PRAVASI

ഫോമ കൾച്ചറൽ ഫോറം പ്രവർത്തനോദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു

Blog Image

കാലിഫോർണിയ  : ഫോമ കൾച്ചറൽ ഫോറം  പ്രവർത്തനോദ്ഘാടനം മാർച്ച് 30 ഞായറാഴ്ച ഗംഭീരമായി നടത്തപ്പെട്ടു.  വൈകിട്ട് 9:00 ന് സൂമിലൂടെ  വിളിച്ചുചേർത്ത ചടങ്ങിൽ, മുഖ്യാതിഥിയായ  പ്രശസ്ത സിനിമാ നിർമ്മാതാവും, നടിയുമായ സാന്ദ്ര തോമസ് കൾച്ചറൽ ഫോറത്തിൻറെ  ഉദ്ഘാടനം  നിർവ്വഹിച്ചു. ഫോമ കൾച്ചറൽ ഫോറത്തിൻറെ പ്രവർത്തനങ്ങൾക്ക്  എല്ലാ ഭാവുകങ്ങൾ നേരുകയും കൾച്ചറൽ ഫോറത്തെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തികളെയാണ്  ഫോമാ  തെരഞ്ഞെടുത്തിരിക്കുന്നതെന്നും സാന്ദ്ര തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. "ഫ്രൈഡേ", "സക്കറിയയുടെ ഗർഭിണികൾ", "മങ്കി പെൻ", "പെരുച്ചാഴി", "ആട്", "ഇടക്കാട് ബറ്റാലിയൻ", "കള്ളൻ ഡിസൂസ", "നല്ല നിലാവുള്ള രാത്രി", "ലിറ്റിൽ ഹാർട്സ്"  തുടങ്ങി നിരവധി  മലയാള സിനിമകളുടെ നിർമ്മാതാവായ  സാന്ദ്ര, "ആമേൻ", "സക്കറിയയുടെ ഗർഭിണികൾ" എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്. 

ചടങ്ങിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫോമയുടെ വളരെ പ്രധാനപ്പെട്ട  കമ്മിറ്റിയാണ് കൾച്ചറൽ ഫോറം എന്നും അതിനെ നയിക്കാൻ ഡാനിഷിനെയും മറ്റു കമ്മിറ്റി അംഗങ്ങളെയും ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്നും അധ്യക്ഷ പ്രസംഗത്തിൽ ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമ കൾച്ചറൽ ഫോറം ചെയർമാൻ ഡാനിഷ് തോമസ് സ്വാഗതം ആശംസിക്കുകയും കൾച്ചറൽ ഫോറത്തിൻറെ  മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു. ഫോമാ ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്,  ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ  ഷാലു പുന്നൂസ്‌, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കൾച്ചറൽ ഫോറം വൈസ് ചെയർമാൻ ബിനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിജോ ചിറയിൽ, കമ്മറ്റി അംഗങ്ങളായ ബിഷോയ് കോപ്പാറ, മിനോസ് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു . കൾച്ചറൽ ഫോറം അംഗമായ ഷാന മോഹനൻ  ഉദ്ഘാടന ചടങ്ങിന്റെ അവതാരകയായി പ്രവർത്തിച്ചു.

"വൺമാൻഷോ" എന്ന പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതനായ മിമിക്രി കലാകാരൻ സാബു തിരുവല്ലയുടെ കോമഡി ഷോ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീത നിശയും ഉണ്ടായിരുന്നു. ദുർഗ്ഗാലക്ഷ്മി (അരിസോണ), ശബരീനാഥ് നായർ (ന്യൂയോർക്ക്), അനുശ്രീ ജിജിത്ത് (ഇൻഡ്യാന), റിയാന ഡാനിഷ് (കാലിഫോർണിയ), പ്രീത സായൂജ് (കൊളറാഡോ), സിജി ആനന്ദ് (ന്യൂജേഴ്സി), ശ്രീലക്ഷ്മി അജയ് (കണക്ടിക്കറ്റ്), മിഥുൻ കുഞ്ചെറിയ (ഫ്ലോറിഡ), രശ്മി നായർ (ടെക്സസ്) എന്നിവർ ആലപിച്ച ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 
കൾച്ചറൽ ഫോറം സെക്രട്ടറി ജെയിംസ് കല്ലറക്കാനിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും ഈ പരിപാടി വൻ വിജയമാക്കുവാൻ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, പങ്കെടുത്ത കലാകാരന്മാർക്കും കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു. ‎


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.