PRAVASI

റെയിൽ പാളത്തിൽ ചിന്നിചിതറിയ മൂന്ന് പെൺ ജന്മങ്ങൾ

Blog Image

ചീറി പാഞ്ഞുവരും ട്രെയിൻ മുൻപിൽ റെയിൽ പാളത്തിൽ
നിരാശയുടെ നീർക്കയത്തിൽ ഹൃദയം തകർന്നൊരമ്മ 
രണ്ടരുമ പെൺകിടാങ്ങളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു
ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെൺ ജന്മങ്ങൾ
കഷണം കഷണമായി ചോര ചീന്തി മാംസക്കഷണങ്ങളായി
റെയിൽ പാളത്തിൽ ചിന്നി ചിതറിയ ആ രംഗം എൻ മനോമുകുരത്തിൽ 
എൻ ഹൃത്തടത്തിൽ ഒരു നോവായി ഹൃദയം പിളരുന്ന നൊമ്പരമായി
വാർത്തകൾ കഥകൾ അനുഭവങ്ങൾ കേട്ടമാത്രയിൽ എൻ ഹൃദയം
കൂടുതൽ വിങ്ങിപ്പൊട്ടി ആത്മരോഷത്തിൻ ചിന്തകളിൽ തപ്തമായി
അതിജീവനത്തിനായി ജോലിക്കായി അവർ മുട്ടാത്ത വാതിലുകളില്ലാ
അവർക്കെതിരെ കൊട്ടിയടക്കപെട്ട, തുറക്കാത്ത വാതിലുകൾ 
ഭർത്ത് വീട്ടിലും സ്വന്തം വീട്ടിലും മുഖം തിരിച്ചു നിന്നവർ
കുടുംബ രക്തബന്ധങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കാത്തവർ ഏറെയും
സ്വന്തം ചെയ്തികൾ മുടന്തൻ ന്യായങ്ങളാൽ വെള്ളപൂശാൻ തത്രപ്പെടുന്നവർ
ആരാണ് ഈരക്തത്തിനു ത്തരവാദി  ചോദിക്കാൻ..പറയാൻ..
ഹൃദയ കവാടങ്ങൾ ഹൃദയത്തിൻ അൾത്താരകൾ തുറക്കാത്ത
മതാന്ധ വിശ്വാസികൾ പൂജാരികൾ മതമേലധ്യക്ഷന്മാർ
അവർ തൻ സ്ഥാപനങ്ങൾ മുടന്ത യുക്തിവാദങ്ങളാൽ 
ഈ സ്ത്രീ ജന്മത്തിനെതിരെ വാതിലുകൾ കൊട്ടിയടച്ചു
ഒരു കൈത്താങ്ങ് കൊടുക്കേണ്ടവർ അവൾക്കെതിരെ നിന്നു
ആരായാലും കൊടിയ വിഷബാധിതരാണവർ.. ദുഷ്ടർ..
ഹൃദയത്തിൻ അൾത്താരയിൽ മാനവർക്കെതിരെ പുറംതിരിഞ്ഞ്
ബലിയർപ്പിക്കുന്ന കൊടിയ വിഷബാധിത സാത്താന്മാരണവർ 
മർദ്ദിതരും ചൂഷിതരും പീഡിതരുമായ സോദരി സോദരന്മാർക്കു 
ഒരു ചെറിയ ആശ്വാസമേകാൻ തയ്യാറാകാത്ത അവർ
ഫുൾപിറ്റുകളിൽ, മേടകളിൽ അലറി കൊക്കി വായിട്ടലച്ചു 
മനുഷ്യരെ, ശുദ്ധീകരിക്കാൻ വിശുദ്ധികരിക്കാൻ ബൈബിളിൻ 
ചുങ്കക്കാരൻ കഥ തുടങ്ങി അനവധി സത്യവേദങ്ങൾ ഓതുന്നു
തൊടുപുഴ ചുങ്കം പള്ളി സെമിത്തേരിയിൽ വാരിക്കൂട്ടി സംസ്കരിച്ച
ചേതനയറ്റ ആ മാംസപിണ്ഡങ്ങൾ മരിക്കാത്ത മനസ്സാക്ഷികൾക്ക്
എന്നെന്നും ഒരു പാഠമാകട്ടെ… ഹൃദയത്തിൻ അൾത്താരയിൽ
മാനവ രക്തത്താൽ അർപ്പിക്കപ്പെട്ട ഒരു ബലിയാകട്ടെ…

എ.സി.ജോർജ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.