സജിത ചന്ദ്രിക എന്ന എഴുത്തുകാരിയുടെ അമ്മയുടെ രണ്ടാം ചരമ വാർഷിക ദിനമായിരുന്നു ഓഗസ്റ്റ് 17. ആ അമ്മയെ നേരിൽ കണ്ട ഒരാളും നേരിൽ ഒരിയ്ക്കൽ പോലും കാണാതെ പ്രവാസ ലോകത്തിരുന്നും അമ്മയെ ഹൃദയത്തോട് ചേർത്ത് വെച്ച രണ്ടുപേർ ഓർമ ദിനത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ച കുറിപ്പ്. സ്വന്തം മാതാപിതാക്കളെ പോലും മറന്ന് പോകുന്ന കാലത്ത് ഈ ഓർമ്മകൾക്ക് മൂല്യം കൂടുന്നു.
നാട്ടിൽ ഇവർക്കൊപ്പം താമസിച്ച ഖൈറുന്നീസ എന്ന അധ്യാപിക കുറിച്ചത് ഇങ്ങനെ ആയിരുന്നു.
2023 ഓഗസ്റ്റ് 17 സജിയെപ്പോലെ ഞങ്ങളും ഓർമ വെയ്ക്കുന്ന ദിവസം. അന്ന് ഒരു വ്യാഴാഴ്ച ദിവസമായിരുന്നു. ഏറ്റവും വലിയ നഷ്ടം ഉണ്ടായ ദിവസം.
ഓഗസ്റ്റ് 15 ഉച്ചയ്ക്ക് ശേഷമാണ് അമ്മയ്ക്ക് വയ്യാതാകുന്നതും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതും. അത്ര നേരം സംസാരിച്ചിരുന്ന അമ്മ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഒന്നും മിണ്ടാൻ സാധിക്കാത്ത വിധം Bp ലോ ആയിരുന്നു എന്തൊക്കെ മരുന്നുകൾ ചെയ്തിട്ടും മാറ്റമുണ്ടായില്ല എന്നാണ് ഫോൺ വിളിച്ചന്വേഷിച്ചപ്പോൾ പറഞ്ഞത്. കിഡ്നി സംബന്ധ മായ അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ആരോഗ്യ സ്ഥിതി മോശവുമായിരുന്നു. വെറുമൊരു അയൽവാസികൾ ആയിരുന്നില്ല ഇവിടെ ആരും, അമ്മയുടെ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നവരായിരുന്നു. എല്ലാവർക്കും അമ്മ ആയിരുന്നു ആ അമ്മ. 16 ന് രാത്രി ഹോസ്പിറ്റലിൽ പോകാൻ എനിക്ക് സാധിച്ചില്ല "അമ്മക്ക് തീരെ വയ്യ" എന്ന് സജി പറഞ്ഞപ്പോൾ ഫോൺ പിടിച്ച് മിണ്ടാതെ നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. 17 ന് രാവിലെ കുട്ടികളെ സ്കൂളിൽ പറഞ്ഞു വിട്ട് ധൃതിയിൽ പണികൾ തീർത്ത് പോകാൻ ഇറങ്ങിയപ്പോഴേക്കും വീണ്ടും ഫോൺ വന്നു, "അമ്മ പോയെന്ന്"... തരിച്ചുനിന്ന് പോയി..
ആ അമ്മയെ അറിയുന്നവർക്കെല്ലാം സ്വന്തം അമ്മ തന്നെയായിരുന്നു, സജിയുടെ മാത്രം അമ്മ ആയിരുന്നില്ല. ജാതിയും മതവും മതിൽക്കെട്ടുകൾ തീർക്കാത്ത ഒന്നിലും വേർതിരിവ് കാണിക്കാത്ത പവിത്രമായ സ്നേഹം പകർന്ന് തന്നവർ... ഞങ്ങൾക്കിടയിൽ ഹിന്ദു- മുസ്ലിം വേർതിരിവ് ഒരിയ്ക്കലും കടന്ന് വന്നിട്ടില്ല. എല്ലാം ആഘോഷങ്ങളും ഒരുമിച്ച് നിൽക്കും. ഓണവും പെരുന്നാളും വിഷുവുമൊക്കെ ഓർമയിൽ തങ്ങി നിൽക്കുന്ന വിധം മനോഹരവുമായിരുന്നു.
ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകൾ എങ്ങനെ മറക്കാനാണ്. അമ്മ മരിക്കുമ്പോൾ വെറും ആറു മാസമേ ഞങ്ങൾ ഇവർക്കൊപ്പം അവർ താമസിക്കുന്ന വീടിന് മുകളിൽ താമസത്തിന് എത്തിയിട്ട് ഉണ്ടായിരുന്നുള്ളു. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് എത്രയോ വർഷത്തെ മാനസികമായ ഒരടുപ്പം അവർ എല്ലാവരും സൃഷ്ടിച്ചു. എന്തിനെയും പോസിറ്റീവ് ആയി കാണുന്ന അമ്മ. കൂട്ടുകാരികളെ പ്പോലെ ആയിരുന്നു അമ്മയും സജിതയും. ഒരു പുഞ്ചിരിയോടെ അല്ലാതെ ഒരിയ്ക്കലും ഇവരെ കണ്ടിട്ടില്ല. ഉണ്ണിക്കുട്ടനും എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന പ്രകൃതം. ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കില്ലാത്ത ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നു.
എന്റെ മക്കൾ പൊതുവെ ആരോടും പെട്ടെന്ന് ഇണങ്ങാറില്ല, അത്തരം ഒരു പ്രകൃതം അവർക്കുണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ താമസിക്കാൻ വന്ന് ദിവസങ്ങൾക്കുള്ളിൽ അവരും ഉണ്ണിക്കുട്ടന്റെയും അമ്മമ്മയുടെയും കൂടെ ചേർന്നിരുന്നു.. ചേർത്തു എന്ന് പറയുന്നതാണ് ശരി. അമ്മ സിറ്റ് ഔട്ടിൽ ഉണ്ടെങ്കിൽ ആ ചുറ്റുവശത്തെ കുട്ടികൾ എല്ലാവരും അവിടെ ഉണ്ടാകും.ഉണ്ണിക്കുട്ടനെ മാത്രം മടിയിലിരുത്തേണ്ട എന്നെയും എന്ന് പറഞ്ഞ് ഷാനികുട്ടി വാശി പിടിക്കും. എല്ലാവരെയും മടിയിലിരുത്തി എല്ലാവരുടെ പരിഭവവും പിണക്കവും തീർക്കും. കുട്ടികൾക്കൊപ്പം കളിക്കും. അമ്മമ്മയ്‌ക്കൊപ്പമാണ് കുട്ടികൾ എന്നറിഞ്ഞാൽ ആർക്കും ഒരു വേവലാതിയും ഉണ്ടാകില്ല.
ഞങ്ങൾ മുകളിലാണ് താമസിച്ചിരുന്നത്. അവിടെയ്ക്ക് കയറാൻ ഇരുമ്പിന്റെ ഗോവണി ആയിരുന്നു. അവിടെനിന്ന് എന്തെങ്കിലും ശബ്ദം കേട്ടാൽ പരിഭ്രാന്തിയോടെ അമ്മ പറയും... "സൂക്ഷിക്കണം ട്ടോ " ആ
വാക്കിൽ അമ്മയുടെ കരുതലും പ്രാർത്ഥനയയും സ്നേഹവും ഉണ്ടായിരുന്നു . ഒന്ന് രണ്ട് തവണ വഴുതി വീണിട്ടും ഒന്നും സംഭവിക്കാതിരുന്നതും ആ പ്രാർത്ഥനയാണ്.സജിക്ക് കൊടുക്കുന്ന പോലെ ഞങ്ങൾക്കും ആ സ്നേഹം നൽകുമായിരുന്ന അമ്മ. ഉണ്ണിക്കുട്ടൻ എന്ത് കഴിക്കുന്നുണ്ടെങ്കിലും എന്റെ മക്കൾക്ക് കൂടെ അതിൽ ഒരു പങ്കുണ്ടായിരിക്കും... ഒരു പ്രത്യേകതരം സ്നേഹം തരുന്ന ഒരു അമ്മയും മോളും ഉണ്ണിക്കുട്ടനും ആയിരുന്നു ഞങ്ങൾക്കവർ. ഇന്നത്തെ കാലത്ത് അപൂർവമായി മാത്രം കാണുന്ന സ്വഭാവ സവിശേഷതയുള്ളവർ. അങ്ങനെ വാക്കുകളിൽ ഒതുങ്ങാത്ത കുറേ അനുഭവങ്ങൾ... ഓർമകൾ. മരിച്ചാലും മറ്റുള്ളവരുടെ മനസ്സിൽ ഇന്നും ജീവിച്ചിരിക്കുന്നുണ്ട് ആ അമ്മ. അങ്ങനെയൊരു അമ്മ ഉണ്ടാകണം എന്ന് എല്ലാവരും ആഗ്രഹിച്ചു പോകുന്ന ഒരമ്മ.
