PRAVASI

സുരേഷ് ഗോപിയുടെ ഭ്രാന്ത്

Blog Image

കൊളംബിയ സർവകലാശാലയിലെ ന്യൂറോളജി പ്രൊഫെസ്സർ ആയ ഒലിവർ സാക്‌സ് 1985 ൽ എഴുതിയ  ലോകപ്രസിദ്ധമായ ഒരു പുസ്തകമാണ്  ഭാര്യയെ തൊപ്പി എന്ന് തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ. (Man Who Mistook His Wife for a Hat). അദ്ദേഹത്തിന്റെ പ്രാക്ടിസിന്റെ ഇടയിൽ കണ്ടുമുട്ടിയ വിചിത്രങ്ങളായ അനുഭവ കുറിപ്പുകളാണ് ആ പുസ്തകത്തിൽ ഉള്ളത്.
അതിൽ പറയുന്ന ഒരു കഥയാണ് മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ഒരു മനുഷ്യനെ പറ്റി. ഒരു വട്ടം വരച്ച് അതിൽ കണ്ണുകൾക്ക് വേണ്ടി രണ്ടു കുത്തുമിട്ട് , ഒരു ചെറിയ വട്ടം മൂക്കും ആക്കി  , മുകളിലേക്ക് വളഞ്ഞ ഒരു ഒരു വരയും വരച്ചാൽ ഏതാണ്ട് എല്ലാ മനുഷ്യരും അതൊരു മനുഷ്യ മുഖം  ആണെന്ന് പെട്ടെന്ന് തന്നെ മനസിലാക്കും, യഥാർത്ഥ മുഖവുമായി അതിനൊരു ബന്ധവും ഇല്ലെങ്കിൽ പോലും. കണ്ണിൽ നിന്നുള്ള സിഗ്നലുകളെ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിലെ  തലച്ചോറിലെ occipital /temporal ലോബികൾ കൊണ്ടാണ് ആണ് നമ്മൾക്ക് ഈ കഴിവ് ഉള്ളത്. 
പക്ഷെ ഈ  ലോബുകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഉള്ളവർക്ക്  യഥാർത്ഥ മുഖം മുഖമാണ് എന്ന് തിരിച്ചറിയാൻ കഴിയില്ല. Visual Agnosiya എന്നാണ് ഈ രോഗത്തിന്റെ പേര്. ഡോക്ട്ടർ ഒലിവർ സാക്സിനെ കാണാൻ വന്ന രോഗി, തന്റെ തൊപ്പിയാണെന്നു കരുതി ഭാര്യയുടെ മുഖം എടുക്കാൻ ശ്രമിച്ചു എന്ന് പറയുമ്പോൾ ഈ രോഗമുള്ളവർ കടന്നു പോകുന്ന അവസ്ഥ നിങ്ങൾക്ക് മനസിലാകും. വേറെ എല്ലാ തരത്തിലും നോർമലായ മനുഷ്യന്റെ കാര്യമാണ് പറയുന്നത്. മനുഷ്യന്റെ ശരീരം, പ്രത്യേകിച്ച് തലച്ചോർ വളരെ കോംപ്ലെക്സ് ആയ , ഒരു ചെറിയ ഹോർമോൺ വ്യതിയാനം കൊണ്ടുപോലും സാധാരണം എന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളും കൈവിട്ടുപോകാൻ സാധ്യതയുള്ള ഒരു അവയവമാണു എന്ന് പറയാനാണ് ഞാൻ ഈ കഥ പറഞ്ഞത്. 
ഇതുപോലെ ഒരു പ്രശ്നം ഈയടുത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു. നടന്മാരിലും/ നടിമാരിലും തങ്ങൾ സ്ഥിരമായി അഭിനയിച്ചു വരുന്ന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ സ്ഥിരമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന വിചിത്ര പ്രതിഭാസം ആണിത്. സാധാരണയായി ഒരു നടൻ / നടി അഭിനയം കഴിഞ്ഞു തന്റെ സ്വാഭാവികമായ ജീവിതത്തിലേക്ക് തിരികെ പോകും. ചിലർക്ക് കഥാപാത്രത്തെ മറക്കാൻ കുറെ കൂടി സമയം എടുക്കും (പല മലയാള നടീനടന്മാരും ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്) .  പക്ഷെ ന്യൂയോർക്കിലെ  ബ്രോഡ്‍വെ മ്യൂസിക്കലുകൾ  പോലെ ഒരേ കഥാപാത്രത്തെ എല്ലാ ദിവസവും പല പ്രാവശ്യം അവതരിപ്പിക്കേണ്ടി വരുന്ന ചില നടീനടന്മാർക്ക് ഈ കഥാപാത്രത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയില്ല. മലയാളത്തിൽ സ്ഥിരം ഒരേ റോൾ ചെയ്യുന്ന നടന്മാരെ ന്യൂയോർക് ബ്രോഡ്‍വെയിൽ സ്ഥിരം ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും ആയി തീർച്ചയായും താരതമ്യം ചെയ്യാവുന്നതാണ്. 
