മുരുകൻസ് പടക്കങ്ങൾ (കഥ -ജിഷ.യു.സി )

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

മുരുകൻസ് പടക്കങ്ങൾ (കഥ -ജിഷ.യു.സി )

‘മുരുകൻസ് പടക്കങ്ങൾ’
ബസ്സിൽ നിന്നു തന്നെ കണ്ണിൽ ഉടക്കിയ ആ കടയുടെ പേര് അയാളുടെ ഉള്ളിൽ ഉണങ്ങാതെ കിടന്നിരുന്ന ഓർമ്മ മുറിവിൽ നിന്നും വേദനയുള്ളരക്തപ്രവാഹമുണ്ടാക്കി.

ബസ്സിറങ്ങി കടയ്ക്കുള്ളിലേക്ക് നോക്കാനുള്ള ധൈര്യമില്ലാതെ അയാൾ പതിയെ തല കുമ്പിട്ടു നടക്കാൻ ശ്രമിച്ചു

“സുനീ.. ”

പിൻവിളി അയാളുടെ കാലുകൾക്ക് വിലങ്ങിട്ടു.
പിറകെ ഓടിയടുക്കുന്ന പദസ്വനംഅഴകപ്പൻ്റെ യാണെന്നുംഅയാൾക്കറിയാം. എന്നിട്ടും അയാൾ നടത്തം തുടർന്നു
“എടാ സുനീ …”
പിറകിൽ നിന്ന് പിടിച്ചു നിർത്തിക്കൊണ്ട് അഴകപ്പൻ അയാളുടെ മുൻപിലേക്ക് കയറി നിന്നു
നേരിട്ട് നോക്കാൻ അയാൾക്ക് അപ്പോഴും ശക്തിയുണ്ടായിരുന്നില്ല

“എടാ
നീ എവിടെയായിരുന്നു?
നിനക്ക് ജോലിയൊക്കെ ആയല്ലേ ?
നീ തടിച്ച്ഒന്നു കൂടി സുന്ദരനായി ണ്ട് .”

മിഴിച്ചു നിൽക്കുന്ന സുനിയെ നോക്കി വീണ്ടും അഴകപ്പൻ തുടർന്നു

“എടാ എന്തു പോക്കാടാ നീ പോയത് ?
നിൻ്റെ അമ്മേം ലതേച്ചീം ഓമനക്കുട്ടീനെം ഒക്കെ വിട്ട്
എവിടെപ്പോയിരുന്നു നീ?
ഓരോ വിഷുവിനും നിൻ്റെ അമ്മ ഈ വിഷൂന്ൻ്റെ സുനീ നെ കണികാണും ഞാൻഎന്ന് പറഞ്ഞ് കാത്തിരിയ്ക്കും
ലതേച്ചീടെ കല്യാണം ഒന്ന് അറിയിക്കാൻ നിന്നെ എത്ര അന്വേഷിച്ചു എന്ന് അറിയോടാ നിനക്ക് ?”

ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് അഴകപ്പൻ വീണ്ടും സുനിയുടെ കയ്യു പിടിച്ചു

“ഞാൻ ….
ഞാൻ ദ്വീപിലായിരുന്നു
ആൻഡമാനിൽ .അവ്ടെ എനിക്ക് ഒരു ജോലി ണ്ട്
അമ്മ …? ”

“ഉം .അമ്മയ്ക്ക് കൊഴപ്പമൊന്നുല്യ
എന്നാലും സുനീ എങ്ങനെ കഴിഞ്ഞു ഇത്ര കാലം ഒരു പിടീം തരാതെ കഴിയാൻ? പന്ത്രണ്ട് കൊല്ലം .
ഇങ്ങനെ ഒളിച്ചോടാൻ എന്താപ്പണ്ടായെ ?
വാ.. നീ
എൻ്റെ കടയിലിരിക്കാം ഒരു നാരങ്ങാവെള്ളം കുടിച്ച് മ്മക്ക് ഒരു ഓട്ടറിക്ഷ ട്ത്ത് പോവാം വീട്ടിലേക്ക് ”

“ഓട്ടറിക്ഷോ ?
അങ്ങട്ട് റോഡൊക്കെണ്ടോപ്പൊ ?”

