നിർജ്ജീവമായ കാലങ്ങളിൽ
ഉടൽജീവൻ മറ്റൊന്നിനും
ആവതില്ലാതെ
ചുരുണ്ടു തുടങ്ങും.
തന്നെക്കൂടി ചേർത്തു
പിടിക്കാത്ത സ്നേഹത്തോട്
ഇനിയും കലഹിച്ചിട്ട്
കാര്യമില്ലെന്ന് ഉരുകും.
നനച്ചു വളർത്തിയ ചെടികളെ
നിലംപറ്റിച്ചെറിയുന്ന
പെരുങ്കാറ്റുകൾ രൂപപ്പെടും
നീയും ഞാനുമെന്ന
വാക്കുകൾക്കപ്പുറം,
സ്നേഹമേ ...
ജീവിച്ചുവെന്നുറപ്പുള്ള
നിമിഷങ്ങൾക്ക്
നീ തന്നെ ശ്വാസമെന്ന്
ഞാനോർത്തു വയ്ക്കും.
ജിഷ രാജു