PRAVASI

റവ.ഫാ. യോഹന്നാന്‍ പണിക്കര്‍ അച്ചന്‍റെ സംസ്കാരം 31-ന്

Blog Image

വിറ്റിയര്‍: ലോസാഞ്ചലസില്‍ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികന്‍ ഫാ. യോഹന്നാന്‍ പണിക്കരുടെ പൊതുദര്‍ശനം 29-ന് ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ അനാഹൈമിലുള്ള സെന്‍റ് ജോണ്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിലും സംസ്കാര ശുശ്രൂഷകള്‍ 31-ന് തിങ്കളാഴ്ച 12.30-ന് സെന്‍റ് തോമസ് വലിയ പള്ളിയില്‍ ആരംഭിച്ച് 3.30-ന് സൈപ്രസിലുള്ള ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതാണ്. ഭാര്യ: പരേതയായ ലില്ലിക്കുട്ടി പണിക്കര്‍. മക്കള്‍: ഡോ. ടോബിന്‍ പണിക്കര്‍, ജോബിന്‍ പണിക്കര്‍ (മാധ്യമപ്രവര്‍ത്തകന്‍), റേച്ചല്‍ മാത്യു (പബ്ലിക് ഹെല്‍ത്ത്). മരുമക്കള്‍: ഡോ. സുമി പണിക്കര്‍, അഡ്വ. ജെനി പണിക്കര്‍, ഡീക്കന്‍ സ്റ്റെഫിന്‍ മാത്യു.
കൊല്ലം കുണ്ടറ മേച്ചിറയില്‍ കുടുംബാംഗമായ ഫാ. യോഹന്നാന്‍ പണിക്കര്‍ കഴിഞ്ഞ 42 വര്‍ഷമായി ലോസാഞ്ചലസ് സെന്‍റ് തോമസ് വലിയപള്ളി വികാരിയായിരുന്നു. കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളജില്‍ നിന്നും ബിരുദപഠനത്തിനു ശേഷം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍നിന്നും വൈദികനായി. 1983-ല്‍ ലോസാഞ്ചലസ് ഇടവകയുടെ വികാരിയായി ചുമതലയേറ്റെടുത്തു.
ലോസാഞ്ചലസ് എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ പ്രഥമ ചെയര്‍മാനായിരുന്നു. അരിസോണ, ലാസ്വേഗസ് സംസ്ഥാനങ്ങളിലും കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ, സാന്‍ഡിയാഗോ എന്നീ നഗരങ്ങളിലും ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വം നല്കി.
ആത്മീയ മേഖലയ്ക്കു പുറമെ വിവിധ മേഖലകളിലും സജീവ സന്നിദ്ധ്യമായിരുന്ന പണിക്കരച്ചന്‍റെ പെട്ടെന്നുള്ള വേര്‍പാട് ഏവര്‍ക്കും ദുഃഖമായി. എക്യുമെനിക്കല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു തോമസ് കോര്‍ എപ്പിസ്കോപ്പ, സെക്രട്ടറി മനു വര്‍ഗീസ്, ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, വിവിധ സഭകളിലെ വൈദികര്‍, കേരളാ അസോസിയേഷന്‍ ഓഫ് ലോസാഞ്ചലസ്, വാലി മലയാളി അസോസിയേഷന്‍ എന്നിവര്‍ അനുശോചിച്ചു.
സംസ്കാര ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഇവാനിയോസ്, മറ്റ് വൈദികര്‍ എന്നിവര്‍ നേതൃത്വം നല്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.