"അമ്മേ"
"മകളേ; പൊന്നു മകളേ!"
ഇറുകിപ്പുണര്‍ന്ന മകളുടെ ചുംബനത്തില്‍ ശ്വാസംമുട്ടിയ ചാച്ചി ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു.
"എന്തുപറ്റിയമ്മേ?"
അടുത്ത കട്ടിലില്‍ കിടന്നിരുന്ന മേഴ്സി ചാച്ചിയമ്മയുടെ കട്ടിലില്‍ വന്നിരുന്നു.
"എന്‍റെ മേഴ്സി ഞാന്‍ ഒരു സ്വപ്നം കണ്ടടീ! എന്‍റെ മിനിമോള്‍ വന്നെടീ! എന്നെ കെട്ടിപ്പിടിച്ചെടീ!"
"ആ..മിനിമോള്‍ വന്നുകൊണ്ടിരിക്കുവല്ലേ...അതാ സ്വപ്നം കണ്ടത്." ചാച്ചിയമ്മയുടെ കൈയില്‍ തലോടിക്കൊണ്ട് മേഴ്സി പറഞ്ഞു.
ഇളയ മകള്‍ മിനി അമേരിക്കയില്‍ നിന്ന് പുലര്‍ച്ചെയുള്ള ഫ്ളൈറ്റില്‍ ഇന്ന് കൊച്ചിയിലെത്തുമെന്ന് വിളിച്ചുപറഞ്ഞിരുന്നു. ചാച്ചിയമ്മ കൈപ്പുഴ ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസമൊന്നായി. കാലുകള്‍ക്ക് തളര്‍ച്ച, മുട്ടിനു വേദന; സഹിക്കാനാവുന്നില്ല. ഉയര്‍ന്ന പ്രഷറും ഷുഗറും താഴുന്നില്ല. ഇടയ്ക്കിടക്ക് വരുന്ന ശ്വാസംമുട്ടല്‍ ചാച്ചിയമ്മയെ വിഷമിപ്പിച്ചു. 80 ആഘോഷിക്കാന്‍ മക്കള്‍ അമേരിക്കയില്‍ നിന്ന് വന്നതാണ്. കേക്ക് മുറിച്ച്, പാട്ടും പാടി, ഉമ്മവച്ച് അവരെല്ലാം തിരികെപ്പോയി. ചാച്ചിയമ്മയ്ക്ക് കൂട്ട് ഹോം നേഴ്സ് മേഴ്സി മാത്രം. അങ്ങനെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വന്നപ്പോഴാണ് ഡോക്ടര്‍ ഇവിടെ കിടക്കാന്‍ പറഞ്ഞത്. ഡിസ്ചാര്‍ജ് ഇന്നാകട്ടെ നാളെയാകട്ടെ മറ്റന്നാളാകട്ടെ എന്നു പറഞ്ഞ് ഡോക്ടര്‍ നീട്ടിക്കൊണ്ടു പോകുന്നു. രണ്ടാമത്തെ മകന്‍ സാജു അമേരിക്കയില്‍നിന്ന് വിളിച്ച് എല്ലാം കുറഞ്ഞിട്ട് അമ്മയെ വിട്ടാല്‍ മതിയെന്ന് ഡോക്ടറോട് പറഞ്ഞിട്ടാണ് ഈ നീട്ടല്‍ എന്ന് ചാച്ചിയമ്മയ്ക്ക് മനസ്സിലായി.
"എന്നെ സെമിത്തേരിയിലേക്ക് എടുക്കാനായിരിക്കും ഇവിടെ കിടത്തിയിരിക്കുന്നത്" കുത്തിവയ്ക്കാന്‍ വന്ന നേഴ്സിനോട് ചാച്ചിയമ്മ പരാതിപ്പെടും.
"സാരമില്ലമ്മേ. എല്ലാം കുറഞ്ഞ് മിടുക്കിയായിട്ടു വേണം പോകാന്‍" നേഴ്സുമാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയും.
"അല്ലേലും ഞാന്‍ മിടുക്കിയാണെടീ" ചാച്ചിയമ്മ നേഴ്സുമാരോട് കയര്‍ക്കും.
"പിന്നെ അമ്മച്ചി സുന്ദരി തന്നെയാ" ചാച്ചിയമ്മയുടെ കവിളില്‍ നുള്ളിക്കൊണ്ട് നേഴ്സുമാര്‍ പറഞ്ഞ് വീണ്ടും പൊട്ടിച്ചിരിക്കും.
