മറ്റു പല കാര്യങ്ങളിലുമെന്നപോലെ കാര്‍ഷിക മേഖലയിലും ഞാനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം തന്നെയാണ് എന്‍റെ ഭാര്യയ്ക്കും.അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡായിലേക്ക് കഴിഞ്ഞവര്‍ഷം കിടക്കയുമെടുത്ത് നടന്നപ്പോള്‍, വാടിത്തുടങ്ങിയ എന്‍റെ കാര്‍ഷിക മോഹങ്ങള്‍ വീണ്ടും പൂവണിഞ്ഞു.
മറ്റു പല കാര്യങ്ങളിലുമെന്നപോലെ കാര്‍ഷിക മേഖലയിലും ഞാനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം തന്നെയാണ് എന്‍റെ ഭാര്യയ്ക്കും.അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡായിലേക്ക് കഴിഞ്ഞവര്‍ഷം കിടക്കയുമെടുത്ത് നടന്നപ്പോള്‍, വാടിത്തുടങ്ങിയ എന്‍റെ കാര്‍ഷിക മോഹങ്ങള്‍ വീണ്ടും പൂവണിഞ്ഞു.
പോയവര്‍ഷത്തെ കൃഷി, എന്‍റെ ആഗ്രഹത്തോളം വളര്‍ന്നില്ലെങ്കിലും അത് കാലം തെറ്റിയ കന്നിസംരംഭമായതു കൊണ്ട് എനിക്കു വലിയ നിരാശ തോന്നിയില്ല. ശുഭപ്രതീക്ഷയോടെ വിത്തും കൈക്കോട്ടും ഞാന്‍ വീണ്ടും കൈയിലെടുത്തു.
ജനുവരി മാസത്തില്‍ തന്നെ ഞാന്‍ നിലമൊരുക്കി. വിദഗ്ദ്ധരായ മലയാളി കര്‍ഷകരില്‍ നിന്നും ആവശ്യത്തിനുള്ള വിത്തുകളും ആവശ്യത്തിലേറെ ഉപദേശങ്ങളും കിട്ടി. ഒരു ചാന്‍സ് എടുക്കണ്ട എന്നു കരുതി 'പ്ലാന്‍ ബി' പ്രകാരം ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലുമുള്ള എന്‍റെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ പാവയ്ക്കാ, പടവലങ്ങ, വെണ്ടയ്ക്കാ തുടങ്ങിയവയുടെ നാടന്‍ വിത്തുകളും തപാല്‍മാര്‍ഗ്ഗം വരുത്തി.
'നമ്മളു കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ' എന്ന പാട്ടും മൂളിക്കൊണ്ട് വിത്തു വിതറി. ഒരു ബലത്തിന് വേണ്ടി അയലത്തെ സായിപ്പ് കാണാതെ ഒരു ചെങ്കോടിയും നാട്ടി.
എല്ലുപൊടി, മിറക്കിള്‍ ഗ്രോ തുടങ്ങിയ വളങ്ങളും സംഭരിച്ചു. എന്നാല്‍, ഇതി നേക്കാളെല്ലാം മെച്ചം ചാണകപ്പൊടിയാണെന്ന് കാര്‍ഷികരംഗത്ത് മികവ് തെളിയിച്ചിട്ടുള്ള എന്‍റെ യുവസുഹൃത്ത് സജി കരിമ്പന്നൂരിന്‍റെ ഉപദേശം സ്വീകരിച്ച് ഞാന്‍ ചാണകം അന്വേഷിച്ചിറങ്ങി.
ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വയലുകളില്‍ വലിയ യമണ്ടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നതു കണ്ടിട്ടുണ്ട്. എല്ലാത്തിനേയും കയറൂരി വിട്ടിരിക്കയാണ്. അവറ്റകളുടെ പിന്നാലെ ഒരു ബക്കറ്റുമായി നടന്ന് ചാണകം ശേഖരിക്കാമെന്ന് വെച്ചാല്‍ തൊഴി ഉറപ്പ്. ഇനി അഥവാ തൊഴി കിട്ടിയില്ലെങ്കില്‍ത്തന്നെയും 'ഗണ്‍കണ്‍ട്രോള്‍' കാര്യമായി നടപ്പിലാക്കാത്ത ഫ്ളോറിഡയിലെ പശു ഉടമയുടെ വെടി ഉറപ്പ്.
