പോലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. ഹോട്ടലില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ ഹോട്ടലില്‍ പരിശോധനക്ക് എത്തിയത്. മൂന്നാം നിലയിലെ മുറിയിലാണ് ഷൈനും സംഘവും ഉണ്ടായിരുന്നത്. പോലീസ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയതോടെ നടനും സംഘവും ഇറങ്ങി ഓടി.
314-ാം നമ്പര്‍ റൂമിലായിരുന്നു നടനും സംഘവും ഉണ്ടായിരുന്നത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ മുറിയിലെ ജനല്‍ വഴി പുറത്തിറങ്ങി ഏണിപ്പടി വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാത്രി 11 മണിയോടെയായിരുന്നു പരിശോധന. പോലീസ് സംഘം മുറിയില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.