നിലമ്പൂര്‍ മണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ഇടതു ഭരണം വീഴ്ത്തി പിവി അന്‍വര്‍. ചുങ്കത്തറ പഞ്ചായത്തിലാണ് അവിശ്വാസ പ്രമേയം നാടകീയമായി പാസായത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. 20 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ നിലവില്‍ ഇരു മുന്നണികള്‍ക്കും 10 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇടത് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പഞ്ചായത്ത് വൈസ്പ്രസിഡന്റ് നുസൈബയാണ് കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചത്.
അന്‍വര്‍ രാഷ്ട്രീയ നീക്കം നടത്തി ഇടതിന് ഭരണം നേടികൊടുത്ത പഞ്ചായത്താണ് ചുങ്കത്തറ. 2020ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണത്തിലെത്തി. എന്നാല്‍ പിവി അന്‍വറിന്റെ ഇടപെടലില്‍ ഒരു യുഡിഎഫ് അംഗം ഇടതു മുന്നണിക്ക് അനുകൂലമായി കൂറുമാറ്റി. ഇതേ നീക്കം തന്നെയാണ് സിപിഎം ബന്ധം ഉപേക്ഷിച്ച ശേഷം തിരികെ പ്രതികാരമായി അന്‍വര്‍ ചെയ്തിരിക്കുന്നത്.
നുസൈബ കൂറുമാറുമെന്ന് മുന്‍കൂട്ടി മനസിലാക്കി ഇവരെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം നുസൈബയെ രാവിലെ 6 മണിക്കു തന്നെ പഞ്ചായത്ത് ഓഫിസിലെത്തിച്ച് അന്‍വര്‍ അതുംപൊളിച്ചു.
രാവിലെ മുതല്‍ തന്നെ ചുങ്കത്തറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ പോലീസ് ലാത്തിചാര്‍ജ് നടത്തി. ഇതിനിടെ പിവി അന്‍വര്‍ സ്ഥലത്ത് എത്തിയതോടെ വലിയ സംഘര്‍ഷമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ അന്‍വറിനെ ഒരു കടയിലേക്ക് സുരക്ഷിതമായി മാറ്റി. ഇതിനു ശേഷമാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത്. വോട്ടെടുപ്പില്‍ സുനൈബ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഇതോടെ ഭരണം വീണു.
ഇത് യുഡിഎഫിനുള്ള ചെറിയ സമ്മാനമാണെന്നും വലുത് വരാനുണ്ടെന്നുമാണ് അന്‍വറിന്റെ പ്രതികരണം. അന്‍വര്‍ അധ്വാനിച്ച് ഉണ്ടാക്കി കൊടുത്ത കുറേ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളുമുണ്ട്. അവിടെ ജയിച്ച മനുഷ്യര്‍ പ്രതികരിക്കും. യുഡിഎഫ്.ശക്തമായൊരു തീരുമാനമെടുത്താല്‍ കേരളത്തിലെ 21 പഞ്ചായത്തുകളിലേയും മൂന്ന് മുന്‍സിപ്പാലിറ്റികളിലേയും ഇടത് ഭരണം അവസാനിക്കുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.