അഭിനയം തലച്ചോറിനെ മാറ്റുന്നു എന്നാണ് ഇതിനെക്കുറിച്ചുള്ള പഠനം പറയുന്നത്. സിഡ്‌നി യൂണിവേഴ്സിറ്റിയിലെ Mark Seton "post-dramatic stress disorder" എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത് ( യുദ്ധം കഴിഞ്ഞു പട്ടാളക്കാർക്ക് ഉണ്ടാകുന്ന  Post-traumatic stress disorder : PTSD പോലെ). 2019 മാർച്ചിൽ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് പേജിൽ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇതിൽ ഏറ്റവും അവസാനം നടന്നത്. 15 നടന്മാരെ FMRI  ഫങ്ക്ഷണൽ MRI (ഒരു ചിത്രം കാണിക്കുമ്പോൾ അല്ലെങ്കിൽ ശബ്ദം കേൾപ്പിക്കുമ്പോൾ അതേസമയം തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാണാൻ കഴിയുന്ന സങ്കേതം) ഉപയോഗിച്ച് നടത്തിയ പഠനമാണിത്. 
റോമിയോ ആൻഡ് ജൂലിയറ്റ് എന്ന വിഖ്യാത നാടകമാണ് ഈ പരീക്ഷണ സമയത്ത് അവർ അഭിനയിച്ചത്. ഇതിനിടയിൽ സ്വകാര്യ ചോദ്യങ്ങളും ചോദിച്ചു. സ്വകാര്യ ചോദ്യങ്ങൾ , റോമിയോ ആൻഡ് ജൂലിയറ്റ് കഥ അഭിനയിക്കുന്ന സന്ദർഭങ്ങളിൽ ഉണ്ടാക്കുന്ന തലച്ചോർ ആക്ടിവിറ്റിയും, ഈ കഥാപാത്രങ്ങൾ ആയിരിക്കാത്ത സന്ദർഭങ്ങളിൽ ഉണ്ടാകുന്ന തലച്ചോർ ആക്ടിവിറ്റിയും താരതമ്യം ചെയ്തു നോക്കിയപ്പോൾ  ആണ് കഥാപാത്രങ്ങൾ ഇവരുടെ സ്വകാര്യ ജീവിതത്തെ തന്നെ ബാധിക്കുന്നു എന്ന് ഗവേഷകർ കണ്ടെത്തിയത്. കഥാപാത്രങ്ങൾ ആയിരിക്കുന്ന സമയത്ത് ഇവർ സ്വന്തം  യഥാർത്ഥ വ്യക്തിത്വത്തെ മറച്ചുവയ്ക്കുന്നു. ഈ പരീക്ഷണത്തിനു ശേഷം  പലർക്കും വളരെ സമയം കഴിഞ്ഞാണ് സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാൻ കഴിയുന്നത്.  (വിശദമായ  പഠനത്തിന്റെ ലിങ്ക് കമെന്റിൽ ഇടാം, സമയം ഉള്ളവർ വായിച്ചു നോക്കുക). 
ഇത്രയും വായിച്ചതിനു ശേഷം സുരേഷ് ഗോപി നികേഷ് കുമാറിന്റെ നേരെ "Don't try to play the fool with me Nikesh" എന്ന്  ഇംഗ്ലീഷിൽ പൊട്ടിത്തെറിക്കുന്ന ഇന്റർവ്യൂ  വീഡിയോ ഒന്നുകൂടി കണ്ടുനോക്കുക. നിങ്ങൾ സുരേഷ് ഗോപിയെ ആണോ അതോ ഭരത് ചന്ദ്രൻ IPS എന്ന കഥാപാത്രത്തെ ആണോ കാണുന്നത്?
സംഘപരിവാർ കേന്ദ്രങ്ങൾ ഈ ഇന്റർവ്യൂ ഏതോ മഹാകാര്യമായി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ അവിടെയുള്ള വോട്ടർമാർ ദയവായി ശ്രദ്ധിക്കുക. നിങ്ങൾ ഇയാളെ തിരഞ്ഞെടുക്കുക ആണെങ്കിൽ, പൗരത്വ ബില്ലിനെ കുറിച്ചോ , പെട്രോൾ വില വർദ്ധനവിനെ  കുറിച്ചോ മറ്റോ പരാതി പറയാൻ ഇയാളുടെ അടുത്ത് പോയാൽ , നിങ്ങളുടെ MLA സുരേഷ് ഗോപി ആയിരിക്കില്ല, മറിച്ച് ഭരത് ചന്ദ്രൻ IPS ആയിരിക്കും രോഷത്തോടെ ഇംഗ്ലീഷിൽ കത്തിക്കയറി നിങ്ങളെ സ്വീകരിക്കുക. സ്വന്തം നിയോജകമണ്ഡലത്തിൽ ജയിപ്പിച്ചു വിട്ട എംഎൽഎ യോട് പോലും സംസാരിക്കാൻ അവസരം ഇല്ലാത്ത ആളുകളായി മാറണോ എന്ന് നിങ്ങൾ തീരുമാനിക്കുക. 
സുരേഷ് ഗോപിക്ക് ഇപ്പോൾ  വേണ്ടത് വോട്ടല്ല,  ചികിത്സയാണു, നിങ്ങളുടെ സഹതാപമാണ്. കഥാപാത്രത്തിൽ നിന്ന് അദ്ദേഹം എന്നെങ്കിലും പുറത്തു കടക്കട്ടെ എന്നാശിക്കാം.

നസീർ ഹുസൈൻ കിഴക്കേടത്ത് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.