PRAVASI

തമ്പുരാനേ... ഒരു 'എമ്പുരാന്‍!'

Blog Image

കാണാനുള്ളവര്‍ കണ്ടു. കേള്‍ക്കാനുള്ളവര്‍ കേട്ടു. നേടാനുള്ളവര്‍ നേടി.
ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ, കൃത്യമായ മാര്‍ക്കറ്റിങ് തന്ത്രത്തിലൂടെ കോടാനുകോടികള്‍ നേടി. കുടില്‍ മുതല്‍ കൊട്ടാരം വരെം അതു ചര്‍ച്ചാവിഷയമായി. തന്ത്രി മുതല്‍ മന്ത്രിവരെയുള്ളവരെ മൂന്നു മണിക്കൂര്‍ തിയേറ്ററിന്‍റെ ഇരുട്ടിന്‍റെ തടവറയിലാക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!
ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക ചായ്വനുസരിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങള്‍ ചിലര്‍ മാറ്റിപ്പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചന്തനിലവാരത്തിലെത്തിച്ച്, അവതാരകര്‍ അവതാരങ്ങളായി ഉറഞ്ഞുതുള്ളി.
ചാനലുകാരും യൂട്യൂബുകാരും മത്സരിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ചെയ്തു.
'ഓന്തു പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി.'
പറഞ്ഞുവരുന്നത് 'എമ്പുരാന്‍' എന്ന സിനിമയെപ്പറ്റിയാണ്. ഞാന്‍ ആ സിനിമ കണ്ടില്ല, കാണുവാനുള്ള താല്പര്യവുമില്ല.
'ആടുജീവിതവും' 'ആവേശവു'മൊന്നും എന്നില്‍ ഒരു ആവേശവും ഉയര്‍ത്തിയില്ല.
അരവിന്ദന്‍റെ കാഞ്ചനസീതയും അടൂര്‍ ഗോപാലകൃഷ്ണന്‍റെ 'എലിപ്പത്തായ'വുമൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ ഉള്ള കഴിവ് എനിക്കില്ലാതെ പോയി. രാമു കാര്യാട്ട് സംവിധാനം ചെയ്ത, തകഴിയുടെ ചെമ്മീനാണ് എക്കാലത്തെയും മഹത്തായ മലയാള സിനിമ എന്നു വിശ്വസിക്കുന്ന ഒരു പഴഞ്ചനാണ് ഞാന്‍.
യഥാര്‍ത്ഥ ജീവിതത്തില്‍ പോലും ഗര്‍ഭിണികളെ കാണുമ്പോള്‍ എനിക്കൊരു അസ്വസ്ഥത തോന്നാറുണ്ട്. സിനിമയില്‍ പല്ല് ബ്രഷുചെയ്തുകൊണ്ട് സംസാരിക്കുന്നതും പ്രസവവേദന കാണിക്കുന്നതും എനിക്ക് അറപ്പുള്ള വിഷയങ്ങളാണ്.
എമ്പുരാനില്‍ ഒരു ഗര്‍ഭിണിയെ ശൂലംകൊണ്ട് കുത്തി മുറിവേല്പിക്കുന്നതും അവരെ ബലാല്‍സംഗം ചെയ്യുന്നതുമായ രംഗങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഈ ഒരൊറ്റ കാരണം മതി, ആ സിനിമ കാണാതിരിക്കാന്‍.
അമേരിക്കയിലും എമ്പുരാന് വന്‍ വരവേല്പാണ് ലഭിച്ചത്. കോമാളിവേഷം ധരിച്ച ചില ഫാന്‍സുകാര്‍ ചെണ്ടയും കൊട്ടി വെളിച്ചപ്പാടിനെപ്പോലെ ന്യൂയോര്‍ക്ക് നഗരത്തിന്‍റെ ഹൃദയഭാഗമായ ടൈംസ് സ്ക്വയറില്‍ ഉറഞ്ഞുതുള്ളുന്നത് കണ്ടു. ഇതിനുള്ള സമയവും സന്മനസ്സുമുള്ള മലയാളി കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചു.
