ലോക സിനിമയിലേക്ക് മലയാള സിനിയേ എത്തിക്കുന്നത് പലപ്പോഴും മഹാനടന്മാരൊന്നുമല്ല, അത് അഭിനയത്തെ, കഥയെ, സംവിധാനത്തെ എല്ലാം ഹൃദയം കൊണ്ട് കാണുന്നവരാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഇതുവരെയ്ക്കും അറിയാത്ത ഒരു നേട്ടം മലയാള സിനിമ അടുത്തിടെ സ്വന്തമാക്കിയിരുന്നു. കാസർകോടൻമണ്ണിലെ മാവിലൻഗോത്രസമുദായത്തിന്റെ കഥ പറഞ്ഞ 'ഒങ്കാറ'യ്ക്ക് 'ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്നു പുരസ്കാരങ്ങളാണ് ലഭിച്ചത്. പക്ഷേ ഇത് വാർത്തയാക്കാനോ ആഘോഷിക്കാനോ ആരെയും കണ്ടില്ല. കാരണം ഈ മികച്ച കലാസൃഷ്ടിക്ക് പിറകിലുള്ളത് മഹാന്മാർ അല്ലാത്തതു കൊണ്ടായിരിക്കും. പക്ഷെ ഇവിടെയും അടയാളപ്പെടുന്നത് മലയാള സിനിമയുടെ മേന്മ തന്നെയാണ്.
55 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങളോടൊപ്പം മത്സരിച്ചാണ് ‘ഒങ്കാറ’യുടെ ഈ നേട്ടം. പ്രശസ്ത ജോർജിയൻ-പെറുവിയൻ സംവിധായകൻ മനൻ ജോഷ്വലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. പാരമ്പര്യവും പൂർവികജീവിതവുമായി ചേർന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഈ സിനിമ 'വേൾഡ് ക്ലാസിക് മത്സര വിഭാഗത്തിൽ' നിന്ന് തന്നെ അംഗീകാരങ്ങൾ നേടിയിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
‘ഒങ്കാറ’ മലയാള സിനിമയിൽ അപൂർവമായി ചിത്രീകരിക്കപ്പെടുന്ന ഒരു സാംസ്‌കാരിക മേഖലയിലേക്കാണ് നമ്മെ നയിക്കുന്നത് — മാവിലൻ ഗോത്രസമുദായം. കാലത്തിന്റെ വഴിയിലൂടെ അവരുടെ ജീവിതം, കഷ്ടപ്പാടുകൾ, സംസ്കാരം, നിലനില്പ് എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ചിത്രം. ആധുനികതയുടെയും മറവിയുടെയും ലോകത്ത് മൂടപ്പെടുന്നവർക്ക് ഒരുനിമിഷം വേദി നൽകുകയാണ് സിനിമയുടെ ശ്രമം.
ഇന്ത്യൻ സിനിമയിൽ വളരെയധികം ശ്രദ്ധ കിട്ടാത്ത, ‘മുഖ്യധാര’ എന്ന് വിളിക്കുന്ന മീഡിയകൾക്കുപുറത്ത് നിലനിൽക്കുന്നവരാണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾക്കും കഥകൾക്കും ജീവൻ നല്കുന്നവർ. വെറ്റുകിളി പ്രകാശ് എന്ന പേരിൽ അറിയപ്പെടുന്ന പ്രകാശ് വി.ജി. യുടെ ആഖ്യാന പ്രകടനം ഈ സിനിമയുടെ ഉള്ളറകളിൽ ആഴം നല്കുന്നുവെന്ന് ജൂറിയുടെ വിലയിരുത്തൽ.
ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ചിത്രം കാഴ്ചവ്യാപ്തിയിൽ അടിമുടി വ്യത്യസ്തമാണ്. കൂടാതെ, രാജേഷ് തില്ലങ്കേരിയുടെ തിരക്കഥ അതീവ പാരിസ്ഥിതികവും സാമൂഹ്യവുമായ ചോദ്യങ്ങൾ ഉണർത്തുന്നതാണ്.
ഇത്തരത്തിലുള്ള സാങ്കേതികമായി ശക്തവും സാമൂഹികമായി ബാധകവുമായ സിനിമകൾക്ക് മലയാള സിനിമാ ലോകം അർഹിക്കുന്ന അംഗീകാരം നല്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം.
‘ഒങ്കാറ’ക്ക് ലഭിച്ച അംഗീകാരങ്ങൾ പ്രൗഡിയായ ഒരു സന്ദേശം നൽകുന്നു-നിസ്സംഗമായ മുഖ്യധാരയ്ക്കപ്പുറത്തു കൂടി ജീവിക്കുന്ന കലാകാരൻമാർ മലയാളത്തിന്റെ അഭിമാനമായി തീരുന്നുവെന്ന നഗ്നസത്യം.


