PRAVASI

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

Blog Image

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ്  മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.