PRAVASI

പ്രേംനസീറിനെ അവസാനമായി കാണാൻ വരാഞ്ഞതെന്ത്?

Blog Image

മലയാളത്തിന്റെ നിത്യഹരിത നായകൻ‌ പ്രേം നസീർ ഓർമയായിട്ട് 36 വർഷങ്ങൾ പിന്നിട്ടു. ഒരുകാലത്ത് മലയാളികളുടെ വെള്ളിത്തിരയിലെ ഇഷ്ട പ്രണയ ജോഡികളായിരുന്നു നസീറും ഷീലയും. ഇരുവരും തമ്മിലുള്ള സൗഹൃദവും ആഴത്തിലുള്ളതായിരുന്നു. എന്നിട്ടും പ്രേംനസീറിനെ അവസാനമായി കാണാൻ ഷീല വരാത്തത് അന്ന് വലിയ ചർച്ചയായിരുന്നു. നസീറിന്റെ ജന്മനാടായ ചിറയിൻകീഴിലെത്തി, ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഷീല ഇപ്പോൾ.

‘മരിച്ചു കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്കു വയ്യ. എന്തിനു കാണണം? അതിനാൽ ഞാൻ വന്നില്ല. അന്ന് സ്വീഡനിൽ സഹോദരിക്കൊപ്പമായിരുന്നു ഞാൻ. സാറിന്റെ മരണ വിവരം അറിയിച്ചു. പരിശ്രമിച്ചെങ്കിൽ വരാമായിരുന്നു. പക്ഷേ, എന്തിന്? ഞാൻ തീരുമാനിച്ചു: ജീവനോടെ കണ്ട നസീർ സാറിന്റെ മുഖം മനസ്സിൽ ഉണ്ട്. അതു മതി’- നടി ഷീല പറഞ്ഞു.
ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ പ്രേംനസീർ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാലിൽ നിന്ന് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഷീല. ഇതുവരെയുള്ളതിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം തന്റെ മകനായിരുന്നു. ചിറയിൻകീഴിലെ ജനത നസീർ സാറിന്റെ പേരിൽ നൽകിയ ഈ പുരസ്കാരം ഇപ്പോൾ എല്ലാത്തിനും മുകളിലാണെന്നും ഷീല പറഞ്ഞു.
‘കാമുകനായി എന്റെ മുന്നിലും ചെവികൾക്കടുത്തു നിന്നും ലയിച്ചു പാടുന്ന പ്രേംനസീറിനെ കണ്ടിട്ടില്ലേ? അഞ്ഞൂറിലേറെ പാട്ടുകൾ ഞങ്ങൾ പാടി അഭിനയിച്ചെങ്കിലും നസീർ സാർ ഒരു വരി പോലും പാടിയിട്ടില്ല. ചുണ്ടുകൾ അനക്കുകയേയുള്ളൂ. ഒരിക്കൽ ലൊക്കേഷനിൽ വച്ചു നസീർ സാറിന് എക്കിൾ വന്നു. രാവിലെ 7നു തുടങ്ങിയതാണ്. 11 മണിയായിട്ടും മാറുന്നില്ല. ഞാൻ പുറത്തുപോയ അല്പനേരത്തിനകം തിരിച്ചു വന്നിട്ടു സാറിനോടു പറഞ്ഞു, മോൻ ഷാനവാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഞെട്ടലോടെ സാർ എണീറ്റു.

അപ്പോഴേക്കും എക്കിൾ മാറി. എന്റെ അമ്മ പറഞ്ഞുതന്ന വിദ്യയായിരുന്നു അത്. എക്കിൾ മാറാതെ നിൽക്കുമ്പോൾ ഞെട്ടുന്ന എന്തെങ്കിലും വിവരം പറഞ്ഞാൽ മതിയെന്ന്. ഷാനവാസിന് ഒന്നും സംഭവിച്ചിട്ടില്ലെന്നു ഞാൻ പലവട്ടം പറഞ്ഞെങ്കിലും സാറിന് പെട്ടെന്ന് അത് ഉൾക്കൊള്ളാനാവുന്നില്ല. അദ്ദേഹം അത്രയ്ക്കു കുടുംബത്തെ സ്നേഹിച്ചിരുന്നു’ - അവർ പറഞ്ഞു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.