യൗവനത്തില്‍ നാട്ടിലെ ഒരു താരമായിരുന്നു ചാച്ചിയമ്മ. പാവാടയും ബ്ലൗസുമിട്ട് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് ചിത്രശലഭത്തെപ്പോലെ പാറിക്കളിച്ച് സ്കൂളിലും പള്ളിയിലുമൊക്കെ പോയിരുന്ന ചാച്ചിയമ്മയെ ചെറുപ്പക്കാര്‍, കൗതുകത്തോടെ നോക്കി നില്ക്കുമായിരുന്നു. ഹൈസ്കൂള്‍ പഠനം കഴിഞ്ഞതോടെ അപ്പച്ചന്‍ കല്യാണാലോചന തുടങ്ങി. അവളെ ഒരു സര്‍ക്കാര്‍ ജോലിക്കാരനെക്കൊണ്ട് കെട്ടിക്കണം അതായിരുന്നു അപ്പച്ചന്‍റെ നിശ്ചയം. അവസാനം നറുക്കു വീണത് വില്ലേജാപ്പീസില്‍ ക്ലര്‍ക്കായിരുന്ന താഴത്തുവീട്ടില്‍ ലൂക്കാച്ചനാണ്. അങ്ങനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഭാര്യയായി കളിതമാശകള്‍ക്കും പൊട്ടിച്ചിരികള്‍ക്കും ഒട്ടും കുറവില്ലാതെ ചാച്ചിയമ്മയുടെ കുടുംബജീവിതം മുന്നോട്ടുപോയി. മാസാമാസം ശമ്പളം കിട്ടുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ ആ കുടുംബം സന്തോഷഭരിതമായിരുന്നു. കുടുംബജീവിതത്തിന്‍റെ ആസ്വാദ്യകരമായ നാളുകള്‍ ചിത്രങ്ങളിലെന്നപോലെ ചാച്ചിയമ്മയുടെ ഓര്‍മ്മകളിലൂടെ കടന്നുപോയി. മൂത്ത മകന്‍ മത്തായിക്കുഞ്ഞ് അപ്പനെപ്പോലെ സുന്ദരനായിരുന്നു. നടനും പാട്ടുകാരനുമൊക്കെ ആയിരുന്ന മത്തായിക്കുഞ്ഞ് സ്കൂളിലും കോളജിലുമൊക്കെ അറിയപ്പെടുന്ന കലാകാരനായിരുന്നു. ചെമ്മീന്‍ സിനിമയിലെ പാട്ടുകളൊക്കെ കാണാതെ പഠിച്ച് വീട്ടിലിരുന്ന് അവന്‍ പാടുന്നതൊക്കെ ചാച്ചിയമ്മയോര്‍ത്തു. "കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല..." അവന്‍ പാടിയ പാട്ടിന്‍റെ വരികള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതുപോലെ ചാച്ചിയമ്മയ്ക്ക് തോന്നി. നാട്ടിലെ കോളജില്‍ ബി.എ. പാസ്സായതിനുശേഷം ജബല്‍പ്പൂരില്‍ പോയാണ് അവന്‍ എം.എ. പഠിച്ചത്. അവധിക്ക് വന്ന് മടങ്ങുമ്പോള്‍, പ്രൊഫസര്‍മാര്‍ക്ക് കൊടുക്കാന്‍ വേണ്ടി എത്രമാത്രം അവലോസുണ്ടയും ചിപ്പ്സുമൊക്കെ ഞാന്‍ ഉണ്ടാക്കി അവന്‍റെ കൈയ്യില്‍ കൊടുത്തുവിട്ടിട്ടുണ്ട്. എം.എ. പാസ്സായി നാട്ടില്‍ തിരിച്ചുവന്ന അവന് സമുദായത്തിന്‍റെ കോളജില്‍ ലക്ചററായി ജോലി കിട്ടി. അത് തന്‍റെ കുടുംബത്തിനുണ്ടാക്കിയ അഭിമാനവും സന്തോഷവും എത്ര വലുതായിരുന്നു. "ഓ, ചാച്ചിയമ്മയുടെ മകന്‍ കോളേജ് ലക്ചററാ" എല്ലാവരും പറയുന്നതു കേട്ട് ചാച്ചിയമ്മയുടെ മനം കുളിര്‍ത്തു.