നാരങ്ങാവെള്ളം കുടിക്കുന്നതിനിടയിൽ സുനി അത്ഭുതം കൂറി
അഴകപ്പൻ ചിരിച്ചു .കണ്ണുകളിൽ വേദനയൊളിപ്പിച്ച ആ ചിരി തന്നെ.
അവൻപണ്ടേഅങ്ങനെയാണ്.വേദനയിലും ചിരിയ്ക്കും.
അവൻ്റെഅമ്മ
ശേമന്തിയക്കകോൺട്രാക്ടർ ബാലേട്ടൻ്റെ കൂടെ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചപ്പോഴും ,സുപ്രനണ്ണൻ പണിസ്ഥലത്ത് വീണ് കയ്യും കാലും തളർന്നപ്പോഴും അവൻ’ ചിരിച്ചു. വേദന ഒളിപ്പിച്ച ചിരി

“എങ്ങനെ കഴിയുന്നൂടാ
ഇങ്ങനെ ചിരിക്കാൻ
ഒന്ന് കരഞ്ഞുടെ നിനക്ക് ?”

പലപ്പോഴും സന്തോഷും താനും ചോദിച്ചിരുന്നു

എന്നാൽ
അന്ന്
പന്ത്രണ്ടു വർഷം മുൻപ് ഒരു വിഷുക്കാലത്ത്
ശരിക്കും പറഞ്ഞാൽ വിഷുത്തലേന്ന് അവൻ ആദ്യമായി ആർത്തലച്ചു കരയുന്നത് അവർ കണ്ടു
അവർ മാത്രമല്ല ആ നാടു മുഴുവൻ കണ്ടു
അവൻ്റെ കൂടപ്പിറപ്പിനെ നഷ്ടമായ ആ രാത്രി…

കുറ്റബോധം കൊണ്ട് നീറിയ ഹൃദയവുമായി അന്ന് പടിയിറങ്ങിയതാണ് താൻ

അന്നൊക്കെ അഴകപ്പൻ്റെ വീട്ടിലേക്ക് എന്നും പറഞ്ഞ് അമ്മ പലതും തന്നു വിട്ടിരുന്നു .
“പാവം തള്ളല്യാത്ത കുട്ടി .പിന്നെ ഒന്ന് കിടപ്പ് രോഗിം
ഈ ചെക്കൻ പണിട്ത്ത്ട്ട് വേണ്ടേ ആ വയറോള് നെറയാൻ ”

എന്ന പല്ലവി അകമ്പടി പാടും ചെയ്യും
അവൻ്റെ വീട് പപ്പേട്ടൻ്റെ റബർ എസ്റ്റേറ്റിനോട് ചേർന്നാണ്
ഓലയും ഷീറ്റും കൊണ്ട് മറച്ച ഒരു കുട്ടിപ്പെര
ഇതുവരെ അതിൻ്റെ വേലിക്കൽ വരയേ സന്തോഷും സുനിയും പോയിട്ടുള്ളൂ.
സ്കൂളിൽ പോകാൻ വിളിയ്ക്ക കൂടി ഇടവഴിയിൽ നിന്നാണ് .
ശേമന്തിയക്ക ഒളിച്ചോടിയത് അഴകപ്പനും സുനിയും സന്തോഷും പത്തിലെ പരീക്ഷയെഴുതുമ്പോഴായിരുന്നു.
അവർ പോയതോടെ അവൻ്റെ പഠിപ്പും നിന്നു.
അവൻ മലയിലെ ചെങ്കൽ ക്വാറിയിൽപണിക്കാരനായി.
സുനിയും സന്തോഷും ടൗണിലെ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് പOനം തുടർന്നു
ഒരു ദിവസം സ്കൂൾ വിട്ട് മടങ്ങും വഴിയാണ് സന്തോഷ് അതു പറഞ്ഞത് .ലതികേച്ചി അഴകപ്പൻ്റെ വീട്ടിലേക്ക് എന്നും പോകാറുണ്ടെന്നും അഴകപ്പൻ്റെ സുപ്രു അണ്ണനുമായി അരുതാത്ത രീതിയിൽ പലരും കണ്ടെന്നുമൊക്കെ
ആദ്യം സുനി അത് ചിരിച്ചു തള്ളി
പക്ഷേ മറ്റു ചിലർ കൂടി ഇക്കാര്യം പറഞ്ഞപ്പോൾ അവനും സംശയമായി
എങ്ങനെ ചേച്ചിയോട് ചോദിയ്ക്കും?
അമ്മ ഇതൊന്നും അറിയുന്നില്ലേ ?

