PRAVASI

തെരുവു വക്കിലെ ചൂണ്ടക്കാരൻ

Blog Image

കവലയുടെ ഒരു മൂലയിൽ മുനിസിപ്പൽ കെട്ടിടം ഉറങ്ങുന്നു.  അതിന്റെ കൊച്ചുഗോപുരത്തിലെ വലിയ ക്ളോക്കിന്റെ സൂചികൾ മാത്രം ആരും കാണാത്ത വിധം ചലിച്ചുകൊണ്ടിരുന്നു . 
"മണി ഒൻപതേകാൽ"
ബസ് കാത്തു നിന്ന് സേവ്യർ മടുത്തു തുടങ്ങിയിരുന്നു. ചെറായിൽ നിന്നുള്ള ബസ്സിൽ ആ കവലയിലിറങ്ങി, അടുത്ത ബസ്സിനായി കാത്തു നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലധികമായിരിക്കുന്നു. ഇതിനകം പല സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ വരുകയും ആളുകളെ ഇറക്കുകയും വേറെ ആളുകളെ കയറ്റി പോകുകയും ചെയ്തു. 
വരാപ്പുഴയ്ക്കുള്ള ബസ്സു മാത്രം വന്നില്ല. 
എത്രയും വേഗം വാരാപ്പുഴയിൽ ചെല്ലാനും അവിടെ അമ്മാവന്റെ മക്കൾ സാബുവിനോടും ജോയിയോടുമൊപ്പം ഉല്ലസിക്കാനും അവന്റെ മനസ്സു വെമ്പി. വിളഞ്ഞ നെൽപ്പാദങ്ങൾക്കിയിലൂടെ അനുസ്യൂതം വീശുന്ന കാട്ടിലെ നറുമണം ആസ്വദിക്കുവാൻ ഇനിയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതാകുന്നു. 
ഓണപ്പരീക്ഷകൾ എഴുതുമ്പോളും അതു കഴിഞ്ഞുള്ള രണ്ടാഴ്ചത്തെ വെക്കേഷനും ആ രണ്ടാഴ്ച മുഴുവനും വരാപ്പുഴയിൽ ചെലവഴിക്കാൻ അപ്പനും അമ്മയും സമ്മതിച്ചിട്ടുള്ളതുമായിരുന്നു അവന്റെ പ്രചോദനവും പ്രതീക്ഷയും. 
 മാസങ്ങൾ നീണ്ടു നിന്ന ചോദ്യത്തിനും കരച്ചിലിനും ശേഷമാണ് അമ്മ സമ്മതിച്ചതും ബസ് യാത്രയ്ക്കുള്ള കാശു കൊടുത്തതും. 
കീശ തപ്പിനോക്കി. അഞ്ചിന്റെ രണ്ടു നോട്ട് ഭദ്രമായി പോക്കറ്റിലുണ്ട്.  ബസ്സു കയറി വാരാപ്പുഴയിൽ എത്തിയാൽ കാര്യമായൊന്നും ബാക്കിയുണ്ടാകുകയില്ല.  
ഞായറാഴ്ച രാവിലെ ആയതുകൊണ്ട് റോഡിൽ തിരക്കു കുറവാണ്. വടക്കു നിന്ന് ബസ്സിന്റെ ഇരമ്പൽ അടുത്തു വന്നു. മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ വന്നു പോയതു കൊണ്ട് അടുത്തത് വാരാപ്പുഴയ്ക്കായിരിക്കുമെന്ന് അവൻ ഉറപ്പിച്ചു. താഴെ സിമന്റു പാതയിൽ നിന്ന് ഉടുപ്പു സഞ്ചിഎടുത്ത് അവൻ റോഡുവക്കിലേക്കിറങ്ങി നിന്നു. 
പച്ചയും ലോഹനിറവുമുള്ള ബാസ്സ് ഇരമ്പി വന്നു വേഗത കുറച്ച് സ്റ്റോപ്പിൽ നിന്ന്. ബസ്സിന്റെ നെറ്റിയിൽ നോക്കി. 
"കൊടുങ്ങല്ലൂർ - ആലുവ"
നിറുത്തിയ ബസ്സിൽ നിന്ന് ഒരാൾ ഇറങ്ങി. കയറാൻ ആരുമുണ്ടായിരുന്നില്ല. തിരക്ക് കുറഞ്ഞ ബസ് കിഴക്കോട്ടു ഓടി. റോഡിലെ ചുവന്ന പൊടി ബസ്സിന്റെ പിന്നാലെ പറന്നു. 
