BREAKING NEWS

Chicago
CHICAGO, US
4°C

അഭിനവമാമാങ്കം (കവിത -സന്തോഷ് വാര്യർ പന്തളീയൻ)

sponsored advertisements

sponsored advertisements

sponsored advertisements

27 January 2022

അഭിനവമാമാങ്കം (കവിത -സന്തോഷ് വാര്യർ പന്തളീയൻ)

തി വഴുതിയ രാമാനത്ത്
ഗതികെട്ടൊരു നക്ഷത്രത്തിൻ
ചിതയാളിയൊടുങ്ങിയ നേരം
ചതിയൻ്റെ കൊലച്ചിരി കേൾപ്പൂ.

വിറകാളുമടുപ്പിൻചോട്ടിൽ
നിറകണ്ണുകൾ നീറിയിരിക്കും-
ചിറകറ്റ പ്രതീക്ഷപ്പിറകിൽ
വിറകൊള്ളുംനിഴലാട്ടങ്ങൾ.

ഇരവിൻ തരുശാഖകളിൽനി-
ന്നിരുളിൻകടവാതിലുകൾതൻ
പരിവേദനരോദനശബ്ദം
കരളിൻചുടുകാടു ചുടുന്നു.

വളരുന്ന വിശപ്പിനു മീതേ,
വരളുന്ന മനസ്സിനു മീതേ
‘വല’യൊന്നു വിരിച്ചു രസിപ്പൂ
വിരുതൻ, ഒരു വേട്ടക്കാരൻ.

പിരിവെട്ടിയ വിശ്വാസങ്ങൾ
പിരികേറ്റിയ മസ്തിഷ്കങ്ങൾ
പിരിയുന്നു കുടിപ്പകപേറി,
ചിരിചുറ്റിയ ചുരികകളേന്തി.

മരണത്തെ മിനുക്കിയൊരുക്കി,
ഭരണച്ചതുരംഗത്തട്ടിൽ
നിരയായി നിരത്തിനിറുത്തി
‘അരണത്തം’ കുടമാറുന്നേ.

ബധിരത്തിറയാടിയ മണ്ണിൽ
രുധിരപ്പുഴ കുത്തിയൊലിക്കെ
വിധിയെപ്പഴിചാരി നമുക്കീ-
യധിപക്കഴൽ നക്കി മരിക്കാം!

സന്തോഷ് വാര്യർ പന്തളീയൻ