തരൂർ ഇന്നോളം നടത്തിയിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച പ്രസംഗമായി ഞാൻ കരുതുന്നത് 2015 ൽ ഓസ്‌ഫോർഡ് യൂണിയന്റെ ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് 200 വർഷത്തെ കോളനി വാഴ്ചക്ക് ബ്രിട്ടൻ നഷ്ടപരിഹാരം നൽകണോ എന്ന വിഷയത്തിൽ നടത്തിയ 15 മിനിറ്റ് പ്രസംഗമാണ്. യുഎന്നിലും പാർലമെന്റിലും മറ്റു ഔദ്യോഗികവേദികളും നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷമില്ലാതെ ഓക്സ്ഫോർഡ് യൂണിയൻ നടത്തിവരാറുള്ള വാർഷിക ഡിബേറ്റിൽ നടത്തിയ ഒരു അനൗദ്യോഗിക പ്രസംഗം. അതിന്റെ ഘടന കൊണ്ട്, അതിൽ ഉൾച്ചേർത്തിരിക്കുന്ന കണക്കുകൾ കൊണ്ട്, അതിൽ കുഴിച്ചിട്ടിരിക്കുന്ന നർമത്തിന്റെ സൂചിമുനകൾ കൊണ്ട്, ആർഗുമെന്റുകളുടെ അകമ്പടിയോടെ തന്റെ വാദത്തെ എങ്ങനെ മൂർത്തമായ ഒരു യാഥാർഥ്യമായി അനുഭവിപ്പിക്കാം എന്നതിന്റെ അവതരണചാതുരികൊണ്ട്, അതൊരു വാഗ്‌വിലാസമായി ഇപ്പോഴും യൂടൂബിൽ അലയടിക്കുന്നു.
എട്ടു മിനിട്ടു മാത്രമാണ് അനുവദിക്കപ്പെട്ടതെങ്കിലും പതിനഞ്ചു മിനിറ്റിലേക്കു കട്ട് പറയാനാവാതെ നീണ്ടുപോയ പ്രസംഗം. യൂടൂബ് പറയുന്നത് വിശ്വസിക്കാമെങ്കിൽ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഓക്സ്ഫോർഡ് യൂണിയൻ ഡിബേറ്റുകളിൽ ഏറ്റവുമധികം ആളുകൾ കണ്ട നാലാമത്തെ വീഡിയോ തരൂരിന്റെ ആ പതിനഞ്ചു മിനിട്ടാണ്. 140 കോടി മനുഷ്യരുടെ നാവായി ഒരു മനുഷ്യൻ അവിടെ ചെന്നുനിന്നു സംസാരിക്കുന്നതിന്റെ രോമാഞ്ചം കൊണ്ടല്ലാതെ ആ പ്രസംഗം കണ്ടുതീർക്കാനാവില്ല.
ബ്രിട്ടീഷ് ഇന്ത്യക്കു മുൻപ് ലോക സമ്പദ് വ്യവസ്ഥയിൽ 23% ഉണ്ടായിരുന്ന ഇന്ത്യയുടെ പങ്ക് സ്വതന്ത്രമാകുമ്പോൾ 4% മാത്രമായിപ്പോയതിനെ കുറിച്ച്, ഇന്ത്യയുടെ തുണിവ്യവസായത്തെ എങ്ങനെയാണ് വ്യാവസായിക വിപ്ലവത്തിന്റെ മറവിൽ തച്ചുതകർത്തതെന്ന്, എങ്ങനെയാണ് ഒരു കയറ്റുമതിരാജ്യം ഇറക്കുമതിരാജ്യം ആയതെന്ന്, ഹിന്ദി വാക്കായ loot ഇപ്പോൾ ഡിക്ഷനറിയിൽ ഉൾപ്പെടുത്തിയെന്നും ബ്രിട്ടന്റെ സഹജമായ കൊള്ളയടിയുടെ മറ്റൊരു ഉദാഹരണം മാത്രമാണതെന്നും പറയുമ്പോൾ ചിരി ഡിബേറ്റ് ഹാളിന്റെ ഉത്തരത്തിൽ മുട്ടും. ഒരു രാജ്യം അവരെ അടക്കിഭരിച്ചതിനു ആളും അർത്ഥവും കൊടുത്തു മുടിഞ്ഞത് എങ്ങനെയെന്ന്, അതിനിടെ പട്ടിണികൊണ്ടുമാത്രം മൂന്നുകോടി ഇന്ത്യക്കാർ എങ്ങനെയാണ് മരിച്ചുപോയതെന്ന്. സൂര്യനസ്തമിക്കാത്ത രാജ്യമായി ബ്രിട്ടൻ മാറിയത് ദൈവത്തിനു പോലും അവരെ ഇരുട്ടിൽ വിശ്വാസമില്ലാത്തുകൊണ്ടായിരുന്നു എന്നുപറയുമ്പോൾ ചിരി വീണ്ടും ഉത്തരത്തെ കുലുക്കും.
ആർട്ടിക്കുലേഷൻ എന്നത് അപാരമായൊരു സിദ്ധിയാണ്. അതിനോടൊപ്പം ചരിത്രവും കണക്കും കാര്യവും കലരുമ്പോൾ അത് കേൾക്കുന്ന മനുഷ്യരിൽ തറയും. നയതന്ത്ര ഉദ്യമങ്ങളിൽ ലക്ഷ്യം ഭേദിക്കണമെങ്കിൽ വാക്കുകൾക്ക് മിസൈലുകളെക്കാൾ സൂക്ഷ്മതയും വേഗതയും ചാരുതയും വേണം. അതിനുപിന്നിൽ ചരിത്രം ഒരു ഇന്ധനം പോലെ നിന്നു കത്തണം.
ശശി തരൂർ അത്തരമൊരു ഉദ്യമത്തിന് ഇന്ത്യക്ക് തൊടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആയുധമാണ്.

ഷിബു ഗോപാലകൃഷ്‌ണൻ

