തലസ്ഥാന നഗരിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ കെ. എൻ . ആനന്ദകുമാർ അറസ്റ്റ് ചെയ്യപ്പെട്ടതായി ഇന്ന് പത്രങ്ങളിൽ വാർത്തയുണ്ട് .പാതിവിലതട്ടിപ്പു കേസിൽ പ്രതി ആയതിനാലാണ് അറസ്റ്റ്. ഈ വാർത്ത എൻ്റെ മനസ്സിൽ അത്ര ആനന്ദകരമല്ലാത്ത പല ചിന്തകൾക്കും തീ കൊളുത്തിയിരിക്കുന്നു.
' പാതിവില തട്ടിപ്പി'നെ. ഒരു ക്രിമിനൽ കുറ്റമായി കണ്ടാൽ മാത്രം പോരാ, അതിനെ ഒരു രോഗ ലക്ഷണമായി തിരിച്ചറിയുകയും, രോഗാതുരമായ കേരള സമൂഹത്തിന് ഉചിതമായ ചികിത്സനൽകുകയും വേണം. ' പാതി വില' എന്ന മരീചികയിൽ മയങ്ങി മോഹവലയത്തിൽ പെട്ടവരുടെ പണം അടിച്ചുമാറ്റാനായി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണിതെന്ന വാദം ഒരു വശത്ത്; അതല്ല,ആവശ്യക്കാരെ സഹായിക്കണം എന്ന സദുദ്ദേശത്തോടെ ഒഴുകിത്തുടങ്ങി
യ സേവനകല്ലോലിനി ,പ്രതീക്ഷയ്ക്ക് വിരുദ്ധമായി. CSR മഴ പെയ്യാതായപ്പോൾ, വറ്റിവരണ്ടു പോയതാണെന്നും, ചുവടു പിഴച്ച ഒരു അഭ്യാസിയുടെ. വൻ വീഴ്ചയായി മാത്രം അതിനെ. കണ്ടാൽമതിയെന്നുമുള്ള വാദം മറുവശത്ത്. സംവാദലോലുപനായ മലയാളി ശിവരാത്രി പുലരും വരെ ഈ വിഷയം ചാനലുകളിൽ ചർച്ച ചെയ്താലും സത്യത്തിൻ്റെ ക്യാപ്സ്യൂൾ അയാളുടെ മൊബൈലിൽ അയച്ചു കിട്ടില്ല.
ഈ ദുര്യോഗം കേരളത്തിന് ഭവിക്കുന്നത് ഇതാദ്യമല്ല.' ആട്, തേക്ക്, മാൻ ജിയം ' പോലുള്ള എത്രയോ സൂത്ര വാക്യങ്ങൾ ഈ നാടിൻ്റെ മനസാക്ഷിയെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കീറി മുറിച്ചിരി
ക്കുന്നു! ഇന്നത്തേതിനു സമാനമായ ഒരു സംഭവമുണ്ടായപ്പോൾ ദുഃഖത്തിൻ്റെ മഷിയിൽ പരിഹാസത്തിൻ്റെ തൂലിക മുക്കി '. മിന്നാമിനുങ്ങ് ' എന്നൊരു കവിത ഞാൻ. എഴുതിയിരുന്നു. മനോരമ ആഴ്ചപ്പതിപ്പ്(1987 ജൂൺ 6) പ്രസിദ്ധീകരിച്ച ആ കവിത,. പിന്നീട്,' വിരിയും മുമ്പേ ' എന്ന എൻ്റെ കാവ്യ സമാഹാരത്തിൽ ഉൾക്കൊ ള്ളിക്കുകയും ചെയ്തു.
വായനക്കാരുടെ കരുണാർദ്രമായ പരിഗണനക്കു വേണ്ടി, ആ കവിത ഞാൻ ഇതോടൊപ്പം സമർപ്പിക്കുന്നു.'. മൂന്നിലൊന്ന് ഏതിലും ലാഭം ' ഓഫർ ചെയ്ത് മൂളിപ്പറന്നെത്തിയ കുട്ടപ്പൻ ഒരു രാവിൽ സ്വിച്ച് ഓഫ് ആക്കിയതോടെ നാടെല്ലാം ഇരുളായ കഥയാണ് ആ കഥയിൽ പറയുന്നത്.