ദേഷ്യം മനസ്സിലടക്കി വക്കാനാവാതെ പല ദിവസങ്ങളിലും അവൻ അമ്മയോട്പൊട്ടിത്തെറിച്ചു
ഭക്ഷണത്തിന് കുറ്റം പറഞ്ഞു .തൻ്റെഎല്ലാ കാര്യങ്ങളും ചെയ്തു തരുന്ന ലതികേച്ചിയെ വഴക്കു പറഞ്ഞു.

ഇസ്തിരിയിട്ടത് നേരെയായിട്ടില്ല ,ഇന്ന് തന്നയച്ച ചോറിൽ തലനാര് ,വെള്ളക്കുപ്പി മുറുക്കിയടച്ചില്ല അങ്ങനെയങ്ങനെ ..
പക്ഷേ..
ഈപ്രതിഷേധങ്ങളിലൊന്നും ലതികേച്ചിയോ അമ്മയോകുലുങ്ങാതെ അവരുടെ പതിവുകൾ തുടർന്നു പോന്നു

“സന്തോഷേ ..
നാട്ടുകാര് പറയണേല് സത്യമുണ്ടോന്ന് എനിക്ക് ഇന്നറിയണം
ഇന്ന് ഞാൻ ക്ലാസിനില്ല”

പതിവുപോലെ സ്കൂളിലേക്കിറങ്ങിയ സുനി സന്തോഷിനോടു പറഞ്ഞു
“എടാ നീ എന്തു ചെയ്യാ ?
ഒളിച്ചിരിക്കേ ?”

സന്തോഷ് ചോദിച്ചു

“അതെടാ അഴകപ്പൻ പണിക്കു പോയീ ണ്ടാവും
ഞാൻ ആ റാട്ടപ്പെരേ ലിരുന്ന് ഒന്ന് നോക്കട്ടെ”

ഇടവഴിപിരിയുന്നിടത്തു വച്ച് സുനി പറഞ്ഞു.

സമയം പത്ത് കഴിഞ്ഞു
സുനി റാട്ടപ്പുരയുടെ അഴി ജനലിലൂടെ അഴകപ്പൻ്റെ വീട്ടിലേക്കു തന്നെ നോക്കിയിരിപ്പാണ്
ലതിക പതിവു പണികളൊതുക്കി ഇറങ്ങാനൊരുങ്ങി

”അമ്മേ ഞാൻ മുരുകനെ നോക്കീട്ട് വരാട്ടൊ .സുപ്രു അണ്ണൻ അവനെ എടുക്കാൻ ഇന്നലെ നോക്കണ കണ്ടപ്പൊ സങ്കടം തോന്നി ”

ലതിക പറയുന്നത് കേട്ട്
സുനിയുടെ അകത്തെ മുറിയിൽപ്പോയി എന്തോ കൊണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു
“ശരി മോളേ ദാ ഇത് നീ അവന് ഇട്ടു കൊടുക്ക് സുനിയുടെ ചെറുതാവുമ്പോഴത്തെ ഒരു ഷർട്ടാ .ഒരു കേടും വന്നിട്ടില്ല”

