ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരിക്കുന്നു(കവിത -സതീഷ് കളത്തിൽ)

sponsored advertisements

sponsored advertisements

sponsored advertisements


6 March 2023

ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരിക്കുന്നു(കവിത -സതീഷ് കളത്തിൽ)

സതീഷ് കളത്തിൽ

എനിക്കൊരു സാക്ഷ്യപത്രം വേണമായിരുന്നു;
എന്നോ മരിച്ചിട്ടും
ഇന്നും ജീവിച്ചിരിക്കുന്നതിൻറെ സാക്ഷ്യം!

ഓർമ്മവെച്ച നാൾമുതല്ക്കേ
ഉള്ളിൽ കൊതിക്കൂറു കൂട്ടിയതാണ്;
വൃത്തിയുള്ളൊരു കണ്ണാടിയിൽ
തൻറെ രൂപം പ്രതിഫലിക്കുന്നൊരു കാലം.

പൊക്കിൾകൊടിയോടൊപ്പമെത്തിയ
ചിട്ടവട്ടങ്ങളിൽ കുരുത്തുപ്പൊങ്ങിയ
ആധിയും ആവതില്ല്യായ്മകളും
അവിടെയൊരാൾ ജീവിച്ചിരുന്നതിൻറെ
ആശങ്കകൾമാത്രമായിരുന്നു.

പൊക്കിൾകൊടി അറുത്തിട്ടപ്പോഴും
കളിക്കും ചിരിക്കും പ്രണയത്തിനും
വേലിക്കെട്ടിയപ്പോഴും; കഴുത്തിലൊരു
ബന്ധനത്തിൻറെ കുരുക്കിട്ട്,
ഞാനെന്ന പെണ്ണിനെ കീറിമുറിച്ചൊരുവൻ
ആണെന്ന അഹങ്കാരംകൊണ്ടു പ്രഹരിച്ചപ്പോഴും
വയറ്റിൽ കല്ലുപോലൊരു ഭാരം ചുമന്നപ്പോഴും
ഞാനൊരു പഴന്തുണിമാത്രമായിരുന്നു.

ഇപ്പോളൊരുവൻ പറഞ്ഞപ്പോഴാണറിഞ്ഞത്,
എൻറെ ആധിയിലും ആവതില്ല്യായ്മകളിലും
അമൂല്യചിത്രങ്ങളുടെ നിഴൽപാടുകളുണ്ടെന്ന്.

ഞാനിപ്പോളവൻറെ മുന്നിൽ
എന്നെ അനാവരണം ചെയ്തു നില്ക്കുകയാണ്.
ഇടംകയ്യിൽ വർണ്ണത്തട്ടും
വലംകയ്യിൽ മാന്ത്രികത്തൂലികയുമായി
അവനെൻറെ നിഴൽചിത്രങ്ങളുടെ
കലവറയിലേക്കിറങ്ങിക്കഴിഞ്ഞു.

സുഖമുള്ളൊരു ഉടൽപൊള്ളൽ
ആലസ്യമാർന്നുക്കിടക്കുന്ന നീല ക്യാൻവാസിലേക്ക്,
എന്നിലെ കൊഴിഞ്ഞുപ്പോയ വസന്തങ്ങളും
കരിഞ്ഞുപ്പോയ വേനലുകളും
തോർന്നുപ്പോയ വർഷങ്ങളും
അലിഞ്ഞുപ്പോയ ശരത്ക്കാലങ്ങളും
അവൻ വരച്ചിടുകയാണ്…

നിശബ്ദതയുടെ തണുപ്പ് കലർന്ന
ഈ തുറന്നു കിടക്കുന്ന ക്യാൻവാസിനുള്ളിൽ,
അസ്തമിച്ചുപോയൊരു സൂര്യനിലേക്ക്
ഇടംകണ്ണെറിഞ്ഞു ഞാനെന്നിലെ വിയർപ്പിൻറെ
അവസാനത്തുള്ളിയിലേക്കുറ്റു നോക്കി,
തിരിച്ചിറങ്ങാൻ കൊതിക്കാത്തൊരു മനസോടെ
അവൻറെ ക്യാൻവാസിനരികിൽ ഉന്മാദത്തിലാണ്.

ഇതുവരെ മരണപ്പെട്ടുക്കിടന്നിരുന്ന
ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരിക്കുന്നു..!

സതീഷ് കളത്തിൽ