PRAVASI

'പോറ്റിയേ...കേറ്റിയേ..'

Blog Image

ഈ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി, വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് 'പോറ്റിയേ, കേറ്റിയേ' എന്ന ഗാനം.
പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി, എഴുതിയവനും പാടിയവനും പാടിപ്പിച്ചവനും ഏറ്റുപാടിയവര്‍ക്കുമെതിരെ, 'വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നു' എന്ന ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമിമലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റുപാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥ!
അയ്യപ്പന്‍റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന്‍ വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന്‍ അല്ല ഇത്. ഈ മോഷണപരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് പോറ്റി. ഏതു വമ്പന്‍ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചാലും വമ്പന്മാരിലേക്ക് ഈ അന്വേഷണം നീങ്ങുകയില്ല എന്ന് മുന്‍കാല അനുഭവങ്ങള്‍ വെച്ച് നമുക്ക് അനുമാനിക്കാം.
ഇപ്പോള്‍, പൂരാഘോഷത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് കുടമാറ്റം നടത്തുന്നതു പോലെ, പോറ്റിയും നേതാക്കന്മാരും ഒരുമിച്ചുള്ള ഫോട്ടോ പരസ്പരം പ്രദര്‍ശിപ്പിച്ചു കളിക്കുകയാണ് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍.
കടകംപള്ളി സുരേന്ദ്രനും പോറ്റിയുമായുള്ള ചിത്രം കോണ്‍ഗ്രസുകാര്‍ കാണിക്കുമ്പോള്‍, അടൂര്‍ പ്രകാശും പോറ്റിയുമൊത്തു നില്‍ക്കുന്ന പടം കമ്യൂണിസ്റ്റുകാര്‍ പോസ്റ്റു ചെയ്യുന്നു.
സോണിയാ ഗാന്ധിയുടെ കൈയില്‍ പോറ്റി 'രക്ഷ' കെട്ടി കൊടുക്കുമ്പോള്‍, ഭീമാ ജൂവലേഴ്സിന്‍റെ വക ആംബുലന്‍സിന്‍റെ താക്കോല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് പോറ്റി കൈമാറുന്നു. (ഭീമാ ജൂവലേഴ്സിന്‍റെ പേരു കടന്നുവന്നത് യാദൃശ്ചികമാകാം, അതോ വല്ല സൂചനയുമാണോ?)
സ്വര്‍ണ്ണത്തിനിപ്പോള്‍ പൊള്ളുന്ന വിലയാണെന്നു പറഞ്ഞുകേള്‍ക്കുന്നു.
'പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?' എന്ന് ചോദിക്കുന്നതുപോലെ, ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്?
മത്തി വെട്ടുന്നിടത്ത് വായ് നോക്കിയിരിക്കുക, എലിയുടെ മാളത്തിനു പുറത്ത് കാവലിരിക്കുക ഇതൊക്കെയാണ് പൂച്ചയുടെ ഡ്യൂട്ടി. ഇതിനപ്പുറമുള്ള വലിയ വലിയ കാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുന്നതാണ് ബുദ്ധി. തലപോകുന്ന കേസാണ്. മനുഷ്യന്‍റെ തലയ്ക്കൊന്നും ഇപ്പോള്‍ മത്തിയുടെ വില പോലുമില്ല!
പുണ്യസങ്കേതങ്ങളായി ക്രിസ്ത്യാനികള്‍ കരുതുന്ന ദേവാലയങ്ങളിലെ നേര്‍ച്ചപ്പെട്ടിയിലും ഹിന്ദുക്കളുടെ ക്ഷേത്രഭണ്ഡാരങ്ങളിലും ഭക്തന്മാര്‍ വിശ്വാസത്തോടു കൂടി സമര്‍പ്പിക്കുന്ന കാണിക്ക കൈയിട്ടു വാരുന്ന 'പോറ്റിമാര്‍' വിലസുന്നുണ്ടെന്നുള്ള പകല്‍ പോലത്തെ സത്യം ആര്‍ക്കാണറിയാത്തത്?
നിയമത്തിന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടാലും മുകളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍, ഓര്‍ക്കുന്നവനു കൊള്ളാം.
കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പു കഴിഞ്ഞു. കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്നു പറയപ്പെടുന്നു. ഇതു തെറ്റാണെന്ന് കണക്കുകള്‍ നിരത്തി മാഷ് ചിരിക്കുന്നു. ഏതായാലും ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നുള്ളത് വെറും മിത്തല്ല, സത്യമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം സ്വന്തമാക്കിയാണ് ബിജെപി കരുത്തു തെളിയിച്ചത്. എന്നാല്‍, മേയര്‍സ്ഥാനം വാഗ്ദാനം നല്കി അവിടെ കൗണ്‍സിലറായി  മത്സരിപ്പിച്ചു വിജയിപ്പിച്ച ശ്രീമതി ശ്രീലേഖ ഐ.പി.എസിനെ തഴഞ്ഞ്, ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ വി.വി. രാജേഷിനെ മേയറാക്കിയതില്‍ മാഡം കട്ട കലിപ്പിലാണ്.
അധികാരത്തിന്‍റെ സകല ആനുകൂല്യങ്ങളും ആവോളം ആസ്വദിച്ച് അനുഭവിച്ച് ജീവിച്ച ഒരു വ്യക്തിയാണ് ശ്രീലേഖ മാഡം.. താഴേക്കിടയിലുള്ള സാധാരണജനങ്ങളുമായി ഇടപെഴകുന്നതിനോ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള മെയ്വഴക്കമൊന്നും അവര്‍ക്കില്ല.
പണ്ടൊരു ഫൊക്കാന സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി ഇവിടെയെത്തി, കുറച്ചു ജാഡ കാണിച്ചത് ഓര്‍മ്മയില്‍ വരുന്നു. അവരെ മുറിയില്‍ നിന്നും വേദിയിലേക്കു കൂട്ടിക്കൊണ്ടു വരുവാന്‍ പോയ ഒരു പെണ്‍കുട്ടിയോട് തട്ടിക്കയറി, ആ കുട്ടിയെ കരയിച്ചാണ് അവര്‍ പറഞ്ഞുവിട്ടത്. (അന്നത്തെ ഫൊക്കാന ഭാരവാഹികളില്‍ ഒരാളായിരുന്ന ശ്രീമതി അന്നമ്മ മാപ്പിളശ്ശേരിയുടെ മകള്‍). മാഡം വിചാരിച്ചത് ഓരോ തവണയും ഭാരവാഹികളെല്ലാം കൂടിച്ചെന്ന്, അവരുടെ മുന്നില്‍ ഒച്ഛാനിച്ചു നിന്നു വേദിയിലേക്ക് ആനയിക്കുമെന്നാണ്.
"നിങ്ങള്‍ കേരളത്തിലേക്ക് അവധിക്കു വരുമല്ലോ! അപ്പോള്‍ കേരളാ പോലീസിന്‍റെ വില ഞാന്‍ കാണിച്ചു തരാം. ഞാന്‍ വിചാരിച്ചാല്‍ തിരിച്ച് അമേരിക്കക്കു വരാമെന്നു നിങ്ങള്‍ കരുതേണ്ട-" എന്നൊരു ഭീഷണി മുഴക്കിയിട്ടാണ് അവര്‍ വേദി വിട്ടത്. (ഞാന്‍ സാക്ഷി)
അതുകൊണ്ടാണ് ഒരു കോര്‍പ്പറേഷനിലെ സാധാരണജനങ്ങളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുവാനുള്ള മനസ് അവര്‍ക്കില്ല എന്നു ഞാന്‍ കരുതുന്നത്.
പാലാ മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെയര്‍പേഴ്സണ്‍. കേള്‍ക്കാനൊരു കൗതുകമുണ്ട്. എന്നാല്‍, അതു മാത്രം പോരല്ലോ! ഒരു നഗരത്തിന്‍റെ ഭരണം ശരിയായി നിര്‍വഹിക്കാന്‍ പക്വത വേണം, പരിചയം വേണം, അനുഭവസമ്പത്തു വേണം. ഏതായാലും ഡ്രൈവിങ് സീറ്റില്‍ അച്ഛനും സഹായത്തിന് വലിയച്ഛനും കൂടെയുണ്ടെന്നുള്ളത് ഒരു ആശ്വാസമാണ്.
