PRAVASI

സഭയും രാഷ്ട്രീയവും ( ലേഖനം )

Blog Image

(ഈ ലേഖനം “ ദൈവരാജ്യം -  ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രത്യാശയും” എന്ന Dr. Thomas V. Ambumkayathu എഴുതിയ പുസ്തകത്തിൽ  ‘ദൈവരാജ്യത്തിന്റെ അതുല്യത’  എന്ന തലക്കെട്ടിൽ (അദ്ധ്യായം - 3) പരാമർശിച്ചിട്ടുള്ള  വിഷയത്തിന്റെ ഒരു സംക്ഷിപ്തമാണ്. (Originally published in English: The Kingdom of God - The Light for Today and the Hope for Tomorrow; available at Amazon.com and Barnes & Noble.  മലയാളം കോപ്പികൾക്ക് ബന്ധപ്പെടേണ്ട വിവരം: Halleluya Books; Pilgrims Vision @ 93888-92442; or at vathomas.pvi@gmail.com )

കഴിഞ്ഞ ലക്കത്തിൽ  വിശ്വാസിയും രാഷ്ട്രീയവും എന്ന വിഷയത്തെ    പരാമർശിച്ച് എഴുതിയ ലേഖനം  അനേകർക്ക് അനുഗ്രഹമായി തീർന്നു എന്ന് അറിയുവാൻ കഴിഞ്ഞു.  ക്രിസ്തീയ സഭ നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന ചില വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഈ ലേഖനങ്ങൾ ഏവർക്കും ദൈവിക ആലോചന  പകരുന്നതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

 ക്രിസ്തീയ സഭയുടെ വിളി
"നീ യഹൂദന്മാരുടെ രാജാവോ?"  എന്ന പീലാത്തൊസിന്റെ ചോദ്യത്തിന് യേശു  കൊടുത്ത മറുപടി, യോഹന്നാന്റെ സുവിശേഷം 18:36 - ൽ  നാം ഇങ്ങനെ വായിക്കുന്നു: “എൻറെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികമായിരുന്നുവെങ്കിൽ എന്നെ യഹൂദന്മാരുടെ കൈയിൽ   ഏൽപ്പിക്കാതെവണ്ണം എൻറെ ചേവകർ പോരാടും ആയിരുന്നു…” ദൈവരാജ്യം,  മറ്റ് ലോകരാജ്യങ്ങളിൽ  നിന്നും വ്യത്യസ്തമാണ്.  ലോകത്തിലെ എല്ലാ രാജ്യങ്ങളും  ഈ ലോകത്തിൽ നിന്ന്  ഉളവായതും ഈ ലോകത്തിൻറെ ഭാഗവുമാണ്.  എന്നാൽ   ദൈവരാജ്യം, ഈ ലോക  വ്യവസ്ഥിതിക്ക് പകരം തൻറെ പുത്രനിലൂടെ ദൈവം  സ്ഥാപിച്ച ഒരു  പുത്തൻ വ്യവസ്ഥിതിയാണ്.  ലോക രാജ്യങ്ങളുടെ ചരിത്രവും അവയുടെ  നേട്ടങ്ങളും ദശലക്ഷക്കണക്കിന്  നിഷ്കളങ്ക മനുഷ്യരുടെ  രക്തത്താൽ എഴുതപ്പെട്ടിരിക്കുമ്പോൾ, ദൈവരാജ്യത്തിന്റെ ചരിത്രം എഴുതപ്പെട്ടിരിക്കുന്നത് അതിന്റെ സ്ഥാപകനും രാജാവുമായ യേശുക്രിസ്തുവിന്റെ സ്വന്തം രക്തത്താൽ ആണ്!  ഒരു കാലത്ത്  പ്രശസ്തിയും, പ്രാമുഖ്യവും  ഉണ്ടായിരുന്ന സകല രാജ്യങ്ങളും സാമ്രാജ്യങ്ങളും ചരിത്രപുസ്തകത്തിന്റെ പേജുകളിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ,   ദൈവരാജ്യം ആകട്ടെ, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം, സാമ്പത്തികം, ജാതി, മത, സഭാ വിഭാഗീയത എന്നീ  മനുഷ്യനിർമ്മിതങ്ങളായ എല്ലാ അതിർത്തികളെയും  അധികരിച്ച് ലോകത്തിൻറെ അറ്റത്തോളം എത്തി, പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ വൃക്ഷമാണ്.  എതിർപ്പുകൾ ഇല്ലാഞ്ഞിട്ടല്ല;   എതിർപ്പുകളെയും പ്രതികൂല ശക്തികളെയും  അതിജീവിക്കുവാനും അധികരിക്കുവാനുമുള്ള ശക്തി സ്വയ നിഷിബ്ദമായ ഒരു പ്രസ്ഥാനമാണ്  ദൈവരാജ്യം!  അതു കൊണ്ടാണ് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സഭയെക്കുറിച്ച്  യേശു പറഞ്ഞത്: “... ഞാൻ എൻറെ സഭയെ പണിയും; പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല…”  (മത്തായി 16:18). 
