ഉർവ്വശീ ശാപം ഉപകാരം എന്നൊരു ചൊല്ലില്ലേ?
ഏതാണ്ട് അതുപോലെയാണ് മോദിയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ താരിഫ് യുദ്ധം. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ മേലും 10% ചുങ്കം ഏർപ്പെടുത്തി. ഇതിനു പുറമെ ഓരോ രാജ്യവും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള ചുങ്കവും നിയന്ത്രണങ്ങളും കണക്കിലെടുത്ത് വ്യത്യസ്ത തോതിൽ പകരം ചുങ്കവും ഏർപ്പെടുത്തി. കമ്പോഡിയക്കാണ് ഏറ്റവും ഉയർന്ന തോത് 49%, ഇന്ത്യക്ക് 26%വും.
ഏതാണ്ടെല്ലാ രാജ്യങ്ങളും ശക്തമായി പ്രതിക്ഷേധിച്ചിട്ടുണ്ട്. കാനഡയും, ചൈനയും, യൂറോപ്യൻ യൂണിയനും മറ്റും പകരം ചുങ്കം അമേരിക്കയുടെമേൽ ചുമത്തുകയും ചെയ്തു. പക്ഷേ, മോദിയിതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. രോഗി ഇശ്ചിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്. മോദി കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ മേൽ ഇന്ത്യയിലുള്ള ചുങ്കം ഇല്ലാതാക്കാനോ വെട്ടിക്കുറയ്ക്കുവാനോ ഒരവസരം കാത്തിരിക്കുകയായിരുന്നു. എന്തുചെയ്യാം?? ഇന്ത്യയിലെ കൃഷിക്കാർ സമ്മതിച്ചില്ല.
അമേരിക്കയായും, യൂറോപ്യൻ യൂണിയനുമായും, യുകെയുമായും, മറ്റു പല ന്യൂസിലാൻഡുപോലുള്ള രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിന് ചർച്ചകൾ ആരംഭിച്ചിട്ട് നാളേറെയായി. കൃഷിക്കാരിൽ നിന്നുള്ള ശക്തമായ എതിർപ്പുമൂലം തീരുമാനത്തിലെത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ.
എന്തിനാണ് സ്വതന്ത്ര വ്യാപാരക്കരാറിന് മോദി ഇത്രമാത്രം തിടുക്കം കാണിക്കുന്നത്? ഇന്ത്യയിലെ കോർപറേറ്റുകൾക്ക് വ്യവസായങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലാണ് താൽപ്പര്യം. കൃഷിയെ ബലികൊടുക്കേണ്ടിവന്നാലും അവർക്ക് വേവലാതിയില്ല. ആസിയാൻ കരാറിന്റെ കാര്യം നമ്മുക്ക് അറിയാവുന്നതാണല്ലോ? കേരളത്തിന്റെ കാർഷിക മേഖലയെ ആസിയാൻ കരാർ തകർത്തു. പക്ഷെ, ആസിയാൻ പ്രദേശത്തേയ്ക്കുള്ള ഇന്ത്യയുടെ ഐറ്റിയുടെയും മറ്റുസേവനങ്ങളുടെയും കയറ്റുമതി കുത്തനെ ഉയർന്നു.
ലോക വ്യാപാര കരാറിൽ പോലും കാർഷിക മേഖലയ്ക്ക് ഒരു പ്രത്യേക ഇളവ് നൽകിയിരുന്നു. കാരണം, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവന മാർഗ്ഗമാണ് കൃഷി. കാർഷിക മേഖലയുടെ തകർച്ച വലിയ സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കാം. അതുകൊണ്ട് ഓരോ രാജ്യത്തിനും കാർഷിക ഉൽപ്പന്നങ്ങളുടെ മേൽ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് ഉയർത്തി നിശ്ചയിക്കാൻ അനുവാദം നൽകി. പണ്ട് ഇന്ത്യയിലേക്ക് കാർഷിക ഇറക്കുമതി നിരോധിച്ചിരിക്കുകയായിരുന്നു. ഇനി ഇറക്കുമതി ചെയ്യണമെങ്കിൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയേ പറ്റുമായിരുന്നുള്ളു. ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതായി, പക്ഷെ ശരാശരി 110% വരെ നികുതി ചുമത്താനുള്ള അനുവാദമുണ്ട്. ഈ പരമാവധി നിരക്കിനെയാണ് ബൗണ്ട് റേറ്റ് എന്ന് വിളിക്കുന്നത്.
പ്രായോഗികമായി ഈടാക്കുന്ന നിരക്ക് ഇതിലും താഴെ ആയിരിക്കും. പല രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലൂടെ ഇറക്കുമതിയിലുള്ള ചുങ്കനിരക്ക് ഇന്ത്യ കുറച്ചുകൊടുത്തു. അങ്ങനെ ഇന്ന് ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് മേലുള്ള ഇറക്കുമതി ചുങ്കം ശരാശരി 35% ആണ്. ഈ ചുങ്ക നിരക്ക് മറ്റു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ വഴി കുറയ്ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ആണ് മോഡി ശ്രമിച്ചു വന്നത്. നേരത്തെ പറഞ്ഞതുപോലെ കൃഷിക്കാരുടെ സംഘടിതമായ എതിർപ്പുമൂലം ഇതിനു കഴിയുന്നില്ല. ഈ ഊരാക്കുടുക്കിനെ മറികടക്കാൻ ട്രംപിന്റെ വ്യാപാര യുദ്ധം സഹായിക്കും.
കാർഷികമേഖല തുറന്നുകൊടുത്തില്ലെങ്കിൽ രാജ്യത്തുനിന്നുള്ള 20% കയറ്റുമതി തകരും, ട്രംപിന് വഴങ്ങിയേ തീരു അല്ലാതെ മറ്റു മാർഗ്ഗമില്ല. പണ്ട് മൻമോഹൻസിംഗ് പറഞ്ഞതും ഇതുതന്നെ - മറ്റു മാർഗ്ഗമില്ല.! (There Is No Alternative - TINA ). മോദിയും കൂട്ടരും പറയുവാൻ പോവുന്നതും ഇതുതന്നെ ട്രംപിന് വഴങ്ങുകയേ മാർഗ്ഗമുള്ളു.
എന്താണ് പ്രതിവിധി? ഭീഷണിക്ക് വഴങ്ങില്ല എന്ന് ഇന്ത്യയിലെ കൃഷിക്കാർ തീരുമാനിക്കണം. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങണം. ഡൽഹിയിലെ കർഷകസമരത്തിന്റെ ഒരു വലിയ പതിപ്പിന് സമയമായി.
ഡോ.ടി.എം.തോമസ് ഐസക്ക്