ഈ സമയം മൂത്ത മകള്‍ തങ്കമ്മ ഡല്‍ഹിയില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. തന്നെപ്പോലെതന്നെ സുന്ദരിയായ തങ്കമ്മയ്ക്ക് ചില പ്രണയ ചാപല്യങ്ങളൊക്കെ ഉണ്ടെന്ന് ചാച്ചിയമ്മയ്ക്ക് തോന്നിയിരുന്നു. ഡല്‍ഹിയില്‍ ജോലിയുള്ള ഒരു ചെറുപ്പക്കാരനുമായി തങ്കമ്മ അടുപ്പത്തിലായി. ദൈവകൃപയാല്‍ അവന്‍ അമേരിക്കയ്ക്ക് പോകാന്‍ വിസാ ഫയലുചെയ്ത് നില്ക്കുന്ന സമയമായിരുന്നു അത്. തങ്കമ്മ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ വന്നപ്പോഴാണ് വിവരങ്ങളൊക്കെ അറിയുന്നത്. നാട്ടിലെ ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ തങ്കച്ചന്‍ വിവാഹാലോചനയുമായി വീട്ടിലെത്തി. വീട്ടിലെ ആദ്യത്തെ കല്യാണമായിരുന്നതുകൊണ്ടും ചെറുക്കന്‍ അമേരിക്കക്കാരനായിരുന്നതുകൊണ്ടും നാടിളക്കിയ ഒരു കല്യാണമായിരുന്നു അത്. പിന്നെ ഒന്നരവര്‍ഷം കാത്തിരുന്നതിനുശേഷമാണ് തങ്കമ്മയ്ക്ക് അമേരിക്കയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചത്. ദിവസവും പോസ്റ്റുമാനെ കാത്തിരിക്കുന്ന തങ്കമ്മയെ കളിയാക്കിക്കൊണ്ട് 'താമസമെന്തേ വരുവാന്‍' എന്ന പാട്ടുപാടിയിരുന്ന മത്തായിക്കുഞ്ഞിനെ ചാച്ചിയമ്മ ഓര്‍ത്തു. ആ സമയത്താണ് നാട്ടിലെ ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന മോളമ്മയുടെ കല്യാണാലോചന മത്തായിക്കുഞ്ഞിന് വരുന്നത്. സാറുമ്മാരുടെ കല്യാണം എന്ന ലേബലില്‍ ആ കല്യാണവും സന്തോഷമായി അരങ്ങേറി. ഭാഗ്യങ്ങള്‍ ഒന്നൊന്നായി വരുമെന്ന് പറയുന്നപോലെ ഈ സമയത്തുതന്നെ അപ്പച്ചന്‍ ലൂക്കാച്ചന് വില്ലേജ് ആഫീസറായി പ്രൊമോഷന്‍ കിട്ടി. വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ബ്രാണ്ടി നുണഞ്ഞ് സന്തോഷം പങ്കുവയ്ക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞു; "ഈ നിലയില്‍ പോയാന്‍ ലൂക്കാച്ചന്‍ തഹസീല്‍ദാരായി റിട്ടയര്‍ ചെയ്യും." "നിന്‍റെ നാക്ക് പൊന്നാകട്ടെ!" ലൂക്കാച്ചന്‍ അവന് ഒരു പെഗ് കൂടി ഒഴിച്ചുകൊടുത്തു. പ്രമോഷന്‍ കിട്ടി കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറിപ്പോയ ലൂക്കാച്ചന്‍ ആഴ്ചയില്‍ ഒന്നേ വീട്ടില്‍ എത്തുമായിരുന്നുള്ളു. എങ്കിലും മൂത്തമകന്‍ മത്തായിക്കുഞ്ഞ് വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതുകൊണ്ട് ഒന്നിനും ഒരു കുറവുമില്ലായിരുന്നു. രാവിലെ മത്തായിക്കുഞ്ഞും മോളമ്മയും മോട്ടോര്‍സൈക്കിളിള്‍ കയറിപ്പോകുന്നത് കാണുന്നത് സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു. മോട്ടോര്‍ സൈക്കിളിന്‍റെ പിറകില്‍ മത്തായിക്കുഞ്ഞിനോട് ചേര്‍ന്നിരുന്ന് ഇടതുകൈകൊണ്ട് അവന്‍റെ വയറില്‍ ചുറ്റിപ്പിടിച്ച് വലതുകൈ അവന്‍റെ തോളില്‍ അമര്‍ത്തിപ്പിടിച്ച് യാത്രയാകുന്ന അവരെ നോക്കിക്കൊണ്ട് ചിലപ്പോള്‍ ചാച്ചിയമ്മ മനസ്സില്‍ പറയും "ഓ! ഒരു ഇണക്കുരുവികള്‍."
