ദില്ലി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി നൽകണം എന്നാവശ്യപ്പെട്ട് കശ്മീർ ജനതയും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ഭീകരർക്ക് സഹായം നൽകിയവരേയും തേടി ചെന്ന് തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവർക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു. ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തിൽ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും ഈ ജനവികാരത്തിനൊപ്പം നിൽക്കുകയാണ്. മഹബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ ഇത്തരം ആക്രമങ്ങൾ കശ്മീരികൾക്കെതിരെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. ജമ്മുവിൽ നടന്ന റാലിയിൽ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി. മറുപടി ഹീന ആക്രമണം നടത്തിയ ഭീകരരിൽ ഒതുങ്ങില്ല എന്ന സന്ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് വ്യോമസേനയുടെ പരിപാടിയിൽ നൽകിയത്.