  ഈ അതുല്യ രാജ്യത്തിൻറെ സാക്ഷികളും വക്താക്കളും ആയിട്ടാണ് യേശു തൻറെ ശിഷ്യന്മാരെ ( ക്രിസ്തീയ വിശ്വാസികളെ) വിളിച്ച്, ഈ ലോകത്തിൽ ആക്കിയിരിക്കുന്നത്.  അവരിൽ നിക്ഷിപ്തമായ ദൗത്യത്തെ വ്യക്തമാക്കുവാൻ കർത്താവ് ഉപയോഗിച്ചിട്ടുള്ള  ദൃഷ്ടാന്തങ്ങൾ പലതുണ്ട്.  അതിൽ ഒന്നാണ് മത്തായി 13 - ൽ നാം വായിക്കുന്ന പുളിച്ച മാവിൻറെ ഉപമ.  ഈ ഉപമയിൽ, ഒരു സ്ത്രീ  ഒരല്പം പുളിച്ച മാവ് എടുത്ത്,  മൂന്ന് പറ മാവിൽ കലർത്തി, അത് മുഴുവനും പുളിപ്പുള്ളതാക്കി മാറ്റുന്നു.  അതുപോലെ, തികച്ചും എളിയ ആരംഭം മാത്രം  അവകാശപ്പെടുവാൻ ഉള്ള ക്രിസ്തീയ  സഭയുടെ വിളി, തങ്ങളുടെ സാക്ഷ്യത്തിലൂടെയും ജീവിത മാതൃകയിലൂടെയും തകർന്നും, പ്രതീക്ഷ  നശിച്ചും കിടക്കുന്ന  മനുഷ്യ മനസ്സുകളെ സ്വാധീനിച്ച്  ദൈവരാജ്യത്തിലേക്ക്  ആനയിക്കുക എന്നതാണ്. മറിച്ച്, മരിച്ചു കിടക്കുന്ന  ഈ ലോകത്താൽ സ്വാധീനിക്കപ്പെട്ടു,  അതിൻറെ മാതൃക  അനുകരിക്കുക എന്നതല്ല. 
 ക്രിസ്തീയ സഭയുടെ ഇന്നത്തെ അവസ്ഥ
   ഒരു മതേതര രാഷ്ട്രമാണ് നമ്മുടെ മാതൃരാജ്യമായ ഭാരതം. നാം ജീവിക്കുന്ന ഈ നൂറ്റാണ്ട്,  കഴിഞ്ഞ കാലങ്ങളേക്കാൾ വിദ്യാഭ്യാസപരവും, സാംസ്കാരികവും, സാമൂഹികവുമായ പുരോഗമനം  കൈവരിച്ചിട്ടുള്ള ഒരു നൂറ്റാണ്ടാണ്.  എന്നാൽ,  ഈ നൂറ്റാണ്ടിലാണ് മറ്റ് എന്നത്തേക്കാളും ഭാരതത്തിൽ മതപീഡനം വർദ്ധിച്ചു  കൊണ്ടിരിക്കുന്നതും. ചില വർഷങ്ങൾക്ക് മുമ്പ്,  ഭാരതത്തിൻറെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച്  സുവിശേഷ യോഗങ്ങൾ നടത്തുവാനുള്ള  ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.  ആ സന്ദർഭങ്ങളിൽ പലപ്പോഴും ഇത്തരം അനുഭവങ്ങൾ എനിക്കും  നേരിടേണ്ടി വന്നിട്ടുണ്ട്.  അതുകൊണ്ട്,  ഭാരതത്തിൽ ക്രിസ്തീയ പീഡനം  ഒരു യാഥാർത്ഥ്യം തന്നെയാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയുവാൻ കഴിയും. ഇങ്ങനെ ഒരു സാഹചര്യത്തിൽ, ക്രിസ്തീയ സഭയുടെ പരിരക്ഷയും,  ക്രിസ്തീയ വിശ്വാസികളുടെ സംരക്ഷണവും  ഉൽക്കണ്ഠ  ഉളവാക്കുന്ന ഒരു  വിഷയം തന്നെയാണ്.  ഇവിടെ, നാം സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നത് ചിന്തിക്കേണ്ട വിഷയവും ആണ്. 
ഇന്ന് പല  സഭാ നേതൃത്വങ്ങളും അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സമീപനം, നിലവിലുള്ള രാഷ്ട്രീയ  നേതൃത്വത്തോട് കൈകോർത്ത്,  അവരുടെ  സംരക്ഷണം തേടുക എന്നതാണ്. പകരം,  അവരുടെ നേതാക്കന്മാരെ സഭയുടെ  പൊതുവേദികളിലും സുവിശേഷ  യോഗങ്ങളിലും  അതിഥികളായി   ക്ഷണിക്കുന്നു; അവർ സഭയെ അനുഗ്രഹിച്ച്, യോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.  എന്നാൽ ഏറ്റവും അടുത്തകാലത്ത്  വളരെ ചർച്ചയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്ന മറ്റൊരു സമീപനം, ക്രിസ്തീയ വിശ്വാസികൾ രാഷ്ട്രീയത്തിൽ ഇറങ്ങുക; സമർത്ഥരായ പ്രതിനിധികൾ നേതൃത്വ സ്ഥാനങ്ങളിൽ എത്തുക; അവരുടെ  പ്രാധിനിത്യവും സ്വാധീനവും കൊണ്ട്  ക്രിസ്തീയ സഭയ്ക്ക്  ആവശ്യമായ പരിരക്ഷയും സംരക്ഷണവും നേടിയെടുക്കുക എന്നതാണ്. മറ്റേതൊരു മതവിഭാഗത്തെ പോലെയും  ക്രിസ്ത്യാനികൾക്കും ആരാധനാ സ്വാതന്ത്ര്യവും അവരുടെ വിശ്വാസത്തെ പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും മതേതര രാഷ്ട്രമായ ഭാരതത്തിൽ ഉണ്ട്. അത് നിലനിർത്തുവാൻ അവർ സ്വീകരിക്കുന്ന നടപടികൾ  നിയമപരമായും, പ്രായോഗികമായും  ന്യായീകരിക്കുവാൻ  കഴിയുന്നതും ആണ്.  എന്നാൽ, ഇപ്രകാരമുള്ള  സമീപനങ്ങൾ, സ്വന്തം ജീവൻ മറവിലയായി കൊടുത്തു സഭയെ വീണ്ടെടുത്ത സഭയുടെ നാഥനായ യേശുവിൻറെ ദർശനവുമായി പൊരുത്തപ്പെടുന്നതാണോ,  അതോ, വിരുദ്ധവും വിപരീതഫലം  ഉളവാക്കുന്നതും ആണോ എന്ന് ചിന്തിക്കേണ്ടത്  ഓരോ വിശ്വാസിയുടെയും ക്രിസ്തീയ സഭയുടെയും  ഒഴിച്ചുകൂടാൻ കഴിയാത്ത കടപ്പാടാണ്.  