കാലം അങ്ങനെ ഒഴുകി നീങ്ങി. വേനലും മഴയും മാറി മാറി വന്നു. മത്തായിക്കുഞ്ഞിനും തങ്കമ്മയ്ക്കും ആണ്‍മക്കള്‍ ഓരോന്ന് ജനിച്ചു. തങ്കമ്മയുടെ കുഞ്ഞിന്‍റെ മാമ്മോദീസ, അമേരിക്കയില്‍ നടന്നപ്പോള്‍ മത്തായിക്കുഞ്ഞിന്‍റെ മകന്‍റെ മാമ്മോദീസ നാട്ടില്‍ നടന്നു. അങ്ങനെ ചാച്ചിയമ്മയും ലൂക്കാച്ചനും വല്യമ്മയും വല്യപ്പനുമായി. അപ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറാനുള്ള ടിക്ഫോം വരുന്നത്. ലൂക്കാച്ചനും ചാച്ചിയമ്മയ്ക്കും ഇളയവരായ സാജുവിനും മിനിക്കും പോകാനുള്ള പേപ്പറുകളാണ് തങ്കമ്മ ഫയല്‍ ചെയ്തത്. 25 വയസ്സ് കഴിഞ്ഞിരുന്നതുകൊണ്ട് മൂത്ത മകന്‍ മത്തായിക്കുഞ്ഞിന് ഫയല്‍ ചെയ്തിരുന്നില്ല. വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ അമേരിക്കയിലേക്കുള്ള വിസാ ഇന്‍റര്‍വ്യൂവിന് അവരെ ചെന്നൈയിലേക്ക് വിളിച്ചു. കോട്ടയം റെയില്‍വേസ്റ്റേഷനില്‍നിന്ന് മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ പ്രത്യാശയോടെ അവര്‍ യാത്രയായി. മദാമ്മയുടെ എല്ലാ ചോദ്യങ്ങള്‍ക്കും 'യേസ്' എന്ന് ഉത്തരം പറഞ്ഞ് അവര്‍ ഇന്‍റര്‍വ്യൂവില്‍ പാസ്സായി. ഒരു തരത്തില്‍ മൂന്നുമാസത്തെ അവധിയെടുത്ത് ലൂക്കാച്ചനും ചാച്ചിയമ്മയും സാജുവും മിനിയും ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ചു. തങ്കമ്മയുടെ പുതിയ വീട്ടില്‍ അമേരിക്കന്‍ കാഴ്ചകളുടെ ആനന്ദത്തില്‍ അവരുടെ ജീവിതത്തിന് പുതിയ രൂപവും ഭാവവും ഉണ്ടായി. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഫോണ്‍ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. ചാച്ചിയമ്മ സ്വയം അഭിമാനിച്ച് ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ അമേരിക്കയിലെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്നെത്തിയ ഒരു ഫോണ്‍ സന്ദേശത്തില്‍ ആ കുടുംബം നിശ്ചലരായി! നിശബ്ദരായി! മത്തായിക്കുഞ്ഞ് ബൈക്ക് ആക്സിഡന്‍റില്‍ മരണപ്പെട്ടു. പിന്നെ കഥയുടെ ചുരുളുകള്‍ അഴിയുകയായി. വാരാന്ത്യത്തില്‍ കൂട്ടുകാരുമൊത്ത് നഗരത്തില്‍ അത്താഴവിരുന്നിനുപോയി തിരികെ വരുമ്പോള്‍ തന്‍റെ ബൈക്ക് ഒരു ലോറിയില്‍ ഇടിച്ച് മത്തായിക്കുഞ്ഞ് അപായപ്പെടുകയാണുണ്ടായത്. സന്തോഷത്തോടെ അമേരിക്കയിലേക്ക് പോയ ചാച്ചിയമ്മ തന്‍റെ മകന്‍റെ മൃതദേഹം കാണാനാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. ലൂക്കാച്ചനും ചാച്ചിയമ്മയും പിന്നെ തിരികെ പോയില്ല.