“ശരി അമ്മേ .. എന്നാ ഇനി അമ്മ വരാന്ന് അവൻ ഇന്നലേം ചോദിച്ചൂട്ടൊ. പാവം അമ്മ എന്നതിന് അവൻ ആംഗ്യം കിട്ടീത് എന്താന്നറിയോ ? നെഞ്ചിൽ തൊട്ട് എന്നെ ചൂണ്ടാ ചെയ്തത് ”
ലതിക ഇറങ്ങും മുൻപ് പറഞ്ഞു
“പാവം കുട്ടി .അമ്മ നാളെ വിഷുക്കൈനീട്ടവും കൊണ്ട് പോവുന്നുണ്ട് .നമ്മടെ സുനീ നെം കൂട്ടാം .അവൻ മുരുകനെ ഇതുവരെ കണ്ടിട്ടില്ലല്ലോ ‘അങ്ങനെയൊരു ജന്മം ആ വീട്ടിലുള്ളത് നമ്മളൊഴിച്ച് ആരും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല ”
അമ്മ വേഷ്ടിത്തലപ്പു കൊണ്ട് കണ്ണീരൊപ്പി പറഞ്ഞു

കയ്യിൽ പൊതിയും കൊണ്ട് ലതിക വരുന്നത് കണ്ട് സുനിയുടെ ദേഷ്യം ഇരട്ടിച്ചു .ഏറെ നേരം മുരുകൻ്റെ കൂടെ ചെലവിട്ടാണ് ലതിക മടങ്ങിയത് .റാട്ടപ്പുരയിലെ ഇരുട്ടിൽ ആ സമയം മുഴുവൻ സുനി എഴുതാപ്പുറം വായിച്ചു കൂട്ടുകയായിരുന്നു

വിഷുത്തലേന്ന്
വാങ്ങിവച്ചപടക്കക്കൂട്ടത്തിൽ ഒരു മാല സുനി കയ്യിലെടുത്തു
രാത്രി ആരും കാണാതെ പുറത്തെത്തി.
ഒരു പാതിരാപ്പുള്ള് അവൻ്റെ തലയ്ക്കു മീതെ പാടിക്കൊണ്ട് പറന്നകന്നു
റബ്ബർ മരക്കൂട്ടങ്ങൾക്കിടയിൽ മണ്ണിൽ മുളച്ചുപൊന്തിയ കൂൺ പോലെ അഴകപ്പൻ്റെ കുടിൽ …

സംശയിച്ചു നിൽക്കാതെ സുനി പടക്കത്തിന് തിരികൊളുത്തി ആ വൈക്കോൽക്കുടിലിനെ ലക്ഷ്യമാക്കി എറിഞ്ഞു .
കാറ്റിൽ തീ ആളിപ്പടർന്നു
അതു കണ്ട് പെട്ടെന്ന് അവന് എന്തോ തിരിച്ചറിവുണ്ടായി. അവൻ ആർത്തുവിളിച്ചു
“അഴകപ്പാ …
നിൻ്റെ വീട് കത്തുന്നു വാ …”

സുനി വാതിക്കൽ ശക്തിയായി ഇടിച്ചു കൊണ്ട് പറഞ്ഞു.
കല്ലുപണി കഴിഞ്ഞ് ക്ഷീണിച്ച്ഉറങ്ങുകയായിരുന്നു അഴകപ്പൻ .ചൂട് അസഹനീയമായപ്പോഴാണ് അവൻ ഞെട്ടി ഉണർന്നത്

“മുരുകാ …”
ഒരു ആർത്തനാദം അവൻ്റെ തൊണ്ടയിൽ നിന്നും പുറത്തെത്തി
സുപ്രണ്ണൻ ചുമരുപിടിച്ച് എങ്ങനെയോ പുറത്തെത്തിയിരുന്നു

പക്ഷേ .. അവൻ്റെ കുഞ്ഞനുജൻ ,ആ മിണ്ടാപ്രാണി ,കൈകാലുകൾക്ക് ശേഷിയില്ലാത്ത മുരുകൻ അപ്പോഴേക്കും തീയിലൊടുങ്ങിയിരുന്നു.

പതിവുപോലെ വിഷുവെത്തി .കണിക്കൊന്നകൾ തങ്കക്കിങ്ങിണി കിലുക്കി കാറ്റിൽ നൃത്തം ചെയ്തു .വിഷുപ്പക്ഷി കിഴക്കു നോക്കി വിരുന്നു വിളിച്ചു
കാലംമായ്ക്കാത്ത മുറിവുമായി അയാളും ആവിഷുക്കാലത്ത് നാട്ടിൽ വിരുന്നുകാരനായി

ജിഷ.യു.സി