അങ്ങനെയിരുന്നപ്പോഴാണ് ഇവിടെ വന്നു പരിചയപ്പെട്ട സുഹൃത്ത് സുനില്‍ വല്ലാത്തറ, സാധനം 'ഹോം ഡിപ്പോ'യില്‍ അവയിലബിളാണെന്നുള്ള കാര്യം പറഞ്ഞത്.
ഒട്ടും സമയം കളയാതെ ഹോം ഡിപ്പോയിലേക്കു വെച്ചുപിടിച്ചു. അവിടെ ചെന്നപ്പോഴാണ് 'ചാണകം' എന്നതിന്‍റെ ഇംഗ്ലീഷ് വാക്ക് എനിക്കറിയില്ല എന്ന ബോധം ഉണ്ടായത്.
Cow fertilizer, cow compost തുടങ്ങിയ വാക്കുകളൊക്കെ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല. പശുവിന്‍റെ വിസര്‍ജ്ജനത്തിനാണല്ലോ ചാണകം എന്നു പറയുന്നത്. ആ വഴിയിലൊന്നു പരീക്ഷിച്ചാലോ എന്നു തോന്നി.
തേടിയ വള്ളി കാലില്‍ ചുറ്റിയെന്നു പറഞ്ഞപോലെ, കാണാനഴകുള്ള ഒരു കറമ്പി സെയില്‍സ് ഗേള്‍ അതുവഴി വന്നു.
May I help you? എന്തൊരു വിനയം! ഞാനൊന്നു പരുങ്ങി. അപ്പോഴാണ് അവരുടെ പിന്‍ഭാഗം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പത്ത് 'ഹണിറോസുമാര്‍' ഒരുമിച്ചു നിന്നാല്‍ പോലും അവളുടെ ഏഴയലത്ത് വരില്ല.
കേരളത്തിലായിരുന്നെങ്കില്‍ സ്വര്‍ണ്ണക്കടയുടെയും തുണിക്കടകളുടെയും ഉദ്ഘാടനത്തിനു പോയി ഇവള്‍ക്ക് കോടികള്‍ സമ്പാദിക്കാമായിരുന്നല്ലോ എന്നു മനസ്സില്‍ പറഞ്ഞു.
""I need cow...''?
""What?'' അവളുടെ പിന്‍ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് "I need cow shit.''
അതിനു കിട്ടിയ മറുപടി കേട്ട്, മരിച്ചുപോയ എന്‍റെ മാതാപിതാക്കളുടെ ആത്മാക്കള്‍ പോലും എന്നെ ശപിച്ചുകാണും.
അതിനിടയില്‍ എന്‍റെ കൃഷിമോഹം അറിഞ്ഞ ഒരു സുഹൃത്ത് ഒരു കപ്പത്തണ്ടും വാഴവിത്തും സമ്മാനിച്ചു.
"നല്ല ഒന്നാന്തരം കപ്പയാ. പുഴുങ്ങിത്തിന്നാല്‍ നല്ല ഏത്തയ്ക്കായുടെ രുചിയാ." തന്‍റെ കപ്പയുടെ മാഹാത്മ്യത്തെ അയാള്‍ വര്‍ണ്ണിച്ചു.
"എന്നാല്‍പ്പിന്നെ ഇത്ര കഷ്ടപ്പെടാതെ, ഏത്തയ്ക്കാ വാങ്ങി കഴിച്ചാല്‍ പോരേ?" എന്ന് ഞാന്‍ ചോദിച്ചത് അയാക്കത്ര പിടിച്ചില്ല.
പാവലും പടവലവും മുളയ്ക്കുന്നതിനു മുമ്പുതന്നെ അവര്‍ക്ക് പടര്‍ന്നു പന്തലിക്കുവാന്‍ വേണ്ടി എന്‍റെ ആരോഗ്യപരിമിതിയില്‍ നിന്നുകൊണ്ട് ഞാനൊരു 'സോമാലിയന്‍' പന്തലൊരുക്കി.
ഞാന്‍ കൃഷിയിറക്കിയ മാര്‍ച്ച് മുതല്‍ ഇതുവരെ ഈ പ്രദേശത്ത് ഒരു തുള്ളി മഴ പെയ്തിട്ടില്ല.
