൾത്താരശുശ്രൂഷയ്ക്കായി ദിവസങ്ങളായുള്ള ഒരുക്കത്തിന് ശേഷം പ്രാർത്ഥിച്ചൊരുങ്ങി മാതാപിതാക്കളോടൊപ്പം കുട്ടികൾ എത്തിച്ചേർന്നു. മാതാപിതാക്കളോടൊപ്പം പ്രദക്ഷിണമായി വന്ന് ഇടവകവികാരിയുടെ പ്രാർത്ഥനയോടെയും അനുഗ്രഹത്തോടെയും കൊത്തീനായും സൂനാറയും വെഞ്ചരിച്ച് നൽകി. മാതാപിതാക്കളാൽ വെഞ്ചരിച്ച കൊത്തീനായും സൂനാറയും തങ്ങളുടെ മക്കളെ ധരിപ്പിച്ചു. വിശുദ്ധ മദ്ബഹയിലേക്ക് ബഹു. വികാരി ഫാ.തോമസ്സ് മുളവനാൽ കൈപിടിച്ച് പ്രവേശിപ്പിച്ചു. തുടർന്ന് അൾത്താരയിൽ പ്രാർത്ഥയോടെ ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച് നിരന്നു നിന്നപ്പോൾ പ്രാർത്ഥനയോടെ വിശ്വാസസമൂഹം ദൈവത്തിനു നന്ദി പറഞ്ഞു. പുതുതായി ഈ ശുശ്രൂഷയിലേയ്ക്ക് എത്തിച്ചേർന്ന ഏവരെയും വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിൻസ് ചേത്തലിലും അഭിനന്ദിച്ചു. ഒരുക്കങ്ങൾ ക്ക് കോർഡിനേറ്റർമാരായ ബ്രദർ ജിബിൻ, സാബു മുത്തോലം എന്നിവർ നേതൃത്വം നൽകി.