മുനിസിപ്പൽ ബിൽഡിങ്ങിലെ ക്ളോക്കിലെ സൂചി പിന്നെയും കുറെ ചലിച്ചു മുന്നോട്ടു നീങ്ങിയിരുന്നു.  എന്റെ മഞ്ഞുമാതാവേ ഇതെങ്കിലും വരാപ്പുഴ ബസ്സായിരിക്കണേ.  പ്രാർത്ഥന കേൾക്കുന്ന ഇടവകപ്പള്ളിയിലെ മാതാവ് അവന്റെ പ്രാർത്ഥന കേൾക്കും. അടുത്ത ബസ് എവിടേയ്ക്കുള്ളതായാലും അത് വാരാപ്പുഴയ്ക്കാക്കി മഞ്ഞുമാതാവ് മാറ്റും. സേവ്യർ ഉറപ്പായി വിശ്വസിച്ചു. അതിൽ തിരക്കുണ്ടാകുകയില്ലെന്നും അതിന്റെ നീണ്ട ജനലിനടുത്തുള്ള ഒഴിഞ്ഞ സീറ്റിലിരുന്ന് കാഴ്ചകൾ കണ്ടും കുളിർ കാറ്റേറ്റും സുഖമായി യാത്ര ചെയ്യാമെന്നും അവൻ ആശിച്ചു. 
വൈപ്പിനിലേക്കുള്ള ഒരു ബസ്സു കൂടി കടന്നു പോയി. കാത്തു നിൽപ്പിന്റെ വിരസതയ്ക്കു കാണാം വച്ചു. വാരാപ്പുഴയ്ക്കുള്ള ബാസ്സ് വേറെ ഏതെങ്കിലും റോഡിലൂടെ പോകുന്നുണ്ടാകുമോ? ഏതു വഴിക്കു വന്നാലും ബസ് സ്റ്റാൻഡിൽ വരാതെ ഒരു ബസ്സും പോകുകയില്ലായെന്ന് അവന് അറിയാമായിരുന്നു. ബസ് സ്റ്റാണ്ടിലേക്കു നടന്നാലോ? 
സഞ്ചി തോളിൽ തൂക്കി   സേവ്യർ കിഴക്കോട്ടു നടന്നു.  ഉദിച്ചു പൊങ്ങിയ സൂര്യന്റെ റെസ്‌മികൾക്ക് പൊള്ളുന്ന കൂരമ്പുകളുടെ മുന. അവൻ റോഡ് മുറിച്ചു കടന്നു മറു വശത്തെത്തി. അവിടെ പച്ചിലകൾ മറയ്ക്കുന്ന ചുവന്ന പൂക്കളുള്ള മരങ്ങളുടെ നിഴലുണ്ടായിരുന്നു. 
"മോനേ, ഒന്നു നിന്നേ ...." 
തെരുവു വാക്കിലെ അടച്ചിട്ട പഴയ കടയുടെ വരാന്തയിൽ ഒരു വൃദ്ധൻ കൂനിയിരിക്കുന്നു. പഴകി മഞ്ഞ നിറമായ മുണ്ടും മുഷിഞ്ഞ പുതപ്പും ധരിച്ച അയാൾക്കു മുൻപിൽ ആകർഷകമായ കുറെ കണ്ണാടി പാത്രങ്ങൾ. വൃദ്ധന്റെ കണ്ണുകൾക്ക് കഴുകന്റെ ക്രൂരതയും ചൂണ്ടയിൽ കുടുങ്ങിയ മീനെ കണ്ട ചൂണ്ടക്കാരന്റെ സന്തോഷവുമുണ്ടായിരുന്നു. 
സേവ്യർ സംശയിച്ചു നോക്കി. വൃദ്ധൻ തല കൊണ്ടും കൈ കൊണ്ടും അവനെ വീണ്ടും വിളിച്ചു. 
"ഊം? എന്താ?"
"മോന് കൂടുതൽ കാശു വേണോ?" സേവ്യറിനൊന്നും മനസ്സിലായില്ല.
"ദാ നോക്ക്" - വൃദ്ധൻ ഒരു ചെറിയ ടിന്നിലെ ചെറിയ കടലാസുചുരുളുകൾ കുലുക്കി. 
"ഇതിൽ നിന്നൊരെണ്ണം എടുത്തേ..."
സേവ്യർ സംശയിച്ചു സംശയിച്ച് ടിന്നിൽ നിന്ന് ഒരു കടലാസു ചുരുൾ എടുത്തു വൃദ്ധന്റെ നേരെ നീട്ടി. വൃദ്ധൻ അതു വാങ്ങി. അയാളുടെ മുഖത്തു അപ്പോളും ക്രൂരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. അയാൾ ചുരുൾ നിവർത്തി. അതിൽ ഒന്ന് എന്ന് അക്കത്തിൽ എഴുതിയിരുന്നു. 
"ഒന്നാം സമ്മാനം ഇരുപതു രൂപ. അല്ലെങ്കിൽ അതിനുള്ള പാത്രം. മോന് ഏതു വേണം?"
സേവ്യറിന്റെ മനസ്സ് വിജൃംഭിതമായി. 
"എനിക്കു കാശു മതി."
"അതിനു മോൻ ഷോഡതിക്കുള്ള കാശു തന്നില്ലല്ലോ."
വൃദ്ധൻ ക്രൂരവും അർത്ഥ ഗർഭവുമായി ചിരിച്ചു. സേവ്യർ ഇളിഭ്യനായി ചിരിച്ചു. 