അമ്മയുടെ വിയോഗ വാർത്ത ഞങ്ങൾ ആരും കേൾക്കാൻ ആഗ്രഹിച്ചിരുന്നില്ല കേട്ടതിൽ പിന്നെ എല്ലാം യന്ത്രികചലന ങ്ങളായിരുന്നു, അവരെ കൂട്ടി വരാൻ ഞാനും ഞങ്ങളുടെ താത്ത (ഫൗസിയത്ത)യും കൂടെ മിംസ് ഹോസ്പിറ്റലിലേക്ക് പോയി. ഉണ്ണിയേയും സജിയേയും സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ കരഞ്ഞു നിൽക്കാൻ മാത്രമേ ഞങ്ങൾക്കും കഴിഞ്ഞുള്ളു. വീട്ടിൽ എത്തിയ ശേഷം അവരുടെ ബന്ധുക്കളും നാട്ടുകാരും എത്തി ത്തുടങ്ങി. ആരൊക്കെയോ വരുന്നു, പോകുന്നു. നഷ്ടപെട്ടത് ഞങ്ങൾക്കെല്ലാവർക്കുമായിരുന്നു.. നല്ല മനുഷ്യരെ ദൈവം വേഗം കൊണ്ടുപോകുമെന്നാണല്ലോ
ഉണ്ണിക്കുട്ടന്റെ പെരുമാറ്റം എല്ലാവരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു സ്കൂളിൽ നിന്നും വന്ന അദ്ധ്യാ പകരോടും സജിയുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടുംഅമ്മമ്മ ഉറങുകയാണ്, ശബ്ദം ഉണ്ടാക്കരുതെന്ന് പറഞ്ഞ് കൊണ്ടേയിരുന്നു .. എന്റെ മക്കൾക്ക് അത് താങ്ങാൻ കഴിയില്ലെന്ന് അറിയുന്നതു കൊണ്ട് ഞാൻ അവരെ സ്കൂളിൽ നിന്നും കൊണ്ട് വന്നില്ല, മൂന്നു മണിയായി, ഐവർ മഠത്തിലേക്ക് കൊണ്ട് പോകാൻ സമയായി, ഒരു ഉൾ ഭയത്തോടെ ഞാൻ അത് നോക്കി നിന്നു...
ഇന്നും ഇല്ലെന്ന് ഓർക്കാൻ പ്രയാസമാണ്... ആ പുഞ്ചിരിക്കുന്ന മുഖം, മറക്കാൻ കഴിയില്ല.... മായാത്ത ഓർമ്മൾക്ക് മുമ്പിൽ ശത കോടി പ്രണാമം...
എന്നാലും അമ്മ ഓർമയിൽ വരാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല. സജിതയുടെ അമ്മ ഞങളുടെ എല്ലാവരുടെയും അമ്മ. ആ സ്നേഹത്തിന് മുന്നിൽ പ്രാർത്ഥനകൾ മാത്രം.. എല്ലാ ലോകങ്ങളിലും അമ്മ സുഖമായിരിക്കട്ടെ! ശതകോടി പ്രണാമം.
*************
പ്രവാസി സുഹൃത്ത് ലിഷ ദിജി അമ്മയെ കുറിച്ചോർക്കുന്നത്.
വർഷം 2023, കുഞ്ഞിയുടെ അമ്മ ആശുപത്രിയിൽ ആയപ്പോൾ മുതൽ ഞാനും 15വർഷങ്ങൾ പിറകിലോട്ട് നടന്നു. ഞാൻ നടന്നു തളർന്ന വഴികളെ ഓർത്തു. ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും എന്റെ ചിന്തകളിൽ പ്രാർത്ഥനകളെ നിറച്ചു. പ്രിയപ്പെട്ടൊരാൾ അത്രയും വയ്യാതെ ആശുപത്രിയിൽ കിടക്കുമ്പോൾ സമാധാനമായി നമുക്ക് എങ്ങനെ ഉറങ്ങാൻ കഴിയും. പല രാത്രികളിലും ഞാൻ കുഞ്ഞിക്ക് ലോകത്തിന്റെ മറ്റൊരു അറ്റത്തു നിന്നും കൂട്ടിരുന്നു. ഒരിക്കലും കാണാത്തവർ. എന്നാലും ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ വളർന്നിരുന്നു. ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ കുഞ്ഞിയുടെ അമ്മ പറഞ്ഞു അടുത്ത വെക്കേഷന് വരണം, കൂടെ താമസിക്കണം എന്നൊക്കെ. ഞാനും വാക്കു കൊടുത്തു.
