(Disclaimer: This is a work of Fiction. All names and incidents are purely the product
of author’s imagination. Any resemblance to actual persons, living or dead, or actual
events are entirely coincidental).
അപ്പോള്‍ സംഭവം നിങ്ങളറിഞ്ഞില്ലേ? എന്നാല്‍, ഞാന്‍ പറയാം. ആരും ഞെട്ടരുത്.
പൂര്‍ണ്ണിമ എന്ന ഓമനപ്പേരുള്ള അരുമയായ ഒരു പെണ്‍കൊച്ച് രണ്ടും കല്പിച്ച് അമേരിക്ക കാണുവാനായി പുറപ്പെട്ടു. ഇവര്‍ ഒരു 'യൂട്യൂബര്‍' ആണത്രേ! ഇതിനോടകം തന്നെ ഉഗാണ്ട, കൊറിയ, ക്യൂബാ, ആഫ്രിക്ക, മലയാലപ്പുഴ അങ്ങനെ ഈ ദുനിയാവിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ച് അവിടുത്തെ വിശേഷങ്ങള്‍ മാലോകര്‍ക്കു കാട്ടിക്കൊടുത്തു.
'വീണിടം വിഷ്ണുലോകം' എന്നതാണ് പൂര്‍ണ്ണിമയുടെ പോളിസി. എവിടെച്ചെന്നാലും ഓസിനു താമസിക്കുന്നതാണ് ശീലം. യാത്രയ്ക്ക് ഏതു മാര്‍ഗ്ഗവും സ്വീകരിക്കും, ആരെങ്കിലും നിര്‍ത്തിക്കൊടുക്കുന്ന വാഹനത്തില്‍ കയറും. മോട്ടോര്‍സൈക്കിള്‍, ഓട്ടോറിക്ഷ, ആന, കുതിര, ഒട്ടകം എന്നുവേണ്ടാ ഒരിക്കല്‍ ഒരു മസ്സില്‍മാന്‍റെ തോളിലിരുന്ന് യാത്ര ചെയ്യുവാനുള്ള ഭാഗ്യവും ഈ യുവതിക്ക് ലഭിച്ചു.
യാത്രയ്ക്കിടയില്‍ 'ലിഫ്റ്റ്' കൊടുക്കുന്നവരുമായി പരിചയപ്പെടും. അവരെ ചിരിച്ചു മയക്കി മണിയടിച്ച് അവരുടെ കുടിലിലോ കൊട്ടാരത്തിലോ കയറിപ്പറ്റും.
കിട്ടുന്നതെന്തും കഴിക്കും. പട്ടി, പൂച്ച, പാമ്പ്, എലി ഇവയുടെയെല്ലാം ഇറച്ചി പൂര്‍ണ്ണിമയ്ക്ക് അമൃതാണ്.
കുളിക്കുവാന്‍ കുളിമുറി വേണമെന്നില്ല. ആളു വളരെ 'ഓപ്പണ്‍' ആണ്. വസ്ത്രധാരണമൊന്നും വലിയ വിഷയമല്ല. നഗ്നത മറയ്ക്കുവാന്‍ ഒരു 'ആമിറമശറ' കിട്ടിയാലും ഹാപ്പിയാണ്. വല്ലഭനു പുല്ലും ആയുധം.
ഇടപഴകുന്ന കാര്യത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവൊന്നുമില്ല. പൂവനായാലും പിടയായാലും ഒരുപോലെ എന്ന് ഒരു ഇന്‍റര്‍വ്യൂവില്‍ പറയുന്നതു കേട്ടു.
അതൊക്കെ അവരവരുടെ അഭിരുചി!
അങ്ങനെ ഉലകം ചുറ്റി പൂര്‍ണ്ണിമ ന്യൂയോര്‍ക്കില്‍ പറന്നിറങ്ങി.
കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയായില്‍ കൂടി പരിചയപ്പെട്ട പരോപകാരിയായ പാപ്പച്ചന്‍ ചേട്ടനാണ് ന്യൂയോര്‍ക്കിലെ രക്ഷകന്‍.
കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നും പൂര്‍ണ്ണിമയെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ച് അവരുമായി ന്യൂയോര്‍ക്ക് നഗരമാകെ ഒന്നു ചുറ്റിയടിച്ചു.
കറക്കത്തിനിടയില്‍, പൂര്‍ണ്ണിമ പട്ടണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി. അതാണല്ലോ അവരുടെ തൊഴില്‍.
സന്ധ്യ മയങ്ങും നേരത്ത്, മരം കോച്ചുന്ന തണുപ്പത്ത് ചേട്ടായി തന്‍റെ വാസസ്ഥലത്തെത്തി. ആ വീട്ടില്‍ പാപ്പച്ചന്‍ അങ്കിളിന്‍റെ സഹധര്‍മ്മിണിയുമുണ്ട്. ആ സാധുസ്ത്രീയെ സമ്മതിക്കണം.
