*Patal Lok Series കാണാൻ ഉദ്ദേശിക്കുന്നവർക്ക് സ്പോയിലർ ഉണ്ടാകും*
ചില നടന്മാരുടെ ഒരു പ്രത്യേകത അവരിങ്ങനെ ചെറിയ റോളുകൾ ഒക്കെ ചെയ്‌തു നമ്മുടെ കണ്ണിൽ പെടാതെ നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം നമ്മുടെ പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റിലേക്ക് കയറി ഇരിക്കും. ഇയാളിതെപ്പോൾ വന്നു എന്ന് നമ്മൾ അത്ഭുതം കൂറുമ്പോൾ ഒന്നിന് പുറകെ ഒന്നായി അയാളുടെ സിനിമകൾ കാണാൻ നമുക്ക് അവസരം കിട്ടും. പിന്നെ പിന്നെ അയാളുടെ പേരോ മുഖമോ കണ്ടാൽ ഈ സിനിമ കണ്ടിരിക്കണമെന്ന് തോന്നിപ്പിക്കും. അവർക്ക് സോ കാൾഡ് സൗന്ദര്യമോ, മാസ്സ് ഡയലോഗുകളോ, മരംചുറ്റി പ്രണയ ഗാനങ്ങളോ, സ്റ്റൈലിഷ് ഫൈറ്റ് സീനുകളോ ഒന്നും കാണില്ല. എന്നിട്ടും അവരുടെ ആ അഭിനയം കാണാൻ വേണ്ടി മാത്രം, ഇയാൾ എങ്ങനെ ഈ റോൾ കൈകാര്യം ചെയ്യുമെന്ന കൗതുകം കൊണ്ട് മാത്രം നമ്മൾ കാത്തിരിക്കും. അങ്ങനെ ഒരാളെക്കുറിച്ച് പറയാനാണ് ഈ ബിൽഡ് അപ്പ്.
ജയ്‌ദീപ് ആഹ്ളാവത്ത്-ഹിന്ദി സിനിമ കാണുന്നവർക്ക് ഈ പേര് ഇപ്പോൾ സുപരിചിതം ആയിരിക്കും. അജീബ് ദാസ്താനിലെ ഗേ കഥാപാത്രം ആയ ബബ്ലു ആയാണ് ആദ്യമായി ഈ നടനെ ഞാൻ കാണുന്നത്. പിന്നെ എപ്പോഴോ റാസിയിൽ റോ ഏജന്റ് ആയും കണ്ടു. അതുകഴിഞ്ഞു കണ്ടത് ദൃശ്യം മോഡൽ സിനിമയായ കരീന കപൂറിന്റെ ജാനേ ജാനിൽ. കണക്ക് സാറായി, സൈലന്റ് ആയി ഇരുന്ന ആളെ ആദ്യം എനിക്ക് മനസിലായതേ ഇല്ല. പിന്നെ പിന്നെ ശെടാ ഇയാൾ കൊള്ളാല്ലോ എന്നായി.
നെഗറ്റീവ് അല്ലെങ്കിൽ അൽപം ഗ്രേ ഷെയ്ഡ് റോളുകളിൽ ഇനിയും കാണാമെന്ന് കരുതിയപ്പോൾ ദേ വരുന്നു അപ്പൂപ്പൻതാടി പോലെ സോഫ്റ്റ് ആയൊരു പ്രദീപ് കാമത്ത് ആയി ത്രീ ഓഫ് അസ് എന്ന സിനിമയിൽ. ഇദ്ദേഹത്തിന്റെ റേഞ്ച് മനസിലായത് ഈ കഥാപാത്രം കണ്ടപ്പോഴാണ്. ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രോഡക്റ്റ് ആയതിന്റെയാവാം അഭിനയത്തിന്റെ എല്ലാ സൂക്ഷ്മതകളും അരച്ചു കലക്കിക്കുടിച്ചിട്ടുണ്ട്. ഒട്ടും കൂടാതെ ഒട്ടും കുറയാതെ ഓരോ കഥാപാത്രത്തിന് വേണ്ടത്ര മാത്രം നൽകുന്ന ഒരു നടൻ. അവസാനം ഇറങ്ങിയ ‘മഹാരാജ്’ എന്ന ചിത്രത്തിൽ ശാരീരികമായ ട്രാൻസ്‌ഫമേഷൻ മാത്രമല്ല ഇതുവരെ കാണാത്ത ഒരു ജയ്‌ദീപിനേയും കാണാൻ സാധിച്ചു.
