ചിക്കാഗോ: ചിക്കാഗോ മാർത്തോമ്മാ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ "രാഗം 25" സംഗീത സായാഹ്നം മാർച്ച് മാസം 22 തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ചിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ സംഗീത സായാഹ്നത്തിൽ , മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാനരചയിതാവും ആയ ബഹുമാനപ്പെട്ട റവ. വി. ടി ജോൺ അച്ചനെ ആദരിക്കുന്നു.ബഹുമാനപ്പെട്ട അച്ചനൊടുളള ആദരസൂചകമായി ചിക്കാഗോ മാർത്തോമ്മാ ഗായകസംഘം ഒരുക്കുന്ന ഈ സംഗീത നിശയിലേക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. മാർത്തോമ്മാ സഭയിലെ വൈദീകനായി സേവനമനുഷ്ഠിച്ചു ടിബറ്റൻ മിഷൻ ഫീൽഡ് ഉൾപ്പെടെ സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന റവ.വി.ടി ജോൺ അച്ചൻ, അനുഗ്രഹീത ഗാനരചയിതാവ് കൂടി ആണ്. മാരാമൺ കൺവൻഷൻ ഉൾപ്പെടെ വിവിധ ആരാധനകളിൽ ബഹുമാനപ്പെട്ട അച്ചൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇന്നും ഉപയോഗിച്ചു വരുന്നു. മാർത്തോമ്മാ സഭയിലെ സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചു ചിക്കാഗോയിൽ മക്കളോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്ന അച്ചൻ നവതിയുടെ നിറവിലും, ഈ നാളുകളിൽ ചിക്കാഗൊ മാർത്തോമ്മാ ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്നു. "രാഗം 25" എന്ന സംഗീത സായാഹ്നത്തിലൂടെ ബഹുമാനപ്പെട്ട അച്ചൻ എഴുതിയ ഗാനങൾ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ, ഇടവകയിലെ എല്ലാ സംഘടനകളേയും ഉൾപ്പെടുത്തി അവതരിപ്പിക്കാനാണ് ഗായക സംഘം ശ്രമിക്കുന്നത്. രാഗം 25 ന്റെ വിപുലമായ ക്രമീകരണങ്ങൾക്കായി ഗായക സംഘം പ്രസിഡന്റ് റവ. ഡോ. എബി എം തോമസ് തരകൻ അച്ചന്റെയും സഹ വികാരി റവ.ബിജു യോഹന്നാൻ അച്ചന്റെയും നേതൃത്വത്തിൽ ശ്രീ.ബിനോയ് ചെറിയാൻ കൺവീനർ ആയി ശ്രീ.ഉമ്മൻ വർഗീസ്, ശ്രീമതി.സാലി ചാക്കോ, ശ്രീ.കെവിൻ ജേക്കബ് ,Ms. ലിയാൻ തോപ്പിൽ, ശ്രീ.രാജേഷ് ഫിലിപ്പ്, ശ്രീമതി. ലൗലി വർഗീസ്, ശ്രീമതി.സൂസൻ ചാക്കോ എന്നിവർ ഉൾപ്പെടുന്ന കമ്മറ്റി ഇടവക ഗായക സംഘാങളോടൊപ്പം "രാഗം25" ന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ബഹുമാനപ്പെട്ട വി ടി ജോൺ അച്ചന്റെ വിശ്വാസ യാത്രയിലെ അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഗാനങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന "രാഗം 25" ലേക്ക് ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