സഭയെ കുറിച്ചുള്ള യേശുവിൻറെ ദർശനം
യേശുവിന് തൻറെ സഭയെ കുറിച്ചുള്ള ദർശനം മനസ്സിലാക്കുവാൻ ഒരു പ്രത്യേക വേദ ശാസ്ത്ര ഗവേഷണം നടത്തേണ്ട ആവശ്യമില്ല. തൻറെ ഐഹിക ജീവിത കാലത്ത് യേശു തിരഞ്ഞെടുത്ത ജീവിതം, തൻറെ പഠിപ്പിക്കലുകൾ, ശിഷ്യന്മാർക്ക് കൊടുത്ത നിർദ്ദേശങ്ങൾ, കാണിച്ചു കൊടുത്ത  മാതൃകകൾ എന്നിവ ഒന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി. മത്തായിയുടെ സുവിശേഷം 26-ാം അധ്യായത്തിൽ, തന്നെ അറസ്റ്റ്  ചെയ്യുവാൻ എത്തിയ മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരുവനെ തന്റെ ശിഷ്യനായ പത്രോസ് വാളെടുത്ത് വെട്ടി.  തന്നെ സംരക്ഷിക്കുവാൻ മുന്നോട്ടു വന്ന പത്രോസിനെ യേശു അഭിനന്ദിച്ചില്ല. നന്ദി പറയുകയും ചെയ്തില്ല. മറിച്ച്,  ശാസിക്കുകയാണ് ചെയ്തത്.  “വാൾ ഉറയിൽ തിരിച്ചു ഇടുക” എന്ന്  കൽപ്പിക്കുന്നു. 53-ാം വാക്യത്തിൽ, തന്റെ നിലപാട്  വെളിപ്പെടുത്തുന്നു: "എൻറെ പിതാവിനോട് ഇപ്പോൾ തന്നെ 12 ലീജിയനിലും അധികം ദൂതന്മാരെ എൻറെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചു കൂടാ എന്ന് തോന്നുന്നുവോ?” 
 റോമൻ സൈനിക പശ്ചാത്തലത്തിൽ, ഒരു ലീജിയൻ - 6,000 സൈന്യങ്ങളുടെ ഒരു വിഭാഗമാണ്. പന്ത്രണ്ട്  ലീജിയൻ - 72,000 ദൂതന്മാരുടെ ഒരു  സഞ്ജയം!  2 രാജാക്കന്മാർ 19:35 വായിച്ചാൽ,  ഒറ്റ ദൂതൻ ഒരു രാത്രി കൊണ്ട് 185,000 വരുന്ന അശൂർ  സൈന്യത്തെ കൊന്നൊടുക്കിയ സംഭവം നാം വായിക്കുന്നു.  അത്ര ശക്തിയുള്ള 72,000 ദൂതന്മാരുടെ അകമ്പടി! അത്രമാത്രം,  പ്രതിരോധ ശക്തി തനിക്ക് ലഭ്യം ആയിരുന്നിട്ടും, സ്വയ സംരക്ഷയ്ക്കായി തൻറെ സ്വർഗീയ ശക്തി ഉപയോഗിക്കുവാൻ യേശു വിസമ്മതിച്ചു. എന്തുകൊണ്ട്?  അതിനുള്ള ഉത്തരമാണ്, തൻറെ രാജത്വത്തെ ചോദ്യം ചെയ്ത റോമൻ ഗവർണറായ പീലാത്തോസിനു കൊടുത്ത മറുപടിയിൽ നാം കാണുന്നത്: “എൻറെ രാജ്യം ഐഹികമല്ല; എൻറെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ  ഏൽപ്പിക്കാതെ വണ്ണം  എൻറെ  ചേവകർ  പോരാടും ആയിരുന്നു…” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവ രാജ്യം, ഈ ലോക രാജ്യങ്ങളെ പോലുള്ള ഒരു രാജ്യമായിരുന്നു എങ്കിൽ,   രാജാവായ തൻറെ വിടുതലിനും സംരക്ഷക്കും വേണ്ടി തൻറെ സൈന്യം പോരാടുമായിരുന്നു!  എന്നാൽ, തൻറെ രാജ്യം ആത്മീകമാണ്; തൻറെ  പോരാട്ടവും, പോരാട്ടത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ആത്മീകമാണ്! 