ലാഭേച്ഛ മാത്രം മാർക്കറ്റിനെ നയിക്കുന്ന ഒരു പരിതോവസ്ഥയിൽ ജീവിക്കുന്ന ശരാശരി മലയാളി എവിടെയെങ്കിലും ഒരു ചെറിയ ലാഭത്തിനു വഴിയുണ്ടെന്ന്.കേൾക്കുമ്പോൾ എല്ലാം മറന്ന് അവിടേയ്ക്ക് പറന്നെത്തുന്നതു സ്വാഭാവികം. കേരളം ഒരു വലിയ കമ്പോളമായി രൂപാന്തരപ്പെടുകയും,ആഡംബരവും ധാരാളിത്തവും ജീവിത വിജയത്തിൻ്റെ അളവുകോലായി അംഗീകരിക്കപ്പെടുന്ന ഉപഭോഗ സംസ്കാരത്തിലാഴ്ന്നു പോയ,ആർത്തി പൂണ്ട സമൂഹമായി കേരള ജനത പാകപ്പെടുകയും ചെയ്തത് കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ടുണ്ടായ ദുരന്ത പൂർണമായ പരിണാമമാണ്. ' ലളിത ജീവിതവും ഉയർന്ന ചിന്ത'യുമണ് ജീവിതത്തിന് ധന്യതയേറ്റുന്നത് എന്നു പഠിച്ചു വളർന്നവർ കാലക്രമേണ ,'. നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം വീട്ടി ക്കൊള്ളും ' എന്ന പ്രായോഗിക സിദ്ധാന്തത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിതിയിലേക്ക് ഈ സമൂഹം ' വളർന്നു '. ' സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ടു ഭക്ഷിക്കു'ന്നത് മാന്യതയുടെ മുഖമുദ്രയായി കണ്ടിരുന്നവർ ' വിയർക്കാതെ ചീർക്കുന്ന'തിൽ സായൂജ്യം കണ്ടു തുടങ്ങി.
ഈ മനസ്സിനെ ' ബിസിനസ്സ് കണ്ണ് ' കൊണ്ടു നോക്കിക്കണ്ട്, വളക്കൂറുള്ള ആ മണ്ണിലേക്ക് 1967ൽ സർക്കാർ ലോട്ടറിയുടെ വിത്തെറിഞ്ഞത്. ദീർഘദർശിയായ ധനകാര്യ മന്ത്രി പി. കെ. കുഞ്ഞ് സാഹിബ് ആയിരുന്നു. ഇന്നിപ്പോൾ മദ്യം കഴിഞ്ഞാൽ കേരള സർക്കാരിൻ്റെ ഏറ്റവും വലിയ കറവ പ്പശുവായി ലോട്ടറി മാറിയിരിക്കുന്നതിനു പിന്നിൽ. കേരള സമൂഹത്തിൻ്റെ രോഗഗ്രസ്തമായ മനസാണുള്ളത്.
മൾട്ടി ലെയർ ഇളവുകളും ഡിസ്കൗണ്ടുകളും ഒട്ടേറെ ഓഫറുകളും കൊണ്ടു കേരളത്തിൻ്റെ കമ്പോളം മുഖരിതമാകുമ്പോൾ, പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാതെ ' കസ്റ്റമർ ' എന്ന ' പാവം പാവം രാജകുമാരൻ ' കിട്ടാക്കനിയായി മാറുന്ന ലാഭങ്ങളുടെ തടവറയിൽ ഞെളിപിരി കൊള്ളുന്നത് മൂല്യ നിരാസം സൃഷ്ടിച്ച ആന്തരികമായ പൊത്തും പോതും യഥാർത്ഥമായ ആത്മീയതയുടെ. ശാക്തീകരണം അവന് അസാദ്ധ്യമാക്കിതീർക്കുന്നതുകൊണ്ടാണ്.
' മത പരത' (Religiosity)യുടെ' ഒരു നാളും പൂക്കാ മാങ്കൊമ്പിൽ ' വാണിജ്യവൽ കരണത്തിൻ്റെ ഇത്തിൾക്കണ്ണി പടർന്നു കയറുമ്പോൾ ആഘോഷത്തിമിർപ്പു കളുടെയും ( Carnivalisation) പ്രദക്ഷിണ ങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ഒച്ചപ്പാടിനിടയിൽ മനസാക്ഷിയുടെ നേർത്ത ശബ്ദം അന്ധനും ബധിരനും ആയിത്തീരുന്ന വിശ്വാസി എങ്ങനെ കേൾക്കാൻ. ?
" "തെറ്റിയതെന്താണെവിടെയാവോ" എന്നു പ ട്ടുടുപ്പിട്ട അധ്യക്ഷന്മാരും. , ഉടുപ്പേ ഇടാത്ത ആചാര്യന്മാരും, തൊപ്പിയണിഞ്ഞ പ്രഭാഷകരും ആത്മപരിശോധനയിലൂടെ. കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട് . സർക്കാരിൻ്റെ നിയമവും പോലീസിൻ്റെ ലാത്തിയും കൊണ്ട് ചെയ്യാവുന്നതിനേക്കൾ. കൂടുതൽ നല്ല ചികിൽസ കേരള സമൂഹത്തെ ബാധിച്ച ഈ രോഗത്തിനു. ചെയ്യാൻ കഴിയുന്ന. വൈദ്യന്മാർ പള്ളി മേട കളിലും അരമനകളിലും ആശ്രമങ്ങളിലും
മഠങ്ങളിലും മദ്രസകളിലുമൊക്കെ ഇരുന്ന് കണ്ണൊന്നു തുറന്നെങ്കിൽ. എന്നാശിച്ചു പോകുന്നു.
ജയിംസ് ജോസഫ് കാരക്കാട്ട്