നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിബു എസ് നായരുടെ തനിനിറം വെളിവാക്കുന്ന വീഡിയോ പുറത്തുവിട്ട് പോലീസ്. കരിസ്മാറ്റിക് ധ്യാനപ്രസംഗകരുടെ പ്രാർത്ഥന അനുകരിച്ച്, പ്രായമായവരുടെ വിശ്വാസം പിടിച്ചുപറ്റി കവർച്ചകൾ പതിവാക്കിയ പ്രതിയുടെ ‘മോഡസ് ഓപ്പറാണ്ടി’ വ്യക്തമാക്കുന്നതാണ് വീഡിയോ. ക്രൈസ്തവവിശ്വാസികൾ, പ്രത്യേകിച്ച് പ്രായമായവർ ഒറ്റക്കുള്ളപ്പോൾ വീടുകളിലെത്തി പ്രാർത്ഥന അവതരിപ്പിച്ച് കവർച്ച നടത്തുകയാണ് രീതി. വേണ്ടവിധം പ്രചരിപ്പിച്ചാൽ ഒട്ടേറെപ്പേർക്ക് ഗുണകരമാകുന്ന ഈ വീഡിയോ ചോദ്യംചെയ്യലിനിടെ ലോക്കപ്പിൽ നിന്ന് പോലീസുകാർ തന്നെ ചിത്രീകരിച്ചതാണ്.
കഴിഞ്ഞ നവമ്പർ ഒന്നിന് അടൂർ ഏനാദിമംഗലത്ത് എൺപതുകാരി മറിയമ്മ ബേബിയുടെ വീട്ടിൽ കയറി സ്വർണമാലയുടെ 1000 രൂപയും കവർന്ന പ്രതി ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. വൈദികനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഷിബു എസ് നായർ, ഉള്ളിൽ കയറുന്നതിന് മുമ്പ് തന്നെ പ്രാർത്ഥന പുറത്തെടുത്ത് വിശ്വാസം ഉറപ്പിച്ചു. തുടർന്ന് മറിയമ്മയുടെ മകൾക്ക് പള്ളിയിൽ നിന്ന് മൂന്നുലക്ഷം രൂപയുടെ ധനസഹായം കിട്ടാനുണ്ടെന്നും അതിൻ്റെ ചിലവിലേക്കായി 1000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. അതെടുത്ത് കൊടുക്കുമ്പോഴേക്ക് കഴുത്തിൽ പിടിമുറുക്കിയ പ്രതി മാലയും പൊട്ടിച്ചെടുത്ത് രക്ഷപെട്ടു.
യേശുവിൻ്റെ നാമത്തില്, എന്ന് തുടങ്ങി ആരും വിശ്വസിച്ച് പോകുംവിധം ധ്യാനക്കാരെ അനുകരിച്ച് പ്രാർത്ഥിക്കുന്ന പ്രതി, അതിനിടയിൽ കരിസ്മാറ്റിക് ശൈലിയിലുള്ള ഭാഷാവരം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ മറ്റാർക്കും മനസിലാകാത്ത ചില ശബ്ദങ്ങളും വാക്കുകളും പുറപ്പെടുവിക്കും. കരിസ്മാറ്റിക് പ്രാർത്ഥനകളിൽ അമിതാവേശമുള്ളവർ ഇതോടെ വീണുപോകും. വാക്കുകളും ശബ്ദങ്ങളും മാത്രമല്ല, ധ്യാനപ്രാസംഗികരുടെ ഭാഷാശൈലിയും, പ്രസംഗത്തിനൊപ്പം അവർ പുറത്തെടുക്കുന്ന അംഗവിക്ഷേപങ്ങളും പോലും നോക്കി സ്വായത്തമാക്കിയാണ് പ്രതിയുടെ തട്ടിപ്പ്. ഇക്കാരണത്താൽ തന്നെ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ആർക്കും അബദ്ധം പറ്റാമെന്ന് ചുരുക്കം.
തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് അടുത്ത് കാഞ്ഞിരംകുളം സ്വദേശിയായ 42കാരൻ ഷിബു എസ് നായർ ഏറെക്കാലമായി കവർച്ചാരംഗത്ത് സജീവമാണ്. ഏറ്റവും ഒടുവിൽ അറസ്റ്റിലായിരിക്കുന്നത് കോട്ടയം വാകത്താനത്ത് ഒരു വീട്ടിൽ നടത്തിയ മോഷണ കേസിലാണ്. കഴിഞ്ഞ ദിവസം പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അക്രമാസക്തനായി പോലീസുകാരെ ഭീഷണിപ്പെടുത്താനും മുതിർന്നു. സാമൂഹ്യ വിഷയങ്ങളിൽ ധാർമികരോഷം പ്രകടിപ്പിച്ച് കൊണ്ടുള്ള ചില വീഡിയോകൾ യൂട്യൂബിൽ ഇട്ടിരിക്കുന്നതിലും നല്ല ഒഴുക്കോടെ ഭാഷ കൈകാര്യം ചെയ്യുന്നതായി കാണാം. ഇതേ ഭാഷാശൈലിയാണ് കവർച്ചക്കും ഷിബുവിനെ സഹായിക്കുന്നത്.
വൃദ്ധരായ സ്ത്രീകളാണ് ഏറെയും ഇരകൾ. റോഡിൽ കാണുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാന്യമായ രീതിയിൽ സംസാരിക്കും. മറുപടി കൊടുക്കാൻ അവർ തയ്യാറായാൽ അതിനിടയിൽ മാലപൊട്ടിച്ച് കടന്നുകളയും. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകൾ നിരീക്ഷിച്ച് വീട്ടിൽ കയറി മോഷണം നടത്തും. ഓരോവിധത്തിൽ ആസൂത്രണം ചെയ്താണ് കുറ്റകൃത്യങ്ങൾ ഓരോന്നും നടത്തുന്നത്. അടൂരിലെ കേസിൽ റിമാൻഡിലായിയിരുന്ന ഷിബു, ഇക്കഴിഞ്ഞ ജനുവരി 28നാണ് പുറത്തിറങ്ങിയത്. അതിനുശേഷമാണ് വാകത്താനത്തെ വീട്ടിൽ എത്തി സ്വർണം കവർച്ച നടത്തിയത്.