ഒരു  നിമിഷം, നമുക്ക്  ലൗകിക വീക്ഷണ കോണിൽ (earthly perspective) നിന്നുകൊണ്ട്  യേശു നേരിട്ട സാഹചര്യത്തെ ഒന്ന്  സങ്കൽപ്പിച്ചു നോക്കാം. ഗെത്ത്സെമാനെയിൽ, തന്നെ കയ്യേറ്റം ചെയ്യാൻ മത നേതാക്കന്മാർ അയച്ച പടയാളികളെയോ, ജെറുസലേമിൽ  തന്നെ കുറ്റം ചാർത്തി ക്രൂശിൽ ഏറ്റുവാൻ  തയ്യാറായി നിൽക്കുന്ന റോമൻ സൈന്യത്തെയോ, യേശു തൻറെ ശക്തമായ ദൂതഗണങ്ങളെ ഇറക്കി ഉന്മൂലനം ചെയ്തു എന്ന് ചിന്തിക്കുക. അതിന്റെ പരിണിതഫലം  എന്തായിരിക്കും?  തൻറെ മേൽ ചാർത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളിൽ നിന്നും ഉള്ള വിമോചനം; തനിക്കുവേണ്ടി ഒരുക്കപ്പെട്ട കുരിശിലെ അതിദാരുണമായ മരണത്തിൽ നിന്നുള്ള വിടുതൽ! അങ്ങനെ സംഭവിച്ചാൽ, അത് ഒരു വിജയം ആയിരിക്കുമോ?  അതിനു വേണ്ടിയാണോ യേശു ലോകത്തിൽ വന്നത്?  അതെ, ലൗകിക കാഴ്ചപ്പാടിൽ, അത്  തീർച്ചയായും ഒരു വലിയ വിജയം തന്നെയായിരിക്കും. എന്നാൽ സ്വർഗ്ഗീയ  കാഴ്ചപ്പാടിൽ, സമ്പൂർണ്ണ പരാജയം! പിതാവായ ദൈവവും,  പുത്രനായ യേശുവും അതിൽ സംതൃപ്തരാവുകയില്ല! യേശുവിൻറെ ഭൂമിയിലെ അവതാരം; 33-ൽ പരം വർഷങ്ങളിലെ ജീവിതം; അതിൻറെ ആത്യന്തിക ലക്ഷ്യം; ശിഷ്യന്മാരിൽ പകർന്ന ശിഷ്യത്വം; അതെല്ലാം കാറ്റിൽ പറത്തി കളയുന്ന ഒരു വലിയ പരാജയം! ആദിയിൽ,  ആദമിൻറെ  പരാജയത്തേക്കാൾ വലിയ  പരാജയം! 
