ഭയപ്പെടുത്തുന്ന രൂപമുള്ള ജെ.സി.ബി.യുടെ വിരൂപമായ യന്ത്രക്കൈ തന്‍റെ തറവാട്ടുവീടിന്‍റെ ചുമരുകള്‍ മാന്തിപ്പറിക്കുന്നത് കുഞ്ഞുമോന്‍ വേദനയോടെ നോക്കിനിന്നു. ഉണങ്ങിപ്പോയ ചാമ്പമരത്തില്‍ പിടിച്ചുകൊണ്ട് തന്‍റെ തറവാട് വീട് പൊളിഞ്ഞു വീഴുന്നത് കാണുമ്പോള്‍ കുഞ്ഞുമോന്‍റെ മനസ്സില്‍ നാല്പത് കൊല്ലം മുമ്പ് താന്‍ യാത്രപറഞ്ഞിറങ്ങിപ്പോയ ആ ഭവനത്തോടും ഓടിക്കളിച്ച വിസ്തൃതമായ പറമ്പുകളോടും തോന്നുന്ന ആത്മബന്ധത്തിന്‍റെ നൊമ്പരപ്പൂക്കള്‍ ഓരോന്നായി വിടരുകയായി. അഞ്ചു തലമുറകളിലെ കാരണവന്മാരും മാതാപിതാക്കളും ജനിച്ചു വളര്‍ന്ന് ഒട്ടേറെ ഓര്‍മ്മകള്‍ പങ്കുവച്ചുപോയ കുരീക്കാട്ട് പറമ്പില്‍ വീട്. മുന്നൂറ് വര്‍ഷത്തിലേറെക്കാലത്തെ സ്മരണകളിരമ്പുന്ന തറവാട്. പ്രതാപിയായ കുരീക്കാട്ട് പറമ്പിലെ മാണി അപ്പൂപ്പന്‍ പണിയിച്ച അറയും നിരയുമുള്ള അക്കാലത്തെ മാളികവീട്. അവിടെനിന്ന് പിരിഞ്ഞുപോയ മക്കളും കൊച്ചുമക്കളുമൊക്കെ 'വലിയ വീട്ടിലെ' ഓര്‍മ്മകള്‍ ഇന്നും പങ്കുവയ്ക്കുന്നുണ്ട്. മീനച്ചിലാറിന്‍റെ തീരംമുതല്‍ വടക്കോട്ട് നീണ്ടുപരന്നു കിടക്കുന്ന രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള കരഭൂമിയും പാടശേഖരങ്ങളും തോടുകളും കുളങ്ങളുമുള്ള വിസ്തൃതമായ കൃഷിയിടങ്ങളുടെ ഉടമ. കൃഷിയില്‍ സഹായിക്കാനായി കര്‍ഷകത്തൊഴിലാളികളായ അടിയാന്മാരുടെ സംഘത്തെ പല തുരുത്തുകളില്‍ താമസിപ്പിച്ചിരിക്കുന്നു. മാണിയപ്പൂപ്പനും ചാച്ചിയമ്മൂമ്മയും നാള്‍ഫലമായിപ്പോലും അപൂര്‍വ്വ പൊരുത്തമുള്ള ദമ്പതികളായിരുന്നു. അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളും അടങ്ങുന്ന സന്താനസൗഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ദമ്പതികള്‍. ആറടിയിലധികം ഉയരവും ആജാനബാഹുക്കളുമായ അഞ്ച് ആണ്‍മക്കളുടെ നിരന്നുള്ള നില്പ് ആ കരക്കാര്‍ക്കുതന്നെ ആദരവുള്ള ഒരു കാഴ്ചയായിരുന്നു. കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന മാണി അപ്പൂപ്പന്‍ ഈ കരയിലെ മുടിചൂടാമന്നന്‍. എന്‍റെ വല്യപ്പച്ചന്‍റെ അപ്പനായ മാണിയപ്പൂപ്പന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എത്ര വയസ്സുണ്ടാകുമായിരുന്നു. കുഞ്ഞുമോന്‍ ആലോചിച്ചു. 300 വയസ്സിനടുത്ത് കാണുമായിരുന്നിരിക്കാം. ആ വല്യപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കുഞ്ഞുമക്കള്‍ ഇന്ന് ഏതെല്ലാം രാജ്യങ്ങളിലാണ് താമസിക്കുന്നത്. ചിന്തകളുടെ ചക്രവാളങ്ങള്‍ നിറഞ്ഞ മനസ്സോടെ കുഞ്ഞുമോന്‍ അവിടെ പൊളിഞ്ഞു വീഴുന്ന തറവാട്ട് വീടിനെ നോക്കിനിന്നു.