കാലങ്ങള്‍ അങ്ങനെ കടന്നുപോയി. സാജുവിന്‍റെയും മിനിയുടെയും കല്യാണങ്ങള്‍ കഴിഞ്ഞു. അവര്‍ കുടുംബസമേതം അമേരിക്കയിലാണ്. ലൂക്കാച്ചന്‍ തഹസീല്‍ദാര്‍ ആയി ജോലിയില്‍നിന്നും വിരമിച്ചു. മോളമ്മയും മകനും വീട്ടിലുണ്ട്. ചാച്ചിയമ്മയും ലൂക്കാച്ചനും ഒരിക്കല്‍ക്കൂടി അമേരിക്ക സന്ദര്‍ശിക്കാന്‍ പോയി. വാര്‍ധക്യ ക്ലേശങ്ങളാല്‍ വിഷമിച്ചിരുന്ന ലൂക്കാച്ചന്‍ തണുപ്പ് സഹിക്കാന്‍ ആവാതെ ഒറ്റയ്ക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. കൊച്ചുമക്കളുടെ പരിചരണത്തിന് ചാച്ചിയമ്മയെ സാജുവും മിനിയും കൂടെ നിര്‍ത്തി. "ഈ മാലാഖക്കുഞ്ഞുങ്ങളെ ഇട്ടിട്ട് ഞാന്‍ എങ്ങനെ പോരും?" ചാച്ചിയമ്മ ലൂക്കാച്ചനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന ഹൃദയത്തോടെ യാത്രയാക്കി. വാര്‍ധക്യത്തിന്‍റെ അവശതകളും ഒറ്റപ്പെടലിന്‍റെ വേദനകളും ലൂക്കാച്ചനെ രോഗിയാക്കി. ഒരു പ്രഭാതത്തില്‍ ഉണരാതിരുന്ന അപ്പച്ചനെ തട്ടിവിളിച്ചപ്പോഴാണ് ഇനി അപ്പച്ചന്‍ ഒരിക്കലും ഉണരുകയില്ല എന്ന യാഥാര്‍ത്ഥ്യം മോളമ്മ മനസ്സിലാക്കിയത്. ചാച്ചിയമ്മ രണ്ടാം തവണയും നാട്ടിലേക്ക് വിമാനം കയറിയത് വിതുമ്പുന്ന ഹൃദയത്തോടെയാണ്. "വരുന്നത് സന്തോഷത്തോടെ, പോകുന്നത് സങ്കടത്തോടെ. എന്‍റെ വിധി!" ചാച്ചിയമ്മ വിമാനത്തിലിരുന്ന് പിറുപിറുത്തു. ആര്‍ഭാടങ്ങള്‍ക്കൊന്നും ഒരു കുറവുമില്ലാതെ തന്‍റെ മകനെപ്പോലെ ഭര്‍ത്താവിനെയും ചാച്ചിയമ്മ യാത്രയാക്കി. പിന്നെ ചാച്ചിയമ്മ തിരികെപ്പോയില്ല. വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ മോളമ്മയും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി. ചാച്ചിയമ്മ ഒറ്റയ്ക്കായി. അവശതയായതിനുശേഷം ചാച്ചിയമ്മ പള്ളിയില്‍ പോയിട്ടില്ല. തന്‍റെ മുറിയില്‍ ശാലോം ടി.വി.ക്ക് മുന്‍പിലിരുന്ന് ചാച്ചിയമ്മ ദിനങ്ങള്‍ തള്ളിനീക്കി. വീട്ടിലെ പരിചരണത്തിന് മേഴ്സിയേയും ആശുപത്രിയില്‍ പോകാന്‍ ഡ്രൈവര്‍ കുട്ടിച്ചനേയും മക്കള്‍ ചുമതലപ്പെടുത്തി. സി.സി.ടി.വി. വച്ച് അമ്മയുടെ ചലനങ്ങള്‍ മക്കള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. വീട്ടിലാരെങ്കിലും കോളിംഗ് ബെല്‍ അടിച്ചാല്‍ അമേരിക്കയില്‍ മക്കള്‍ അറിയുമായിരുന്നു. ചാച്ചിയമ്മയുടെ 80-ാം പിറന്നാളിന് മക്കളും കൊച്ചുമക്കളും എല്ലാം ഒത്തുകൂടി. നാട്ടുകാരും വീട്ടുകാരുമായി നൂറോളം ആള്‍ക്കാര്‍. മുന്തിയ വീഞ്ഞുകുടിച്ച് നല്ല വിരുന്നുകഴിച്ച് അവര്‍ ചാച്ചിയമ്മയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. എല്ലാവരേയും പ്രതിനിധീകരിച്ച് വികാരിയച്ചന്‍ ആശംസാപ്രസംഗം നടത്തി. ചാച്ചിയമ്മ ഭാഗ്യവതിയാണെന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൈയടിച്ചു.
ഒറ്റപ്പെടലിന്‍റെ ഏകാന്തതയില്‍, ഓര്‍മ്മകളുടെ തടവറയില്‍ ചാച്ചിയമ്മ ആ ചോദ്യം തന്നോടുതന്നെ പലവട്ടം ചോദിച്ചു. "താന്‍ ഭാഗ്യവതിയാണോ?" എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലാത്തതുപോലെ ചാച്ചിയമ്മയ്ക്ക് തോന്നി. എന്തോ ഒരു ശൂന്യത!
"മേഴ്സീ എന്നെ ഒന്നു സ്പഞ്ച് ചെയ്തേ...പുതിയ ചട്ടയും മുണ്ടും എടുക്കണം. അതുകഴിഞ്ഞ് എന്നെ പെര്‍ഫ്യൂം അടിക്കണം."
"എന്തിനാമ്മച്ചീ?" മേഴ്സി അത്ഭുതത്തോടെ ചോദിച്ചു.
"മേഴ്സീ ഇന്ന് മിനി വരുകയല്ലേ! അവളെന്നെ കെട്ടിപ്പിടിക്കും; ഉമ്മതരും. അപ്പോള്‍ ഇവിടെ നല്ല മണം വരണം. നിനക്കിതൊന്നും അറിയില്ലേ?" ആവേശത്തോടെ പറയുന്ന ചാച്ചിയമ്മയെ മേഴ്സി ആശ്ചര്യത്തോടെ നോക്കി. ചാച്ചിയമ്മയുടെ കണ്ണുകളില്‍ തിളക്കം! ശരീരത്തിനാകെ ഒരു പ്രസരിപ്പ്. കൈകള്‍ വിറയ്ക്കുന്നു. മേഴ്സി ചാച്ചിയമ്മയുടെ ശരീരമാകെ സ്പഞ്ച് ചെയ്ത് വൃത്തിയാക്കി ഡിയോഡറന്‍റ് അടിച്ചു. പുതിയ ചട്ടയും മുണ്ടും ഉടുപ്പിച്ചു. ചിത്രപ്പണിയുള്ള ചെറിയ കവണിയെടുത്ത് ഞൊറിഞ്ഞ് ചാച്ചിയമ്മയെ ധരിപ്പിച്ചു. യാഡ്ലിയുടെ പെര്‍ഫ്യൂം ചട്ടയിലും മുണ്ടിലും അടിച്ചു. അല്പം പൗഡര്‍ എടുത്ത് മുഖത്തും കൈവെള്ളയിലും പൂശി. എഴുന്നേറ്റിരുന്ന് കാപ്പികുടിച്ച് ചാച്ചിയമ്മ വീണ്ടും കിടന്നു. ഓര്‍മ്മകളുടെ ഓളങ്ങള്‍ ചാച്ചിയമ്മയെ വീണ്ടും മയക്കത്തിലാഴ്ത്തി. കതകില്‍ മുട്ടുകേട്ട് മേഴ്സി കതകു തുറന്നപ്പോള്‍ ജീന്‍സും ടോപ്പും ധരിച്ച മിനിയെയാണ് കാണുന്നത്. ഡ്രൈവര്‍ പെട്ടികള്‍ മുറിയില്‍ വയ്ക്കുന്നു. "അമ്മേ" മിനി ഉറക്കെ വിളിച്ചപ്പോള്‍ ചാച്ചിയമ്മ ഞെട്ടി ഉണര്‍ന്നു. "മോളേ...പൊന്നുമോളേ..." അമ്മയും മകളും ഗാഢമായ ആലിംഗനത്തില്‍ അമര്‍ന്നു. സുഗന്ധപൂരിതമായ ഒരു ഉമ്മ മിനിമോള്‍ക്ക് കൊടുത്ത് ചാച്ചിയമ്മ തലയിണയിലേക്ക് പതിച്ചു. അവര്‍ നിശ്ചലയായി. അവരുടെ കണ്ണുകള്‍ തുറന്നിരുന്നു. അവരുടെ ചുണ്ടുകള്‍ വിടര്‍ന്നിരുന്നു. ഒന്നും മനസ്സിലാകാതെ മിനി വീണ്ടും വിളിച്ചു: "അമ്മേ!" ചാച്ചിയമ്മ വിളി കേട്ടില്ല.

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