പെട്ടെന്ന് അമ്മയുടെ അസുഖം കൂടിയപ്പോൾ വല്ലാത്തൊരു വിഷമം മനസിനെ അലട്ടി. 49വയസ്സിൽ എന്റെ അമ്മ അനുഭവിച്ച വേദനകൾ, വിഷമതകൾ എല്ലാം വീണ്ടും കേൾക്കേണ്ടതായി വന്നപ്പോൾ ഫോണിന്റെ അപ്പുറമിപ്പുറം ഇരുന്ന് രണ്ട് പെണ്ണുങ്ങൾ സങ്കടങ്ങൾ കരഞ്ഞുതീർത്തു. ഒറ്റക്കൊരു പെണ്ണ് കുഞ്ഞു മോനെയും കൊണ്ട് ആശുപത്രിയിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ട് ഒന്ന് അടുത്തുണ്ടായിരുന്നെങ്കിൽ ഒരു കൈ സഹായം ചെയ്യാമായിരുന്നല്ലോ എന്ന് വിഷമിച്ചു.
കഴിയും വിധം ധൈര്യം കൊടുക്കാൻ ശ്രമിച്ചു. ആഗസ്ത് 17ന് അമ്മ വിടപറഞ്ഞപ്പോൾ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി. കാരണം വേർപാടുകളെല്ലാം തീരാ നഷ്ടങ്ങളും മുറിവുണങ്ങാത്ത വേദനകളുമാണെന്ന് എത്രയോ വർഷങ്ങൾ മുൻപ് കാലമെന്നെ പഠിപ്പിച്ചിരുന്നു. എല്ലാം നേരിട്ട് മുന്നോട്ട് പോകാനുള്ള ശക്തി നൽകുവാൻ പ്രാർത്ഥിക്കുവാനല്ലേ കഴിയു. മനുഷ്യരെല്ലാം എത്ര നിസ്സഹായരാണ് എന്ന് വീണ്ടും ഓർമിപ്പിച്ച് കാലം. ഇന്നിപ്പോൾ രണ്ട് വർഷങ്ങൾ പോയത് അറിഞ്ഞതെ ഇല്ല. എത്ര പെട്ടെന്ന് സമയസൂചിക ചലിക്കുന്നു. ഓരോ അനുഭവങ്ങളും നമ്മെ പലതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. കഷ്ടതകളൊന്നും വെറുതെയല്ല. അനിവാര്യമായ വേർപാടുകളും നമുക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും വെളിച്ചവുമാകും. അമ്മയാണ് ഓരോ ജീവജാലങ്ങളും ആദ്യമായി കാണുന്ന ദൈവം. അമ്മയിലൂടെ നമ്മൾ സർവ്വവും അറിയുന്നു.വിടപറഞ്ഞാലും കൺകണ്ട ദൈവമായി അമ്മയെന്ന പൊരുൾ നമ്മളെ നയിക്കും. അത്രയും പ്രിയപ്പെട്ട അത്രയും പാവമായിരുന്ന നിഷ്കളങ്കമായി പുഞ്ചിരിച്ചിരുന്ന അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ആത്മ പ്രണാമം. അമ്മക്ക് ആത്മശാന്തിയേകണേ എന്ന പ്രാർത്ഥയോടെ
*ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിൽ നന്മയും സ്നേഹവും പകർന്ന് നൽകിയാൽ മരണ ശേഷവും ആ വ്യക്തികൾ ഹൃദയത്തിൽ നിന്നും മായാതെ മറ്റുള്ളവരുടെ മനസ്സുകളിൽ അവശേഷിക്കുമെന്ന് ഈ കുറിപ്പുകൾ ഓർമപെടുത്തുന്നു

ഖൈറുന്നീസ

ലിഷ ദിജി