 യേശു ക്രിസ്തുവിന്റെ വിജയം
യേശു ക്രിസ്തു ക്രൂശിന്മേൽ ഉയർത്തപ്പെട്ടപ്പോൾ തങ്ങളുടെ ആത്മീക  ജ്ഞാനത്തിലും, സ്വയ നീതീകരണത്തിലും ഉറച്ചു നിന്നിരുന്ന മത പ്രസ്ഥാനങ്ങളുടെ അടിസ്ഥാനം കുലുങ്ങി! തങ്ങളുടെ ഭരണ മേധാവിത്വത്തിലും, സൈന്യശക്തിയിലും അഭിമാനിച്ചിരുന്ന റോമൻ ഭരണകൂടത്തിന്റെ ചെങ്കോൽ താഴെവീണു. ലോകത്തിൻറെ കണ്ണിൽ പരാജയം എന്ന് കാണപ്പെട്ട ക്രൂശിലെ മരണം വിശുദ്ധ പൗലോസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ജ്ഞാനികളെ  ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ   ഭോഷത്വമായത് തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹീനമായത് തിരഞ്ഞെടുത്തു.” (1. കൊരിന്ത്യർ 1:27). ഇതാണ് യേശുക്രിസ്തുവിലൂടെ ദൈവം ലോകത്തിൽ അടിസ്ഥാനമിട്ട ദൈവരാജ്യത്തിന്റെ മാർഗ്ഗം! 
ക്രൂശ് കൂടാതെയുള്ള വിജയം ദൈവത്തിൻറെ മാർഗ്ഗമല്ല!  എന്നാൽ, ക്രൂശ് കൂടാതെ ഉള്ള ഒരു വിജയമാണ് സാത്താൻ പലപ്പോഴും യേശുവിന് വാഗ്ദാനം ചെയ്തത്. മത്തായി 4:1-10 വരെയുള്ള ഭാഗങ്ങളിൽ നാം വായിക്കുന്നത്, വളരെ പ്രലോഭനകരമായ ഒരു വാഗ്ദാനമാണ്: ‘തന്നെ ഒന്ന് നമസ്കരിക്കുക, പകരം ക്രൂശ്  ഒഴിവാക്കിയുള്ള ഒരു വിജയം -  മനുഷ്യന് നഷ്ടപ്പെട്ട ലോകത്തിൻറെ ആധിപത്യം തിരികെ തരാം’ എന്ന വാഗ്ദാനം! വീണ്ടും, മത്തായിയുടെ സുവിശേഷം 16:22-ൽ ഇതേ ആലോചന തന്നെയാണ് തൻറെ  പ്രധാന ശിഷ്യനായ  പത്രോസിലൂടെ സാത്താൻ  മുന്നോട്ട്  വെക്കുന്നതും: “പത്രോസ് അവനെ വേറിട്ടു കൊണ്ടുപോയി, ‘കർത്താവേ, അത് അരുത്; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്ന് ശാസിച്ചു തുടങ്ങി.”  അതിന് യേശുവിൻറെ പ്രതികരണം: “സാത്താനെ,  എന്നെ വിട്ടു പോ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല, മനുഷ്യരുടേത് അത്രയേ കരുതുന്നത് എന്ന് പറഞ്ഞു.” സാത്താനിൽ നിന്നും നേരിട്ട് ആണെങ്കിലും,  തൻറെ പ്രധാന ശിഷ്യനിൽ കൂടി ആണെങ്കിലും, ക്രൂശ്  ഒഴിവാക്കി ഉള്ള വിജയം ദൈവത്തിൻറെ മാർഗ്ഗമല്ല; സാത്താന്റെ സ്വാധീനവും, ലോക സ്നേഹത്തിന്റെ തികഞ്ഞ പ്രതികരണവും മാത്രം ആണ്.  ഇങ്ങനെയൊരു വഴിത്തലയിലാണ്  ക്രിസ്തീയ സഭ നിൽക്കുന്നത്:  ഒരുവശത്ത്,  വർദ്ധിച്ചുകൊണ്ടിരിക്കുന്ന പീഡനത്തിൽ നിന്നും മോചനം വാഗ്ദാനം ചെയ്യുന്ന ലോകം; മറുവശത്ത്, ലോകത്തിൻറെ സ്വാധീനങ്ങളിൽ നിന്നും  വിട്ടൊഴിഞ്ഞു ക്രിസ്തുവിനെയും തന്റെ ക്രൂശിനെയും ആശ്രയിക്കുന്ന മാർഗം!