നടന്നു നടന്ന് കന്നുകാലിക്കൂടിരിക്കുന്ന ഭാഗത്തേയ്ക്ക് അടുത്തുചെന്നു. വിശാലമായ തൊഴുത്ത്. ഇവിടെ എത്രയോ പശുക്കളെയും കാളകളെയും വളര്‍ത്തിയിരുന്ന ഇടമായിരുന്നു. ട്രാക്ടര്‍ ഇല്ലാതിരുന്ന ആ കാലത്ത് കാളകളെ പൂട്ടിയാണ് നിലം ഉഴുതിരുന്നത്. തൊഴുത്തിന്‍റെ മുകളില്‍ കലപ്പകളും ഞൗരികളും തൂക്കിയിട്ടിരിക്കുന്നു. തുരുമ്പുപിടിച്ച ഇരുമ്പായുധങ്ങളുടെ ശേഖരം. എന്‍റെ ബാല്യകാലത്തും ഈ തൊഴുത്തില്‍ പശുക്കളുണ്ടായിരുന്നു. തൊഴുത്തും ചാണകക്കുഴിയും കൃഷിക്കാരന്‍റെ അവിഭാജ്യഘടകങ്ങളായിരുന്നു. രാവിലെ പശുക്കളെ കറന്ന് പാലെടുത്ത് എല്ലാവരും കാപ്പി കുടിക്കുന്ന രംഗം. പശുവിനെ കറക്കാനും കാപ്പിയുണ്ടാക്കാനും എല്ലാം അപ്പച്ചന്‍തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. അമ്മ ഒരു സഹകാരിയായി അങ്ങനെ നില്ക്കും. അന്ന് വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഒരു പാത്രം കാപ്പി സാധാരണമായിരുന്നു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ വെറുതെ നില്ക്കുന്ന കാലം. ചേട്ടന്മാരൊക്കെ ജോലിക്കായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കുടിയേറിയ സമയം. ഏഡന്‍, സാംബിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു അന്നത്തെ കുടിയേറ്റം. വാര്‍ദ്ധക്യത്തില്‍ എത്തിയ അപ്പച്ചനും അമ്മച്ചിക്കും താനാണ് സഹായി. രാവിലെ കാപ്പികുടി കഴിഞ്ഞ് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അപ്പച്ചന്‍ ഉറക്കെ ചോദിക്കും "പശുക്കളെ ഇറക്കി കെട്ടിയോടാ?" താന്‍ മിണ്ടാതെ നില്ക്കുമ്പോള്‍ അപ്പച്ചന്‍ ആക്രോശിക്കും. "പശുക്കളെ ഇറക്കി കെട്ടിയിട്ട് ചാണകം വാരി തൊഴുത്ത് വൃത്തിയാക്കിയിട്ട് വാടാ." മനസ്സില്ലാമനസ്സോടെ താന്‍ പോയി പശുക്കളെ പടിഞ്ഞാറെ പറമ്പിലേക്ക് ഇറക്കിക്കെട്ടും. ചാണകം വാരി തൊഴുത്ത് വൃത്തിയാക്കി വീടിന്‍റെ പിന്നാമ്പുറത്തിരുന്ന് വീണ്ടും പത്രവായന തുടരും. രാവിലത്തെ ഒരു മയക്കം കഴിഞ്ഞ് ഉച്ചയ്ക്ക് ഊണിനു മുന്‍പായി അപ്പച്ചന്‍ മുറ്റത്തൂടെ ഒരു നടപ്പുണ്ട്. എന്നെ കാണുമ്പോള്‍ ഉടനെ ഒരു ചോദ്യമാണ് "പശുക്കളെ മാറ്റിക്കെട്ടിയോടാ?" മനസ്സില്ലാമനസ്സോടെ ഞാന്‍ വീണ്ടും പോയി പശുക്കളെ മാറ്റിക്കെട്ടിയിട്ട് ഊണും കഴിഞ്ഞ് പതുക്കെ ഒന്നു മയങ്ങാന്‍ കിടക്കും. മൂന്നുമണി ആകുമ്പോള്‍ അപ്പച്ചന്‍റെ അടുത്ത ചോദ്യം കേള്‍ക്കാം. "കുഞ്ഞുമോനെ പശുക്കളെ കേറ്റിക്കെട്ടെടാ. എന്നിട്ട് വന്ന് കാപ്പികുടിക്ക്." ചേട്ടന്‍മാര്‍ അവധിക്ക് വരുമ്പോള്‍ പശുക്കളുമായുള്ള എന്‍റെ മല്‍പ്പിടിത്തം കണ്ടിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറയും "ഇറക്കിക്കെട്ടും മാറ്റിക്കെട്ടും കയറ്റിക്കെട്ടും മടുത്തിട്ടാണ് ഞങ്ങള്‍ ആഫ്രിക്കക്ക് പോയത്. നീയും എവിടെയെങ്കിലും പോയി രക്ഷപെടാന്‍ നോക്ക്." പ്രായത്തില്‍ തന്നെക്കാള്‍ വളരെ വ്യത്യാസമുള്ള അവരെ നോക്കി കുഞ്ഞുമോന്‍ ദയനീയമായി ചിരിച്ചുകൊണ്ട് മനസ്സില്‍ പറയും: "ഇങ്ങനെ പറയുന്നതല്ലാതെ നിങ്ങളാരും എന്നെക്കൊണ്ടുപോയി രക്ഷപ്പെടുത്തുന്നില്ലല്ലോ."
വീണ്ടും നടന്ന് കുഞ്ഞുമോന്‍ തൊഴുത്തിന് പുറകിലുള്ള തെങ്ങിന്‍ചുവട്ടിലെത്തി. നിറയെ കായ്ഫലമുണ്ടായിരുന്ന തെങ്ങ് ഇപ്പോള്‍ കൊന്നത്തെങ്ങായി നില്ക്കുന്നു. പള്ളിയില്‍ വൈകുന്നേരങ്ങളില്‍ ബാറ്റ് കളിക്കാന്‍ പോയിരുന്ന കാര്യം കുഞ്ഞുമോന്‍ ഓര്‍ത്തു. ചെറുപ്പക്കാരനായ വാഴേലച്ചന്‍ വികാരിയായി വന്നതുമുതലാണ് പള്ളിയില്‍ ഷട്ടിലുകളി ആരംഭിച്ചത്. ചേട്ടന്മാരില്‍നിന്നൊക്കെ കിട്ടിയ പോക്കറ്റ്മണി ഉപയോഗിച്ച് താനും ഒരു ബാറ്റ് വാങ്ങിച്ചു. മിക്കവാറും എല്ലാ സായാഹ്നങ്ങളിലും സമപ്രായക്കാരായ കൂട്ടുകാര്‍ ഒത്തുകൂടി സന്ധ്യ ആകുന്നതുവരെ ബാറ്റ് കളിക്കും. രസികനായ വാഴേലച്ചനും ഞങ്ങളുടെ കൂടെ കളിക്കാന്‍ കൂടും. ഞങ്ങളെയെല്ലാം വാഴേലച്ചന്‍ ഗായകസംഘത്തില്‍ചേര്‍ത്ത് പാട്ടുകാരാക്കി. ഹാര്‍മോണിയത്തില്‍ അല്പം പരിശീലനം നേടിയിരുന്നതുകൊണ്ട് താന്‍ ഗായകസംഘത്തിന്‍റെ മുഖ്യഘടകമായി മാറി. നെല്ലു കുത്തിക്കാന്‍ കൂടെ പോകണമെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അപ്പച്ചനും അമ്മയും ഒരു കല്യാണത്തിന് പോയ കാര്യം കുഞ്ഞുമോന്‍ ഓര്‍ത്തു. നെല്ലുകുത്തിക്കാന്‍ ആളു വന്നതുമില്ല; താനൊട്ട് പോയതുമില്ല. വൈകുന്നേരം പണിക്കാരിയായ കുഞ്ഞിക്കായെ വീട് ഏല്പിച്ച് താന്‍ പതിവുപോലെ ബാറ്റുമായി കളിക്കാന്‍ പോയി. കളി കഴിഞ്ഞ് വരുമ്പോള്‍ മുറ്റത്ത് കലിതുള്ളി നില്ക്കുന്ന അപ്പച്ചനെയാണ് കണ്ടത്. "കുരുത്തംകെട്ടവനേ! അനുസരണയില്ലാത്തവനേ! നിന്‍റെ ബാറ്റുകളി ഇന്നു ഞാന്‍ നിര്‍ത്തും."
ഒന്നും വിശദീകരിക്കാനാകുന്നതിന് മുമ്പുതന്നെ അപ്പച്ചന്‍ ബാറ്റ് വാങ്ങി ചവിട്ടി ഒടിച്ചു. ഈ തെങ്ങിന്‍ ചുവട്ടിലാണ് ആ ബാറ്റിന്‍റെ മുറിക്കഷണങ്ങള്‍ കൊണ്ടിട്ടത്. അത്താഴംപോലും കഴിക്കാതെ താന്‍ ആ ഇരുട്ടില്‍ തെങ്ങിന്‍ ചുവട്ടില്‍ കുത്തിയിരുന്ന കാര്യം കുഞ്ഞുമോന്‍ ഓര്‍ത്തു. പിന്നെ അമ്മ വന്ന് കെട്ടിപ്പിടിച്ച് "നിനക്ക് ഞാനൊരു ബാറ്റ് വാങ്ങിത്തരാം" എന്നു പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ തെങ്ങ് കാണുമ്പോഴൊക്കെ ആ മഞ്ഞനിറത്തിലുള്ള ബാറ്റിന്‍റെ ഓര്‍മ്മ എന്നെ വേട്ടയാടുന്നു. തെങ്ങിന്‍ചുവട്ടിനപ്പുറത്തുള്ള പുല്‍മേട്ടില്‍ ചീട്ടുകളിച്ചിരുന്ന നാല്‍വര്‍സംഘത്തേയും കുഞ്ഞുമോന്‍ ഓര്‍ത്തു. സിബി, റോയി, മാത്യു, മോന്‍...ഇവരൊക്കെ പലവഴിക്ക് പിരിഞ്ഞുപോയിരിക്കുന്നു.