തിരുവനന്തപുരം മോഡല്‍ ആവുകയില്ല എന്നു പ്രതീക്ഷിക്കാം, നന്മകള്‍ നേരുന്നു.
ഈ പ്രാദേശിയ തെരഞ്ഞെടുപ്പിലെ നേരിയ വിജയത്തിനു പിന്നാലെ, മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലു തുടങ്ങിക്കഴിഞ്ഞു. കട്ടിലിനടിയില്‍ നെരിപ്പോടും പുകച്ച്, കമ്പിളിപുതപ്പും പുതച്ച് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ചേര്‍ത്തലക്കാരന്‍ അറയ്ക്കല്‍ ആന്‍റണി മുതല്‍ പത്തനംതിട്ടക്കാരന്‍ പി.ജെ. കുര്യന്‍ വരെ, തീവ്രത കുറവാണെങ്കിലും വടിയും കുത്തിപ്പിടിച്ച് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ച് അസംബ്ലി മന്ദിരത്തിലേക്കു വേച്ചു വേച്ചു നടപ്പു തുടങ്ങിയെന്നാണ് വാര്‍ത്ത.
ഈയിടെ രാഹുല്‍ മാങ്കൂട്ടത്തിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്താണെന്ന് എന്‍റെ സുഹൃത്ത് റോയി (മലയാളം പത്രം) ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ 'അസൂയ' എന്ന് ഞാന്‍ മറുപടി പറഞ്ഞു. റോയിക്കും അതേ അഭിപ്രായമാണ്.
രാഹുല്‍ ഒരു പുണ്യവാളനാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. അത്യാവശ്യത്തിന് അഹങ്കാരവുമുണ്ട്. എങ്കിലും കഴിവുള്ള ഒരു ചെറുപ്പക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവനെ ഇങ്ങനെ കയറൂരി വിട്ടാല്‍ തങ്ങള്‍ക്കൊരു പാരയാകുമെന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് ഒരു തോന്നല്‍. എന്നാല്‍ പിന്നെ ഒരു പണി കൊടുത്തിട്ടു തന്നെ കാര്യം.
ഒരു സുപ്രഭാതത്തില്‍, ഒരു ഇളിച്ചിവായി നടി വന്ന് ആരോ ഗര്‍ഭിണിയാണെന്നും രാഹുല്‍ ആണ് അതിന് ഉത്തരവാദിയെന്നും പറഞ്ഞപ്പോള്‍ ആ പറഞ്ഞ നടി 'തനിക്കു മകളേപ്പോലെയാണെന്നും' പറഞ്ഞ്, ഇടംവലം നോക്കാതെ, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ആരോപണം ഉന്നയിച്ച ആ നടിയുടെ മുഖത്ത് 'ഞാനൊരു പഠിച്ച കള്ളിയാണെന്ന്' പച്ചകുത്തിയിട്ടുണ്ട്. (ദോഷം പറയരുതല്ലോ, ഈ നടി നമ്മള്‍ക്കെല്ലാം പ്രിയങ്കരിയായ സോളാര്‍ സരിതയുടെ ഏഴയല്‍പക്കത്തു വരില്ല).
എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. നിയമം അനുവദിക്കുമെങ്കില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ആണത്വമുള്ളവനാണെങ്കില്‍, പറവൂരില്‍ നിന്നും പാലക്കാട്ടുനിന്നും ആറന്മുളയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കണം; എനിക്കൊന്നും നേടാനല്ല.
ഇതിന്‍റെ പേരില്‍ 'ബാര്‍ക്ക്' റേറ്റിംഗിനു വേണ്ടി കേരളത്തിലെ വാര്‍ത്താ ചാനലുകാര്‍ പരസ്പരം നോക്കി കുരയ്ക്കുന്നത് കാണുവാനുള്ള ഒരു പൂതികൊണ്ടു മാത്രം.
*        *        *
അമേരിക്കയിലെ 'വിശ്വ വിശാല പൗരന്മാരുടെ അനുവാദത്തോടെ മറ്റുള്ള സാദാ മലയാളികള്‍ക്ക് നന്മ നിറഞ്ഞ    രെു പുതുവര്‍ഷം ആശംസിക്കുന്നു.

രാജു മൈലപ്ര 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.