"ഒരു ഷോഡതിക്ക് അഞ്ചു രൂപ. മോന് ഒന്നാം സമ്മാനം കിട്ടിയാൽ ഇരുപതു രൂപ കിട്ടും. മോൻ അഞ്ചു രൂപ തന്ന് ഷോഡതി എടുക്ക്. ഇരുപതു രൂപ കിട്ടാനല്ലേ". 
"ഒന്നാം സമ്മാനം കിട്ടീല്ലെങ്കിലോ?" 
 യാഥാർഥ്യ ബോധം സേവ്യറിനെ പിൻവലിച്ചു. 
"കിട്ടും. കാശു തരാതെ മോൻ ഒന്നു കൂടി എടുത്തു നോക്ക്." 
വൃദ്ധൻ ടിൻ വീണ്ടും കുലുക്കി അവന്റെ നേരെ നീട്ടി. സേവ്യർ വീണ്ടും ഒരു ചുരുൾ എടുത്തു. വൃദ്ധൻ അതു വാങ്ങി ചുരുളഴിച്ചു. അതിൽ ഒന്ന് എന്ന് അക്കത്തിൽ എഴുതിയിരുന്നു. 
"ഇപ്പ മനസ്സിലായോ"
സേവ്യറിൽ ശുഭാപ്തിവിശ്വാസം. പോക്കറ്റിൽ നിന്ന് അഞ്ചിന്റെ നോട്ടെടുത്ത് വൃദ്ധനു നീട്ടി. ഇപ്പോൾ തന്നെ ഇരുപത്തിന്റെ നോട്ടു വാങ്ങാമല്ലോ. 
വൃദ്ധൻ ടിൻ എടുത്തു നന്നായി കുലുക്കി. സേവ്യർ കടലാസ്സു ചുരുളെടുത്തു. വൃദ്ധൻ ഗൗരവത്തോടെ കടലാസ് ചുരുൾ നിവർത്തി. അതിൽ ഒന്നും എഴുതിയിരുന്നില്ല. സേവ്യറിന് നിരാശയും സങ്കടവും തോന്നി. 
"മോൻ വിഷമിക്കണ്ട. ഒരെണ്ണം കൂടി എടുക്ക്. മോന് ഒറപ്പായും കിട്ടും."
ചിരിച്ചു പ്രോത്സാഹിപ്പിക്കുമ്പോളും അയ്യാളുടെ കണ്ണുകൾ കെട്ടുകഥകളിലെ രക്തരക്ഷസ്സുകളെ പോലെ ഭീകരമായിരുന്നു. 
ഇനി ആകെയുള്ളത് ഒരു അഞ്ചിന്റെ നോട്ടാണ്. മടിച്ചു മടിച്ച് സേവ്യർ പോക്കറ്റിൽ നിന്ന് ആകെയുള്ള നോട്ടെടുത്തു വൃദ്ധന് നൽകി. സേവ്യർ വർധിച്ച ഹൃദയ മിടിപ്പോടെ വീണ്ടും ചുരുൾഎടുത്തു. വൃദ്ധൻ ഒന്നും എഴുതാത്ത ചുരുൾ നിവൃത്തി. 
"എന്തു ചെയ്യാം. മോനു ഭാഗ്യമില്ല."
സേവ്യർ സ്വയം നഷ്ട്ടപ്പെട്ടവൻ ആയി. അനന്തമായ ഇല്ലായ്മയിൽ അലിഞ്ഞു. അസ്തിത്വത്തിലേക്കു തിരിച്ചു വന്നപ്പോൾ അവനു കീഴെ ഭൂമിയോ തലയ്ക്കു മുകളിൽ ആകാശമോ ചുവന്ന പൂക്കളുള്ള മരങ്ങളോ മുന്നിൽ വൃദ്ധനോ ഉണ്ടായിരുന്നില്ല. വര്ണങ്ങളോ വായുവോ ഉണ്ടായിരുന്നില്ല. 
സാവധാനം അവൻ തന്റെ ലോകത്തിൽ തിരിച്ചു വന്നു. പിന്നിൽ മുനിസിപ്പൽ പാർക്കിന്റെ മതിലും കാലിനു കീഴെ മുനിസിപ്പൽ പാർക്കിന്റെ മതിലും ഉണ്ടായിരുന്നു. അവനെ കൂടാതെ വേറെയും യാത്രക്കാർ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. 
വടക്കു നിന്ന് ഒരു ബസ് ഓടിക്കിതച്ചെത്തി, കവലയിൽ നിന്നു. 
"വരാപ്പുഴ... വരാപ്പുഴ..." ബസ്സിലെ കിളി വിളിച്ചു കൂകി.
കാത്തു നിന്നവരെ കയറ്റി ബാസ്സ് കിഴക്കോട്ട് ഓടി. കവലയിലെ പൊടി ബസ്സിനു പിന്നാലെ പറന്നു. 
കവലയിലെ സൂന്യതയ്ക്ക് അപവാദമായി സേവ്യർ ഒഴിഞ്ഞ പോക്കറ്റുമായി മതിൽ ചാരി നിന്നു. 

പോൾ ഡി. പനക്കൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.