കോടികള്‍ പൊടിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ആദരിക്കുവാന്‍ വേണ്ടി, ടൈം സ്ക്വയറില്‍ നടത്തിയ മഹാസമ്മേളനം ഓര്‍മ്മയില്‍ വരുന്നു. തുരുമ്പുപിടിച്ച ഒരു ഇരുമ്പുകസേരയില്‍ മ്ളാനവദനനായി ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു ചിത്രം മാത്രമായിരിക്കും, ആ ധൂര്‍ത്തില്‍ നിന്നും കാലത്തിന് അടയാളപ്പെടുത്തുവാന്‍ കിട്ടുന്ന ഏക തെളിവ്.
പല തന്ത്രങ്ങളും ഉപയോഗിച്ച് എമ്പുരാന്‍ തരംഗം ലൈവായി നിര്‍ത്തുവാന്‍ അതിന്‍റെ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. അവരുടെ നല്ല കാലത്തിന് വാര്‍ത്താ പ്രാധാന്യമുള്ള മറ്റൊരു സംഭവവും എമ്പുരാന്‍റെ റിലീസിംഗിനുശേഷം ഇതുവരെ ഉണ്ടായില്ല.
ഇതിനിടയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ 'എമ്പുരാന്‍ എന്ന സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. വേണ്ട മാറ്റങ്ങള്‍ സിനിമയ്ക്കു വരുത്തുന്നതാണ്' എന്നു പ്രഖ്യാപിച്ചു.
ലാലേട്ടന്‍റെ വേദന നമ്മുടെ വേദനയാണ്. ആരാധകര്‍ വീണ്ടും മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയും ഇടിച്ചുകയറി തിയേറ്ററുകളെ പൂരപറമ്പുകളാക്കി.
ഇപ്പോള്‍ കേള്‍ക്കുന്നു എമ്പുരാന്‍ സിനിമ റീ-സെന്‍സര്‍ ചെയ്ത് ഇരുപത്തിനാല് വെട്ടുകള്‍ വെട്ടിയെന്ന്. അന്‍പത്തിരണ്ട് വെട്ട് വെട്ടിയിരുന്നെങ്കില്‍ മറ്റൊരു സംഭവവുമായി കൂട്ടിയോജിപ്പിച്ച് വിവാദങ്ങള്‍ ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.
പൃഥ്വിരാജ് തന്‍റേടമുള്ള, ആണത്തമുള്ള ഒരു വ്യക്തിയാണെന്നാണ് കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മാതാജി, ശ്രീമതി മല്ലികാ സുകുമാരന്‍ ചാനലുകള്‍ കയറിയിറങ്ങി.
"എന്‍റെ കുഞ്ഞ് ഒരു പാവമാണ്. എന്‍റെ കുഞ്ഞിനെ ദ്രോഹിക്കുന്നവര്‍ക്ക് ഒരുകാലത്തും ഗുണം പിടിക്കില്ല. ഞങ്ങള്‍ക്ക് ഒരുത്തന്‍റെയും പണം വേണ്ടാ, ഞങ്ങള്‍ ജന്മനാ കോടീശ്വരന്മാരാണ്" എന്നൊക്കെ പറഞ്ഞു വിലപിച്ചു നടക്കുന്നത് സത്യത്തില്‍ പൃഥ്വിരാജിനെ അപമാനിക്കുന്നതിനു തുല്യമാണ്.
പൃഥ്വിരാജിന്‍റെ സഹധര്‍മ്മിണി സുപ്രിയ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റു കണ്ടാല്‍, അഹങ്കാരത്തിന് കൈയും കാലും വെച്ച ഒരു മഹിളയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുകയില്ല.
ഏതായാലും മോഹന്‍ലാല്‍ 'ലേലു അല്ലു, ലേലു അല്ലു' പറഞ്ഞുപോസ്റ്റിട്ടു പൃഥിരാജും ആന്‍റണി പെരുമ്പാവൂരും അതു ഷെയര്‍ ചെയ്തതിലൂടെ തങ്ങളുടെ ഖേദവും അറിയിച്ചു.
എമ്പുരാന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ ഒരു വാചകത്തോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു: 
'എന്‍റെ വീടിന്‍റെ ഭിത്തിയില്‍ ഒരാളുടെ ചിത്രം മാത്രമേയുള്ളൂ, അത് എന്‍റെ അച്ഛന്‍റെയാണ്!'

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.