പാലാക്കാട്:മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിക്കുന്ന ശങ്കരനാരായണൻ ശംഭുവിൻ്റെ മൂന്നാമത്തെ പുസ്തകവും ആദ്യ നോവലുമായ " അങ്ങാടി വൃത്താന്തം"
പ്രകാശനം ചെയ്തു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനായ ടി.കെ. ശങ്കരനാരായണൻ, ജയകൃഷ്ണൻ എസ് ന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മുഖം ബുക്സിൻ്റെ എഡിറ്റർ അനിൽ പെണ്ണുക്കര തൻ്റെ ഹൃസ്വമായ സ്വാഗത പ്രസംഗത്തിൽ, "മുഖം" പ്രസിദ്ധീകരണ രംഗത്തെത്താനുണ്ടായ സാഹചര്യവും അത് അക്ഷരങ്ങളിലൂടെ എങ്ങനെയാണ് ആളുകൾക്ക് സാന്ത്വനമായത് എന്നും വ്യക്തമാക്കി.
32 പുസ്തകങ്ങളിലൂടെ അനേകം പേർക്ക് സഹായമായത് ഈ പ്രസിദ്ധീകരണ സംരംഭത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധത എടുത്തു കാണിക്കുന്നതായിരുന്നു.തുടർന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ
ടി. ആർ. അജയൻ, ലൈബ്രറിയുടെ പതിനൊന്നു വർഷത്തെ പ്രവർത്തനത്തിൽ ഇത് അഞ്ഞൂറ്റി രണ്ടാമത്തെ പുസ്തക പ്രകാശനമാണ്
എന്നു പറഞ്ഞത് എല്ലാവരിലും വിസ്മയമുണർത്തി. സമൂഹമെന്ന സംജ്ഞ മറന്ന് ആൾക്കൂട്ടം മാത്രമായി,അരാഷ്ട്രീയ മന്ദബുദ്ധികൾ വർദ്ധിച്ചു വരുന്ന കാലത്ത് നോവലിൻ്റെ വിജയ സാദ്ധ്യതക്ക് " വേറിട്ട ശബ്ദം" കേൾപ്പിക്കാനവണം എന്ന് ഓർമ്മിപ്പിച്ചു.സാഹിത്യ വിപണിയിലുള്ള നോവലുകളുടെ ബാഹുല്യവും സമയത്തിൻ്റെ പ്രതിസന്ധിയും കണക്കിലെടുക്കുമ്പോൾ വായനക്കാരൻ നല്ല ശ്രദ്ധയോടെ വേണം
കൃതികൾ തിരഞ്ഞെടുക്കുവാൻ എന്ന് ടി. കെ ശങ്കരനാരായണൻ നിരീക്ഷിച്ചു.ഡോ.പി.ആർ. ജയശീലൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഓരോ എഴുത്തുകാരനും തൻ്റെ മാനസിക ഭൂമികയായ സ്വന്തം നാടിനെ അടയാളപ്പെടുത്തുന്നു; അവിടുത്തെ
പാർശ്വവൽകൃതരായ മനുഷ്യരെയും.യാത്രയുടെ അനുഭവങ്ങൾ ഉള്ളിലുള്ള ഈ എഴുത്തുകാരന് ജീവിതത്തെ ഒരു യാത്രയായി കാണാനുള്ള സാമർത്ഥ്യം സ്വാഭാവികമാണ്. കാർണിവല്ലിൻ്റെ
സ്വഭാവം, വൈവിദ്ധ്യം, പങ്കുവെയ്ക്കലിൻ്റെ സാദ്ധ്യത ഇവയൊക്കെ എടുത്തു കാണിക്കുമ്പോൾ വിശാലമായ story thread നെ ധ്യാനാത്മകമായി വിന്യസിക്കാനുളള നിർദ്ദേശം കൂടി അദ്ദേഹം നൽകാൻ മറന്നില്ല.
നാടകാനുഭവങ്ങളിൽ,നന്മയിൽ ജോണിൻ്റെ പടപുറപ്പാട് ഓർമ്മിച്ചു കൊണ്ടു തുടങ്ങിയ രാജേഷ് മേനോൻ, ഇഷ്ടപ്പെടലുകളിൽ അവിഹിതം വന്ന് മനുഷ്യസ്നേഹത്തെ വെട്ടിമാറ്റുന്നതും വായനയിലെ ചിട്ടപ്പെടുത്തലുകൾ എത്ര അനിവാര്യമെന്നും ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൻ അംഗീകാരം നേടിയ ഡോക്യുമെന്ററി സംവിധായകൻ വിനോദിനും പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള രചനയ്ക്ക് വിജയകുമാറിനും മുഖം സ്നേഹാദരങ്ങൾ അർപ്പിച്ചു.ശങ്കരനാരായണൻ ശംഭുവിൻ്റെ സഹോദരനും റെയിൽവെ ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ നാട്ടിൻപുറത്തെ " അങ്ങാടിച്ചിത്രം"ഓർത്തു.മറുപടി പ്രസംഗത്തിൽ, ശങ്കരനാരായണൻ ശംഭു എന്ന സാധാരണക്കാരൻ അത്തരക്കാരുടെ കഥ പറഞ്ഞതാണ് ഈ രചന എന്നും എഴുതിയേ തീരൂ എന്ന ശക്തമായ നിമന്ത്രണത്തിൻ്റെ പ്രേരണയിലാണ് ഇത് സംഭവിക്കുന്നതെന്നും പറഞ്ഞു.ഈ സദസ്സും വേദിയും എത്രമാത്രം ഹൃദ്യമായ ഒരനുഭവമാണ് സമ്മാനിച്ചത് എന്ന് അദ്ദേഹം കൃതജ്ഞത പ്രകടിപ്പിച്ചു.ഔപചാരികമായ നന്ദി പ്രകടനം നടത്തിയത് വൈ .പദ്മനാഭനാണ് . അദ്ദേഹത്തിൻ്റെ സഹധർമ്മിണി സുചിത്രയാണ് പരിപാടി നയിച്ചത്.ശശിധരൻ പുലാപ്പറ്റ , സജിത ചന്ദ്രിക ,ഷീജ അനിൽ ,പ്രവീൺ കുപ്പത്തിൽ ,അനിത തമ്പാൻ ,മോഹൻദാസ് പണിക്കർ തുടങ്ങിയ എഴുത്തുകാരും ചടങ്ങിൽ പങ്കെടുത്തു .സഹൃദയർക്ക് എന്നും ഓർമ്മിക്കാൻ പറ്റിയ ഒരു സാഹിത്യവിരുന്നിന് നന്ദി.