PRAVASI

പഴമയിലെ എന്നമ്മ

Blog Image

പാവമാരുന്നമ്മ, ഉണ്ണാനൊരുങ്ങാന്‍ നേരമില്ലാത്താ 
പാവമാമമ്മയെ ഓര്‍ക്കുന്നു ഞാനിന്ന്, 
വീടു നിറയെ കുട്ടികള്‍, നാല്‍ക്കാലിവൃന്ദം
വിരുന്നുകാര്‍, ചാര്‍ച്ചക്കാര്‍, ബന്ധുമിത്രാദികള്‍ 
പാടം പറമ്പു് കാലികള്‍ വേലക്കാരും,
അച്ഛനൊരുഗ്ര പ്രതാപിയായ് കോലായില്‍
ചാരുകസേരയില്‍ ചാരി സുഖിമാനായ്
ആജ്ഞ നല്‍കാന്‍ മാത്രം നില്‍ക്കുന്നൊരച്ഛനും 
അമ്മ വാതില്‍ക്കല്‍ തലകാട്ടി യോരോന്നായ് 
മെല്ലെയുണര്‍ത്തിക്കെ മൂളല്‍ മാത്രം ബാക്കി,
ആണ്‍ടുതോറും വംശാവലി കൂടും വീട്ടില്‍ 
ജോലിക്കായോടിത്തളരുന്നൊരമ്മയ്ക്കു 
കൂട്ടായി വീട്ടിലെ മൂത്ത മകള്‍ മാത്രം,
താഴെയുള്ളോര്‍ക്കോരോ പണിയേകുമവള്‍,
വീട്ടുജോലിക്കു തുണയായ് ചിലര്‍കാണും
എത്ര ചെയ്തീടിലും ബാക്കിയാകും വേല,  
രണ്‍ടു മൂന്നു മുറിയുള്ളൊരാവീട്ടിലോ 
എട്ടു പത്തുമക്കളുണ്‍ടായിരുന്നന്ന്
വിശ്രമമില്ലാത്ത ജോലിയൊതുങ്ങീട്ടു
വിശ്രമിക്കാനൊട്ടും നേരമില്ലാത്തമ്മ, 
സ്ക്കൂളുകള്‍, ദേവാലയമൊക്കെ ദൂരത്തായ്
കാല്‍വണ്‍ടിയല്ലാതൊരാശ്രയമില്ലന്ന്,
അമ്മ വിളമ്പുന്നതെന്തും മടിക്കാതെ
സംതൃപ്തിയോടെ കഴിച്ചന്നു ഞങ്ങള്‍
ഉള്ളതില്‍ സംതൃപ്തി കാട്ടുവാനെന്നമ്മ
കാട്ടിത്തന്ന പാതയെന്നുമെന്‍ സായൂജ്യം !
യാചകര്‍ക്കുള്ളതു നല്‍കുവാന്‍ കൈകളില്‍ 
തന്നു കൊടുപ്പിച്ചതു മൊരു സത് പഥം
പ്രാര്‍ത്ഥനയോടെ തുടങ്ങണം സര്‍വ്വതും, 
എതും സര്‍വ്വേശന്‍ സുഭഗമായ് തീര്‍ത്തിടും;
ജീവിതചക്രം തിരിഞ്ഞു വന്നെത്തിയീ
ജീവിതപന്ഥാവിലെത്തി നില്‍ക്കുമ്പൊഴും
അമ്മയെ കൂപ്പാതൊരു ദിനവുമില്ല,
എത്ര വീട്ടിക്കഴിഞ്ഞാലും പിന്നെയും
 വര്‍ദ്ധിച്ചുി ശേഷിക്കും വന്‍കടം മാതൃത്വം!
അമ്മിഞ്ഞപ്പാലിന്‍ മധുരം നുണയുന്നേന്‍ !
മാതൃദിനം നേരുന്നദൃശ്യയാമമ്മേ !!

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.