  തിരുവചനത്തിൽ, 2 രാജാക്കന്മാർ 16-ാം അദ്ധ്യായം വായിക്കുമ്പോൾ    ശത്രുവിന്റെ ഭീഷണിയുടെ മുൻപിൽ തന്നെ രാജാവാക്കിയ ദൈവത്തെയും, താൻ ഭരിക്കുന്ന രാജ്യം ദൈവത്തിൻറെതാണ് എന്ന യാഥാർത്ഥ്യവും മറന്നുപോയ  ഒരു രാജാവിനെ കാണുവാൻ കഴിയും.  അവിടെ, യെഹൂദാരാജാവായ ആഹാസ് ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനു വേണ്ടി അശ്ശൂർ രാജാവിന്  കൈക്കൂലി കൊടുത്തു, ഒരു ഉടമ്പടിയിൽ പ്രവേശിക്കുന്നു. താൻ നേരിട്ട  പ്രതികൂല സാഹചര്യത്തിന്റെ മുൻപിൽ ദൈവത്തിൽ ആശ്രയം വെക്കുന്നതിനു പകരം അശ്ശൂർരാജാവിനെ ആശ്രയിച്ച ഈ തീരുമാനത്തിന് ആഹാസിനെ പ്രേരിപ്പിച്ച സാഹചര്യവും,  അതിൻറെ  ദാരുണമായ  അനന്തരഫലങ്ങളും  എല്ലാകാലത്തും ഉള്ള  ദൈവജനത്തിന് ഒരു   ദൃഷ്ടാന്തമായി നിലനിൽക്കുന്നു.  കഥയും, സ്ഥലവും, കാലവും വ്യത്യസ്തമായിരിക്കാം;  അഭിനേതാക്കളും വ്യത്യസ്തരായിരിക്കാം; എന്നാൽ,   കഥയുടെ പൊരുളിനും, കഥാപാത്രങ്ങൾക്കും, തിരശ്ശീലയ്ക്ക് പിന്നിൽ ചരട് പിടിക്കുന്ന ശക്തിക്കും വ്യത്യാസമില്ല! പ്രതികൂലങ്ങളുടെയും  പ്രശ്നങ്ങളുടെയും മുൻപിൽ ചഞ്ചലപ്പെടാതെ,  ക്രൂശിലൂടെ  ലോകത്തെ ജയിച്ച യേശുവിൻറെ മാർഗ്ഗം  അനുധാവനം ചെയ്യുവാൻ  ദൈവം നമുക്ക് കൃപയും ശക്തിയും പകരട്ടെ  എന്ന പ്രാർത്ഥനയോടെ ഈ കുറിപ്പിന് ഉപഹൃതി കൊടുക്കുന്നു! 


(Dr. Thomas Ambumkayathu (V.A. Thomas) “The Kingdom of God – The Light for Today and the Hope for Tomorrow  എന്ന പുസ്തകത്തിൻറെ രചയിതാവാണ്. പല പ്രസിദ്ധീകരണങ്ങളിലായി നിരവധി ലേഖനങ്ങൾ  എഴുതുകയും ചില പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ ആയി ചുമതല വഹിക്കുകയും ചെയ്തിട്ടുള്ള ഈ ദൈവ ദാസൻ ഒരു എഴുത്തുകാര എന്നതിലുപരി, മിഷനറി, സുവിശേഷകൻ, അധ്യാപകൻ, കൗൺസിലർ, കൺവെൻഷൻ പ്രസംഗകൻ എന്നീ നിലകളിൽ കർത്താവിൻറെ മഹത്വമേറിയ ശുശ്രൂഷ ചെയ്യുന്നു. അമേരിക്കയിലുള്ള Pilgrims Vision International സഭകളുടെയും ഇന്ത്യയിൽ Pilgrims Vision India എന്ന പ്രസ്ഥാനത്തിന്റെയും സ്ഥാപകനും ഓവർസിയറും ആണ്.)   


 Dr. Thomas V. Ambumkayathu

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.