പറമ്പിന്‍റെ കിഴക്കുവശത്ത് പരന്നുകിടക്കുന്ന കൃഷിയില്ലാത്ത വയലുകളിലാണ് ഞങ്ങള്‍ പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നത്. ബാറ്റിനുപകരം ആദ്യം കവളന്‍ മടലാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ഞങ്ങള്‍ പിരിവെടുത്ത് ഒരു ബാറ്റ് വാങ്ങി. ആ കൂട്ടുകാരും ഇപ്പോള്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു. അനുപമ തീയറ്ററിലെ സിനിമകള്‍...ബസ്റ്റോട്ടലിലെ ചിക്കന്‍ ബിരിയാണി...തന്തൂര്‍ റസ്റ്റോറന്‍റിലെ പൊറോട്ടയും ചില്ലി ചിക്കനും...കോഫിഹൗസിലെ മസാലദോശ...എല്ലാം ഒരു കാലത്തിന്‍റെ ഓര്‍മ്മകളായി മനസ്സില്‍ മിന്നിമറയുന്നു. പ്രണയങ്ങളും പ്രണയലേഖനങ്ങളും നഷ്ടപ്രതാപത്തിന്‍റെ സ്മാരകങ്ങളായി മനസ്സില്‍ നില്ക്കുന്നു.
പിന്നെ, അമേരിക്കന്‍ സുന്ദരിയായ മിനിയുടെ കൈപിടിച്ച് ഷിക്കാഗോയിലേക്കൊരു കൂടുമാറ്റം. താഴത്തുവീട്ടിലെ സാബുവും പുത്തന്‍പറമ്പിലെ ജോണിയും കല്യാണം നടത്താന്‍ എന്‍റെ കൂടെനിന്നു. ആഫ്രിക്കയിലായിരുന്നതുകൊണ്ട് സഹോദരന്മാര്‍ക്കാര്‍ക്കും വരാന്‍ സാധിച്ചില്ല. താഴത്തുവീട്ടിലെ സാബുവിന്‍റെ ചേതക്ക് സ്കൂട്ടറിലിരുന്നാണ് ഞാന്‍ പെണ്ണുകാണാന്‍ പോയത്. അരമനപള്ളിയില്‍ കല്യാണം. മാമ്മന്‍മാപ്പിള ഹാളില്‍ വിവാഹ സല്‍ക്കാരം. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും മരണശേഷം തറവാട്ടുവീട് അനാഥമായി. വീടും പറമ്പും വില്ക്കുവാന്‍ സഹോദരന്മാരുടെ നിര്‍ബന്ധം എനിക്ക് എന്നും ഒരു സംഘര്‍ഷമായിരുന്നു. തലമുറകളുടെ സ്വപ്നങ്ങളും കഥകളും മോഹഭംഗങ്ങളും അധ്വാനമഹിമകളും ഒക്കെ നിറഞ്ഞു നില്ക്കുന്ന ഈ തറവാട്ടുവീട്; തന്‍റെ ബാല്യ കൗമാര യൗവനങ്ങള്‍ നിറഞ്ഞുനിന്ന സ്വപ്നവീട്. ഇപ്പോള്‍ അതിടിഞ്ഞു വീഴുകയാണ്. സമീപത്തുള്ള പറമ്പിലെല്ലാം പുല്ല് വളര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. മിനിക്കും മക്കള്‍ക്കും ഇങ്ങോട്ടു വരാന്‍തന്നെ താല്പര്യമില്ല. സഹോദരങ്ങള്‍ നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. തന്‍റെ ജന്മസ്ഥലം തനിക്കനാഥമാകുകയാണ്. 'വില്പനക്കായി പത്രത്തില്‍ പരസ്യം ചെയ്യാം.' അടുത്ത വരവിന് താനത് വിറ്റൊഴിഞ്ഞ് പോകുമ്പോള്‍ തന്‍റെ വേരുകള്‍ പിഴുതെറിയപ്പെട്ടേക്കാം. സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റം കഴിഞ്ഞ് നിര്‍വ്വികാരനായി കുരീക്കാട്ടുപറമ്പില്‍ കുഞ്ഞുമോന്‍ തറവാട്ട് പറമ്പുകള്‍ പിന്നിട്ട് വഴിയിലേക്കിറങ്ങി.
.jpg)
പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