പിക്ചർ അഭി ബാക്കി ഹേ എന്ന് പറഞ്ഞ പോലെ പാതാൾ ലോകിനെക്കുറിച്ച് പറയാതെ എങ്ങനെ ചിത്രം പൂർത്തിയാകും അല്ലെ? വയലൻസ് കണ്ടിരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും സീരീസ് കാണാനുള്ള സമയം കിട്ടാത്തത് കൊണ്ടും മാറ്റി മാറ്റി വച്ചിരുന്നതാണ്. ഒടുവിൽ സെക്കന്റ് സീസൺ ഇറങ്ങിയപ്പോൾ ഇനി ഒഴിവാക്കാൻ ആവില്ലെന്ന് മനസിലായി. ഒരു ജന്മത്തിൽ കേൾക്കേണ്ട ഹിന്ദി തെറികൾ മുഴുവൻ കേട്ടു, ഗോറി ആയ പല രംഗങ്ങളും ശബ്ദരേഖ മാത്രമായി കടന്നു പോയി എങ്കിലും ഈ കഥാപാത്രവും അഭിനയവും ബാക്കി എല്ലാ ജയ്‌ദീപ് ഷോകളിൽ ഏറ്റവും മുകളിൽ തന്നെ നിൽക്കുന്നു. ഹാഥി റാം ചൗധരി ഒരിക്കലും ഒരു പവർഫുൾ പോലീസുകാരൻ അല്ല. വെറും സാധാരണക്കാരനായ ഒരു പോലീസുകാരൻ. നിയമത്തിന്റെയും പ്രോട്ടോക്കോളിന്റെയും ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊറാട്ട് നാടകത്തിനിടയ്ക്ക് ‘ഡ്യൂട്ടി’ ആയി ജോലിയെ കാണുന്ന ഒരു പച്ച മനുഷ്യൻ.
‘രേഖാചിത്ര’ത്തിൽ ആസിഫിന്റെ പോലീസ് കഥാപാത്രം രേഖയുടെ സഹോദരിക്ക് ചെക്ക് കൊടുക്കുന്നുണ്ടല്ലോ? അയാൾ അത് അധാർമികമായി സമ്പാദിച്ച തുകയാണ്. അപ്പോൾ പെട്ടെന്ന് പാതാൾ ലോക് 2 ന്റെ ക്ലൈമാക്സ് ഓർമ വന്നു. കൊല്ലപ്പെട്ട രഘുവിന്റെ മകന്, അവന്റെ അച്ഛൻ ഉൾപ്പെട്ട ഒരു ക്രൈമിന്റെ ഭാഗമായ 2 കോടി രൂപയിൽ നിന്ന് രഘുവിന് അവകാശപ്പെട്ട 5 ലക്ഷം മാത്രം എടുത്ത് കൊണ്ട് പോയി കൊടുക്കുന്ന രംഗം. അവിടെ ഒരു നീതിയുണ്ട്. നന്മയുണ്ട്. പോലീസുകാരന്റെ ഡ്യൂട്ടി ഉണ്ട്. നിയമപരമായി ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു നീതി നടപ്പിലാക്കി പോകുമ്പോൾ ഹാഥി റാം ചിരിക്കുന്ന ഒരു ചിരിയുണ്ട്. തീർച്ചയായും കാണേണ്ട ഒരു സീരീസ് ആണ്.
അൻസാരിയോട് ഹാഥിറാം ഒരവസരത്തിൽ പറയുന്ന ഡയലോഗ് ഉണ്ട്.(അയാൾക്ക് ഒരു ഗേ പാർട്ണർ ഉണ്ടെന്നറിയുമ്പോൾ) “നിങ്ങൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, എന്റെ തലയിൽ അതൊന്നും കയറുകയുമില്ല. പക്ഷെ നിങ്ങളുടെ മനസ് ശരിയെന്ന് പറയുന്നുണ്ടെങ്കിൽ അത് ചെയ്യുക, മറ്റൊന്നും ആലോചിക്കരുത്. ആരെന്ത് പറയുമെന്നത് ചിന്തിക്കരുത്.”
അടുത്ത ജയ്‌ദീപ് ആഹ്ളാവത്ത് സിനിമയ്ക്കോ സീരിസിനോ ആയി കാത്തിരിക്കുന്നു. ഇതുപോലെയുള്ള ഡയലോഗുകൾ നിങ്ങൾ പറഞ്ഞു കേൾക്കാനും….
പവിത്ര ഉണ്ണി