ഏതായാലും നനഞ്ഞിറങ്ങി. രാവിലെയും വൈകിട്ടും ചിലപ്പോള്‍ നട്ടുച്ചയ്ക്കും ചെടിക്കു വെള്ളമൊഴിച്ചു.
"ഉച്ചസമയത്ത് ചെടിക്ക് വെള്ളമൊഴിക്കരുത്" ഭാര്യയുടെ ഉപദേശം.
"അതെന്താ?"
"സൂര്യപ്രകാശത്തിലല്ലേ ചെടികള്‍ ഭക്ഷണം പാകം ചെയ്യുന്നത്. ആ സമയത്ത് വെള്ളം ഒഴിച്ചാല്‍ ചെടികള്‍ വാടിപ്പോകും."
"പിന്നെ. ഉച്ചസമയത്ത് ചെടികള്‍ പൊറോട്ടയടിക്കുകയല്ലേ? ഒന്നു കേറിപ്പോടി." ഭാര്യയുടെ ഉപദേശം ഞാന്‍ ചവറ്റുകുട്ടയിലെറിഞ്ഞു.
ഒരു ദിവസം രാവിലെ സുഹൃത്ത് സണ്ണി കോന്നിയൂര്‍ ന്യൂയോര്‍ക്കില്‍ നിന്നും വിളിച്ചു.
"രാവിലെ എന്താ പരിപാടി?" പതിവ് കുശലാന്വേഷണം.
"വെള്ളമടിക്കുകയാ.."
"എന്‍റെ പൊന്നളിയാ അതിരാവിലെ തുടങ്ങിയോ? കൂമ്പു വാടിപ്പോകും."
ചെടിക്കു വെള്ളമടിച്ചുകൊണ്ടിരുന്ന എന്‍റെ മറുപടി ദുര്‍വ്യാഖ്യാനിക്കപ്പെട്ടു.
ഇതിനിടയില്‍ ഒന്നുരണ്ടു ഉണക്ക വെണ്ടയ്ക്കായുടെയും രണ്ട്മൂന്ന് മുന്തിരിങ്ങാ വലിപ്പത്തിലുള്ള തക്കാളിയുടെയും ഒരു ഫോട്ടോ എടുത്ത് 'എന്‍റെ ഭര്‍ത്താവിന്‍റെ കൃഷി' എന്ന ക്യാപ്ഷനോടു കൂടി ഫേസ്ബുക്കില്‍, ഞാനറിയാതെ ഭാര്യ പോസ്റ്റ് ചെയ്തു.
അതിനടിയില്‍ ചില സാമൂഹികവിരുദ്ധര്‍ അശ്ലീല കമന്‍റുകള്‍ ഇട്ടു.
വാഴത്തൈ തന്നവന്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ വിളി തുടങ്ങി. വാഴ കിളിച്ചോ, കുലച്ചോ തുടങ്ങിയ ചോദ്യങ്ങള്‍. അയാള്‍ വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ നിരാശ കലര്‍ന്ന അരിശത്തില്‍ പറഞ്ഞു:
"വാഴ കുലച്ചു
കുറച്ചു പഴുപ്പിച്ചു
കുറേ പുഴുങ്ങി.
ബാക്കിയുള്ളത് വറുത്ത് ഉപ്പേരിയാക്കി വെച്ചിരിക്കുകയാ, ഓണസദ്യയ്ക്കു വിളമ്പുവാന്‍..."
അതോടുകൂടി ആ സുഹൃദ്ബന്ധത്തിനു തിരശ്ശീല വീണു.
"കണ്ണീരോടെ വിതയ്ക്കുന്നവന്‍ ആര്‍ഷോടെ കൊയ്യും" എന്നാണ് തിരുവചനമെങ്കിലും ഞാന്‍ ആര്‍ഷോടെ വിതച്ചത് കണ്ണീരോടെ പിഴുതുകളഞ്ഞു.
മതി മക്കളെ മതി.
ഇനി ഈ പണിക്കു ഞാനില്ല. ഓരോരുത്തര്‍ക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നാല്‍ പണി കിട്ടും!
രാജു മൈലപ്ര