ഇതുപോലെ, ഒരു പരിചയവുമില്ലാത്ത 'ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ'പ്പോലെയുള്ള ഒരു പെണ്‍കുട്ടിയുമായി എന്‍റെ വീട്ടിലേക്കു ഞാന്‍ വന്നാലുള്ള അവസ്ഥ ഞാന്‍ വെറുതേ ഒന്നാലോചിച്ചു നോക്കി. പിന്നെ എപ്പോഴാണ് ഞാന്‍ കിടക്കുന്ന "Ventilator'- ̨ന്‍റെ പ്ലെഗ് ഊരുന്നതെന്നു നോക്കിയാല്‍ മതി.
ഈ പൂര്‍ണ്ണിമാ ദേവിക്ക്, ആ വീട്ടില്‍ വെച്ച് എന്തെങ്കിലുമൊരു വീഴ്ച സംഭവിച്ചിരുന്നെങ്കില്‍, എന്തെല്ലാം ഭവിഷ്യത്തുകളുണ്ടായേനേ!
ഇനിയാണ് ട്വിസ്റ്റ്. പൂര്‍ണ്ണിമ ഒരു യൂട്യൂബറാണല്ലോ! മാക്സിമം റീച്ച് കിട്ടണം. അതേപ്പറ്റി ചിന്തിച്ചു. ചിന്തിക്കണമല്ലോ!
ആ കൂരുരിട്ടില്‍, പൂര്‍ണ്ണിമയുടെ കുരുട്ടുബുദ്ധിയില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ ഒരു ഐഡിയാ വെളിച്ചം വിതറി.
പുറത്ത് മഞ്ഞു കലര്‍ന്ന മഴ. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. അങ്ങു ദൂരെ എവിടെയോ ഒരു പട്ടി ഓലിയിടുന്നു. നാഗത്താന്മാരേപ്പോലെ കാര്‍മേഘങ്ങളെ കീറി മുറിച്ചുകൊണ്ട് മിന്നല്‍പ്പിണറുകള്‍ പാറിത്തെളിയുന്നു. നല്ല രംഗസജ്ജീകരണം.
ആരുമറിയാതെ, ക്യാമറയുമായി, ഒച്ചയുണ്ടാക്കാതെ പൂര്‍ണ്ണിമ നഗ്നപാദയായി പുറത്തിറങ്ങി.
'അയ്യോ!' നാട്ടുകാരെ ഓടിക്കൂടുവിന്‍. പാപ്പച്ചായന്‍ ഈ പാതിരാത്രിയില്‍ എന്നെ പെരുവഴീല്‍ ഇറക്കിവിട്ടേ. അമേരിക്കന്‍ മലയാളികള്‍ ഇത്ര നാറികളാണോ? ഇതാണോ അവരുടെ സംസ്കാരം?
കരഞ്ഞു വിളിച്ചുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ പൂര്‍ണ്ണിമ, ലക്ഷ്യമേതുമറിയാതെ, പെരുവഴിയില്‍ അലഞ്ഞുനടന്നു.
'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ'. ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചതിനുമപ്പുറം കടന്നു, മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഈ കദനകഥ റിപ്പോര്‍ട്ട് ചെയ്തു. എണ്‍പതു ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
പൂര്‍ണ്ണിമയുടെ കരളലിയിക്കുന്ന കഥയറിഞ്ഞ മഹാമനസ്കരായ അമേരിക്കന്‍ മലയാളികളുടെ മനസ്സലിഞ്ഞു.
നല്ലവരായ അമേരിക്കന്‍ മലയാളികള്‍ പൂര്‍ണ്ണിമയ്ക്ക് ഇപ്പോള്‍ നാടാകെ സ്വീകരണം നല്കുകയാണ്. പല മലയാളി സമാജങ്ങളും അവരുടെ സമ്മേളനങ്ങളിലേക്ക് വിശിഷ്ടാതിഥിയായി പൂര്‍ണ്ണിമയെ ക്ഷണിച്ചുകഴിഞ്ഞു.
ഒന്‍പതുമാസം ബഹിരാകാശത്തു കഴിയേണ്ടിവന്ന സുനിതാ വില്യംസിനു കിട്ടിയതിനേക്കാള്‍ വലിയ വരവേല്പാണ് പൂര്‍ണ്ണിമയ്ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളികളുടെ ദേശീയ സംഘടനകള്‍, പൂര്‍ണ്ണിമയുടെ ഇനിയുള്ള യാത്രാച്ചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കും എന്നാണറിയുന്നത്.
പൂര്‍ണ്ണിമ തിരിച്ചു കേരളത്തിലെത്തുന്നതിനു മുമ്പായി തന്നെ അവര്‍ക്കൊരു ഭവനവും നിര്‍മ്മിച്ചു നല്കുവാനുള്ള ആലോചനയുണ്ട്.
നിയമപരമായ മുന്നറിയിപ്പ്:
അമേരിക്കയില്‍ വന്ന് , ഈ രാജ്യത്തെ ലോകത്തിനു മുന്നില്‍ അവഹേളിക്കുന്നവര്‍ക്ക് കൈയ്യിലും കാലിലും അണിയിക്കുവാനുള്ള ആഭരങ്ങളുമായി ഒരാൾ കാത്തിരിപ്പുണ്ട് .
അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.
രാജു മൈലപ്ര